മിനി കൂപ്പര്‍ പ്രവണത തിരുത്തപ്പെടേണ്ടത്; സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം

കൊച്ചിയില്‍ സിഐടിയു നേതാവ് മിനികൂപ്പര്‍ വാങ്ങിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നേതാക്കളുടെ മിനികൂപ്പര്‍ പ്രവണത സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചയായി. നേതാക്കളുടെ മിനികൂപ്പര്‍ പ്രവണത തിരുത്തപ്പെടേണ്ടതാണെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സി.ഐ.ടി.യു നേതാവ് മിനി കൂപ്പര്‍ വാങ്ങിയത് തെറ്റാണ്. ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തത് ഉചിതമായെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. (cpim state Committee mini cooper controversy)
ആഡംബര ജീവിതരീതിയോട് ആഭിമുഖ്യം തോന്നുന്ന പ്രവണത തിരുത്തപ്പെടേണ്ടതാണെന്നാണ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടത്. മിനി കൂപ്പര്‍ വാങ്ങി ചിത്രം ഫേസ് ബുക്കില്‍ പങ്കുവെച്ചതോടെയാണ് സിഐടിയു നേതാവ് അനില്‍കുമാര്‍ വിവാദത്തിലായത്. തുടര്‍ന്ന് പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പുറത്താക്കി.
Read Also: മിനി കൂപ്പർ വിവാദം; പാർട്ടി നടപടി അംഗീകരിക്കുന്നു എന്ന് സിഐടിയു നേതാവ് പി കെ അനിൽകുമാർ
എസ്എഫ്‌ഐയെ നിയന്ത്രിക്കണമെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു. സംഘടനാതലത്തില്‍ ഇടപെടല്‍ വേണമെന്നും വിവാദങ്ങള്‍ തിരിച്ചടിയായെന്നുമാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍.
വ്യാജരേഖാ വിവാദങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ന്ന് വന്ന പശ്ചാത്തലത്തില്‍ തന്നെ സിപിഐഎം എസ്എഫ്‌ഐയെ നിയന്ത്രിക്കണമെന്ന് ആവശ്യമുയര്‍ന്ന് വന്നിരുന്നു. എന്നാല്‍ എസ്എഫ്‌ഐയെ സിപിഐഎം നിയന്ത്രിക്കേണ്ടതില്ലെന്നും എസ്എഫ്‌ഐ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയാണെന്നുമാണ് മുതിര്‍ന്ന സിപിഐഎ നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നത്. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐയെ നിയന്ത്രിച്ചില്ലെങ്കില്‍ അത് സിപിഐഎമ്മിന് ദോഷം ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടത്.
Story Highlights: cpim state Committee mini cooper controversy