Advertisement

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്നത് കടുത്ത പീഡനങ്ങള്‍; കെ. സുധാകരന്‍

June 15, 2023
Google News 2 minutes Read
K Sudhakaran slams BJP ruled states for harassment of Christians

ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരേ നടക്കുന്ന കടുത്ത പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പ്രധാനമന്ത്രിക്ക് കത്തുനൽകി.

ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന ക്രൈസ്തവ വേട്ടയെ കുറിച്ച് പഠിക്കാന്‍ കെപിസിസി നിയോഗിച്ചത് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. അനില്‍ തോമസിനെയാണ്. യുപിയിലെ അംബേദ്കര്‍ നഗര്‍, ഫത്തേപൂര്‍ എന്നീ ജില്ലാ ജയിലുകളില്‍ അടക്കപ്പെട്ട അഞ്ച് മലയാളി പാസ്റ്റര്‍മാരില്‍ പത്തനംതിട്ട സ്വദേശി പാസ്റ്റര്‍ ജോസ് പാപ്പച്ചനെയും ഭാര്യ ഷീജയേയും തിരുവനന്തപുരം കൊടിക്കുന്നില്‍ സ്വദേശി പാസ്റ്റര്‍ ജോസ്പ്രകാശിനെയും സന്ദര്‍ശിച്ചാണ് അദ്ദേഹം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വ്യാജക്കേസില്‍ കുടുക്കി ജയിലിലടയ്ക്കപ്പെട്ട ഇവര്‍ക്ക് മാസങ്ങളായി ജാമ്യം എടുക്കാനാകുന്നില്ല. ജയിലുകളില്‍ നരകയാതനയാണ്. ഞെട്ടിപ്പിക്കുന്ന കേരള സ്റ്റോറിയാണ് റിപ്പോര്‍ട്ടില്‍ കാണാനായതെന്ന് സുധാകരന്‍ പറഞ്ഞു.

മതപരിവര്‍ത്തനവും മറ്റ് അനുബന്ധകുറ്റങ്ങളും ചുമത്തി മലയാളികള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകളെ യുപിയിലെ ജയിലുകളില്‍ അടച്ചിരിക്കുകയാണ്. യു.പിയിലെ വിവിധപ്രദേശങ്ങളില്‍ സാമൂഹ്യസേവനവും പ്രേഷിത പ്രവര്‍ത്തനവും നടത്തി വര്‍ഷങ്ങളായി താമസിക്കുന്നവരാണിവര്‍. ഇവരുടെ സ്ഥാപനങ്ങളും പള്ളികളും സ്‌കൂളുകളും ആക്രമണത്തിന് ഇരയാകുകയും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയും ചെയ്യുന്നു. മതപരിവര്‍ത്തന നിരോധന നിയമം ദുരുപയോഗം ചെയ്ത് സംഘപരിവാര്‍ നേതാക്കള്‍ നല്കിയ പരാതികളിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മതപരിവര്‍ത്തനം നടത്തിയ വ്യക്തിയോ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളോ പരാതിപ്പെട്ടാല്‍ മാത്രമെ നടപടി പാടുള്ളുയെന്ന വ്യവസ്ഥ ലംഘിച്ചാണ് നടപടി. 2022 ജൂലൈ മുതല്‍ വിവിധ ജയിലുകളില്‍ കഴിയുന്ന പാസ്റ്റര്‍മാരുടെ ജാമ്യാപേക്ഷകള്‍ തീര്‍പ്പാകാതെ ലക്നോ ബഞ്ചില്‍ കിടക്കുകയാണ്.

ഉത്തര്‍പ്രദേശില്‍ മലയാളികളായ ക്രൈസ്തവ പാസ്റ്റര്‍മാരെയും കുടുംബാംഗങ്ങളെയും വ്യാജ മതപരിവര്‍ത്തന കേസുകളില്‍ കുടുക്കി മാസങ്ങളായി ജയിലിലടച്ചിരിക്കുന്ന വിഷയത്തില്‍ കെ.പി.സി.സി ഇടപെടണമെന്ന് പെന്തകോസ്ത് സംഘടനകള്‍ അഭ്യര്‍ത്ഥിച്ചതിനെ തുര്‍ന്നാണ് കെപിസിസി വസ്തുതകള്‍ പഠിക്കാന്‍ തീരുമാനിച്ചത്.

ജയിലില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായവും അവരുടെ കുടുംബങ്ങള്‍ക്ക് സംരക്ഷണവും ഉറപ്പാക്കാന്‍ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയോട് കെ.പി.സി.സി. അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ജയിലില്‍ കഴിയുന്ന നിരപരാധികളുടെ മോചനത്തിന് ആവശ്യമായ നിയമസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കെ.പി.സി.സി. പിന്തുണ നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു.

Story Highlights: K Sudhakaran slams BJP ruled states for harassment of Christians

.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here