വി.ഡി സതീശന് എതിരായ കേസ്; വിജിലൻസ് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചു

വി.ഡി സതീശനെതിരായ കേസിൽ വിജിലൻസ് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചു. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2 എസ് പി.വി അജയ കുമാറിനാണ് അന്വേഷണ ചുമതല. ഡി.വൈ.എസ്.പി സലീംകുമാർ, സി.ഐമാരായ മനോജ് ചന്ദ്രൻ,അനൂപ് ചന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്. (vd satheesan case vigilance)
പുനർജനി പദ്ധതിക്ക് വിദേശസഹായം സ്വീകരിച്ചു എന്ന പരാതിയിലാണ് നടപടി. എഫ്‌സിആർഐ നിയമത്തിന്റെ ലംഘനം നടത്തിയോ എന്നാകും വിജിലൻസ് അന്വേഷിക്കുക. കാതിക്കുടം ആക്ഷൻ കൗൺസിൽ നൽകിയ പരാതിയിലാണ് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. അന്വേഷണം നടത്തുന്നതിൽ നിയമോപദേശം ഉൾപ്പെടെ തേടിയ ശേഷമാണ് സർക്കാർ നടപടി.
Read Also: https://www.twentyfournews.com/2023/06/14/v-d-satheeshan-against-kerala-police-3.html
2018ലെ പ്രളയത്തിന് ശേഷം പുനർജനി പദ്ധതിയിലൂടെ പറവൂരിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ പുനർനിർമിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ പറവൂർ എംഎൽഎയായ വി ഡി സതീശൻ നടത്തിയിരുന്നു. ഈ പദ്ധതിയ്ക്ക് വേണ്ടി ചട്ടങ്ങൾ ലംഘിച്ച് വിദേശത്തുനിന്നും പണം സ്വീകരിച്ചെന്നാണ് പരാതി. വിദേശയാത്രയിലെ പണപ്പിരിവ്, വിദേശത്തുനിന്ന് പണം സ്വീകരിക്കൽ മുതലായവയാണ് പ്രതിപക്ഷ നേതാവിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ.
വി ഡി സതീശന്റെ വിദേശയാത്ര നിയമാനുസൃതമായിരുന്നോ എന്നും വിദേശയാത്രയിൽ പണപ്പിരിവ് നടത്തിയിരുന്നോ എന്നും പണപ്പിരിവ് നടത്തിയെങ്കിൽ അതിന്റെ വിനിയോഗം നിയമാനുസൃതമായിരുന്നോ മുതലായ കാര്യങ്ങളാണ് വിജിലൻസ് പ്രാഥമികമായി അന്വേഷിക്കുക. ഇതിൽ സ്‌പെഷ്യൽ യൂണിറ്റ് രഹസ്യാന്വേഷണം ഉൾപ്പെടെ മുൻപ് നടത്തിയിരുന്നെങ്കിലും വിഷയത്തിൽ നിയമോപദേശം തേടിയ ശേഷമാണ് വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
അന്വേഷണം നടത്താൻ തീരുമാനിച്ചതോടെ സംസ്ഥാന സർക്കാരിനും കേരള പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി വിഡി സതീശൻ രംഗത്തുവന്നു. പൊലീസിന്റെ വിശ്വാസ്യത ഇത്രമാത്രം തകർന്നൊരു കാലമുണ്ടായിട്ടില്ല. യഥാർത്ഥ കുറ്റവാളികൾക്ക് പൊലീസ് കുടപിടിച്ച് കൊടുക്കുകയാണ്. പ്രതികളെല്ലാം നടുറോഡിൽ കയ്യും വീശി നടക്കുമ്പോൾ കൈകാലുകളിൽ കൂച്ചുവിലങ്ങിട്ട് ലോക്കപ്പിലാണ് കേരള പൊലീസെന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഒഫീസിൽ നിന്നും സിപിഐഎം നേതാക്കളിൽ നിന്നും തിട്ടൂരം വാങ്ങി ജോലി ചെയ്യുന്നവരായി കേരള പൊലീസ് അധഃപതിച്ചു. ഏഴു വർഷങ്ങൾക്കു മുമ്പ് ക്രമസമാധാന പാലനത്തിലും കാര്യക്ഷമതയിലും ലോകത്തിനു മാതൃകയായിരുന്നു കേരള പൊലീസ്. എന്നാൽ ഇന്ന് പൊലീസ് സേന അടിമുടി അടിമവത്ക്കരിക്കപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.
Story Highlights: vd satheesan case vigilance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here