Advertisement

സംഘര്‍ഷ ഭൂമിയിലെ കരുത്തും നിസഹായതയും; നഗ്നരായുള്ള പ്രതിഷേധം മുതല്‍ നഗ്നരാക്കിയുള്ള പ്രതികാരം വരെ മണിപ്പൂരി സ്ത്രീകളെക്കുറിച്ച് പറയുന്നത്…

July 22, 2023
Google News 3 minutes Read
The long fight and struggles of Manipuri women

കണ്ടുതീര്‍ക്കും മുന്‍പേ തൊലിയുരിഞ്ഞ് പോകുന്നത് പോലെ ലജ്ജയും അമര്‍ഷവും തോന്നുന്ന ലൈംഗികാതിക്രമ വിഡിയോയാണ് കഴിഞ്ഞ ദിവസം മണിപ്പൂരില്‍ നിന്ന് പുറത്തുവന്നത്. മണിപ്പൂര്‍ കലാപത്തിന്റെ ഭീകരത മാത്രമല്ല ഗോത്രവര്‍ഗ സ്ത്രീകള്‍ രാജ്യത്ത് നേരിടുന്ന അരക്ഷിതാവസ്ഥയും പാര്‍ശ്വവത്ക്കരണവും തെളിയിക്കുന്നത് കൂടിയാണ് ആ ദൃശ്യങ്ങള്‍. സ്വാതന്ത്ര്യസമര കാലഘട്ടം മുതല്‍ ആഭ്യന്തര സംഘര്‍ഷങ്ങളുടേയും മറ്റും പോരാട്ട ഭൂമിയില്‍ ഒരേ സമയം കരുത്തും നിസഹായതും പ്രദര്‍ശിപ്പിച്ചിട്ടുണ്ട് മണിപ്പൂരി സ്ത്രീകള്‍. മേരികോമിനേയും ഇറോം ശര്‍മിളയേയും പോലെ മെയ്ക്കരുത്തും മനക്കരുത്തും കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടവരാണ് മണിപ്പൂരി സ്ത്രീകള്‍. (The long fight and struggles of Manipuri women)

ഇന്ത്യന്‍ ആര്‍മി ഞങ്ങളെ ബലാത്സംഗം ചെയ്തുവെന്ന് പറഞ്ഞ് കൊണ്ടുള്ള മണിപ്പൂരി അമ്മമാരുടെ സമരത്തിന്റെ ഉള്‍പ്പെടെ ചരിത്രം പറയാനുണ്ട് മണിപ്പൂരിന്. വിഭാഗീയതയ്ക്കും പ്രതികാരത്തിനും വംശീയ വിദ്വേഷത്തിനും ഇരകളാക്കാനും പ്രതിഷേധിക്കാനും സ്ത്രീശരീരങ്ങള്‍ ഉപയോ?ഗിക്കപ്പെട്ട ചരിത്രവും മണിപ്പൂരിന് പറയാനുണ്ട്. അഫ്‌സ്പ വിരുദ്ധ പ്രതിഷേധവും മണിപ്പൂര്‍ സംഘര്‍ഷവും വരെ ഇതിന് ഉദാഹരണമാണ്. നഗ്‌നരായുള്ള സമരത്തിനും നഗ്‌നയാക്കിക്കൊണ്ടുള്ള വംശീയ വെറിയ്ക്കും ഇടയില്‍ മണിപ്പൂരിലെ സ്ത്രീജീവിതങ്ങളുടെ യാഥാര്‍ത്ഥ്യമെന്താണ്?

പറയത്തക്ക രാഷ്ട്രീയ പ്രാതിനിധ്യമോ വിദ്യാഭ്യാസ രംഗത്തെ മികവോ ഇല്ലെങ്കിലും കൃഷി ഉള്‍പ്പെടയുള്ള പണികളിലും കച്ചവടത്തിലും സാമൂഹ്യ ജീവിതത്തിലും പുരുഷനൊപ്പം നിന്നതാണ് മണിപ്പൂരി സ്ത്രീകളുടെ ശക്തിയായി കാണുന്നത്. മണിപ്പൂരില്‍ മെയ്‌തേയ്കുകി സംഘര്‍ഷം ആരംഭിച്ച മെയ് മൂന്നിന് പിറ്റേന്നാണ് കാംഗ്‌പോക്പി ജില്ലയില്‍ രാജ്യത്തെ ലജ്ജിപ്പിച്ച സംഭവം നടക്കുന്നത്.

മെയ്‌തേയ്കുകി സംഘര്‍ഷം തുടങ്ങി പല ദിവസങ്ങളിലും സ്ത്രീകള്‍ തീര്‍ത്ത പ്രതിരോധം തന്നെയാണ് ചര്‍ച്ചയായത്. ഗ്രാമങ്ങളിലേക്ക് എത്തിയ മെയ്‌തേയ് അക്രമികള്‍ക്ക് മുന്നില്‍ ചുരാചന്ദ്പുരില്‍ സ്ത്രീകള്‍ മനുഷ്യമതിലായത് മെയ് ആറിനാണ്. ഇംഫാല്‍ ഈസ്റ്റിലും ഇംഫാല്‍ വെസ്റ്റിലും ജൂണ്‍ 18ന് സമാധാനം ആഗ്രഹിച്ച് നൂറുകണക്കിന് സ്ത്രീകളാണ് തീപ്പന്തമേന്തിയത്.

ജൂണ്‍ 30ന് രാജി വയ്ക്കുമെന്ന് ഉറപ്പിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിക്കത്തുമായി നിന്നപ്പോള്‍ അദ്ദേഹത്തെ തടഞ്ഞതും രാജിക്കത്ത് കീറിയെറിയാന്‍ തുനിഞ്ഞതും വലിയ കൂട്ടം സ്ത്രീകളടങ്ങുന്ന സംഘവുമായിരുന്നു.

ഒരു മാട്രിലീനിയര്‍ സമൂഹമായിരുന്നില്ലെങ്കിലും ഫെമിനിസ്റ്റ് ആശയങ്ങളെക്കുറിച്ച് വായിച്ച് മനസിലാക്കിയവരല്ലെങ്കിലും മണിപ്പൂര്‍ സംഘര്‍ഷങ്ങളുടെ ശ്രദ്ധാ കേന്ദ്രസ്ഥാനത്ത് സ്ത്രീകളുടെ സഹനവും അവരുടെ പ്രതിരോധവും വരുന്നത് സംഘര്‍ഷങ്ങള്‍ കൂടുതല്‍ ആഘാതം ഏല്‍പ്പിക്കുന്നത് സ്ത്രീകളെ ആയതുകൊണ്ടാണ്.

Read Also: മണിപ്പൂരിൽ യുവതികൾ അപമാനിക്കപ്പെട്ട സംഭവം; അതേ സ്റ്റേഷനിൽ മുൻപും പരാതികൾ; പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്

ബ്രിട്ടീഷ് ഏജന്റായിരുന്ന ലെഫ്. കേണല്‍ ഹെന്റി സെന്റ് പാട്രിക് മാക്‌സ്വെല്ലിനെ എതിര്‍ത്ത് മണിപ്പൂരി സ്ത്രീകള്‍ നടത്തിയ 1904ലെ നിപി ലാന്‍ അഥവാ സ്ത്രീകളുടെ പോരാട്ടം ഇന്നും ചരിത്രത്തിലെ വിസ്മരിക്കാനാകാത്ത ഏടാണ്. സ്ത്രീകളാല്‍ നയിക്കപ്പെട്ട് മുന്നോട്ടുപോയ ഒരു സമൂഹമാണ് മദ്യത്തിനെതിരായ സ്ത്രീകളുടെ മുന്നേറ്റമായ നിഷാ ബന്ധി. 1972ലാണ് മണിപ്പൂരില്‍ ഈ സ്ത്രീ മുന്നേറ്റം നടക്കുന്നത്.

ഒരു ഗ്രാമത്തെ, ഒരു സമൂഹത്തെ, ഒരു ഗോത്രത്തെയാകെ കാവല്‍ മാലാഖമാരെ പോലെ നോക്കിയ പാരമ്പര്യവും അവകാശപ്പെടാനുണ്ട് മണിപ്പൂരിലെ കുകി വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക്. 1917-19 കാലഘട്ടത്തില്‍ ആംഗ്ലോ കുകി യുദ്ധ സമയത്ത് കുകി പുരുഷന്മാരെ പലരേയും ഫ്രാന്‍സിലേക്ക് പണിയ്ക്കായി കൊണ്ടുപോയപ്പോള്‍ ഗ്രാമത്തെ കാത്തതും കുടുംബങ്ങളെ നോക്കിയതും പരുക്കേറ്റ് മടങ്ങിയെത്തിയ പുരുഷന്മാരെ പരിപാലിച്ചതും കരുത്തരായ കുകി സ്ത്രീകള്‍ തന്നെയാണ്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, വേതന പ്രശ്‌നങ്ങള്‍, സ്ത്രീകളുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെതിരെ ശക്തമായി പോരാടാന്‍ രൂപം കൊണ്ട് മൈറ പൈബി കൂട്ടായ്മ ആഗോള ശ്രദ്ധ നേടി. വെളിച്ചമേന്തിയ വനിതകള്‍ എന്നര്‍ത്ഥം വരുന്ന പദമായ മൈറ പൈബിസ് എന്ന വാക്കുപോലെ അവര്‍ മനുഷ്യാവകാശ ധ്വംസനങ്ങളിലേക്ക് വെളിച്ചം കാണിച്ചു. ലഹരി ഉപയോഗം ഉള്‍പ്പെടെ തടയാന്‍ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവര്‍ തീപ്പന്തങ്ങളുമേന്തി റോന്തുചുറ്റി. അഫ്‌സ്പ നിയമത്തിനെതിരെ 16 വര്‍ഷം നിരാഹാര സമരം നടത്തിയ ഇറോം ശര്‍മിളയ്ക്ക് പിന്നിലും ശക്തമായ സാന്നിധ്യമായി മൈറ പൈബിസ് ഉണ്ടായിരുന്നു.

മണിപ്പൂരി സ്ത്രീകളുടെ ധീരവും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതുമായ പ്രതിഷേധം അരങ്ങേറുന്നത് 2004 ജൂലൈ 15നാണ്. 12 മണിപ്പൂരി സ്ത്രീകളാണ് ഇന്ത്യന്‍ ആര്‍മി റേപ്പ് അസ് എന്ന ബാനറിന് പിന്നില്‍ നഗ്‌നരായി പ്രതിഷേധിച്ചത്. 17ാം അസം റൈഫിള്‍ 32 കാരിയായ തഞ്ജം മനോരമയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു സമരം. ചോദ്യം ചെയ്യാനെന്ന പേരില്‍ കൊണ്ടുപോയ യുവതി സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതര മുറിവുകളുമായി മരിച്ചുകിടക്കുന്നത് കണ്ടതിന്റെ നീറ്റലിലായിരുന്നു അന്ന് ആ അസാധാരണ സമരം നടന്നത്.

കുകി വിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മൊയ്‌തേയ് യുവതി എന്ന പേരില്‍ ഒരു വ്യാജ ചിത്രം പ്രചരിച്ചതാണ് മെയ് നാലിലെ ലൈംഗിക അതിക്രമത്തിന് കാരണമായതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ബലാത്സംഗം ലൈംഗിക ചോദനയില്‍ നിന്ന് മാത്രം ഉണ്ടാകുന്നതല്ലെന്നും വെറുപ്പിന്റേയും പ്രതികാരത്തിന്റേയും കീഴടക്കലിന്റേയും ഇരകളായി സ്ത്രീ ശരീരങ്ങള്‍ എങ്ങനെ മാറിയെന്നതും ഒന്നുകൂടി ഉറപ്പിക്കുന്നതാണ് ആ അസ്വസ്ഥതപ്പെടുത്തുന്ന ദൃശ്യങ്ങള്‍.

Story Highlights: The long fight and struggles of Manipuri women

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here