തമിഴ്‌നാട്ടിൽ 500 മദ്യശാലകൾ നാളെ പൂട്ടും

തമിഴ്‌നാട്ടിൽ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 500 മദ്യശാലകൾ നാളെ പൂട്ടും. സംസ്ഥാനത്തുടനീളമുള്ള 5,329 ചില്ലറ മദ്യശാലകളിൽ 500 എണ്ണം പൂട്ടാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഘട്ടംഘട്ടമായി മദ്യശാലകൾ അടച്ചുപൂട്ടാനുള്ള സർക്കാർ നയത്തിന് തുടക്കമിട്ടാണ് നടപടി. തെരഞ്ഞെടുത്ത 500 ഔട്ട്‌ലറ്റുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കില്ലെന്ന് തമിഴ്‌നാട് സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന് വ്യക്തമാക്കി.
എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത് ഹൃദ്രോഗത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി വി സെന്തിൽ ബാലാജിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം സഭയിൽ നടത്തിയത്. സംസ്ഥാനത്തുടനീളമുള്ള 5,329 ചില്ലറ മദ്യവിൽപ്പനശാലകളിൽ 500 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടുമെന്ന് അദ്ദേഹം ഏപ്രിൽ 12 ന് സംസ്ഥാന നിയമസഭയിൽ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഏപ്രില്‍ 20 നാണ് പുറത്തിറങ്ങിയത്.
നേരത്തെ പ്രതിപക്ഷമായ പട്ടാളി മക്കൾ പാർട്ടി (പിഎംകെ) നടപടിയെ സ്വാഗതം ചെയ്യുകയും സംസ്ഥാനത്ത് മദ്യ നിരോധനം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Story Highlights: Tamil Nadu To Shut Down 500 Liquor Shops From June 22
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here