‘ഇതിനോടകം പാടിയത് 18,000 ഗാനങ്ങൾ’; പിറന്നാൾ ദിനത്തിൽ ചിത്ര ട്വന്റിഫോറിനോട്

മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് അറുപതിന്റെ ചെറുപ്പം. പ്രിയ ഗായിക കെ എസ് ചിത്രയുടെ അറുപതാം പിറന്നാളാണിന്ന്. മലയാളിയുടെ ജീവ ശ്വാസത്തിൽ അലിഞ്ഞു ചേർന്ന സംഗീതമാണ് ചിത്രയുടേത്. ഇതിനോടകം 18,000 ഗാനങ്ങൾ പാടിയിട്ടുണ്ടെന്ന് ചിത്ര ട്വന്റിഫോറിനോട് പറഞ്ഞു. ( ks chithra sang 18000 songs )
‘പിറന്നാൾ ജീവിതത്തിൽ ആഹ്ലാദ നിമിഷം എന്ന് പറയാനൊന്നുമില്ല. ചെറിയ പ്രായത്തിലാണ് ജന്മദിനത്തിൽ ആഹ്ലാദം. ജന്മനക്ഷത്രം വരുന്ന പിറന്നാൾ ദിനമാണ് സാധാരണ ആഘോഷിക്കാറ്. പായസമുണ്ടാക്കും, അല്ലാതെ കേക്ക് കട്ടിംഗ് ഒന്നുമുണ്ടാകാറില്ലായിരുന്നു. ഇപ്പോഴൊക്കെയാണ് കേക്ക് മുറിക്കൽ തുടങ്ങിയത്. ഞാൻ പിറന്നാൾ ആഘോഷിക്കാറില്ല. എന്റെ മക്കളെ പോലെ സ്‌നേഹിക്കുന്നവർ കേക്ക് ഒക്കെ കൊണ്ടുവന്നാൽ കേക്ക് മുറിച്ച് ആഘോഷിക്കും’ ചിത്ര പറഞ്ഞു.
ആറ് ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടും ഓരോ ഗാനം പാടുവാനും വേദിയിൽ കയറുമ്പോൾ അഞ്ചാം ക്ലാസ്സിൽ മികമായി വിറച്ചു പാടിയ കൊലുന്നനെയുള്ള പെൺകുട്ടി ആയാണ് തോന്നുന്നതെന്ന് ചിത്ര പലപ്പോഴും പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് അന്യഭാഷ ഗാനങ്ങൾ പാടുമ്പോഴാണ് പേടിയെന്ന് ചിത്ര ട്വന്റിഫോറിനോട് പറഞ്ഞു. ‘ഞാൻ തിരുവനന്തപുരത്ത് ആയിരുന്നതുകൊണ്ടുതന്നെ തമിഴുമായി ചെറിയ ബന്ധമുണ്ടായിരുന്നു. പക്ഷേ എന്നാൽ പോലും തമിഴ് ഗാനങ്ങൾ പാടുമ്പോൾ മലയാളം ആക്‌സന്റ് ഉണ്ടായിരുന്നുവെന്ന് ഇന്ന് കേൾക്കുമ്പോൾ മനസിലാകുന്നു’ -ചിത്ര പറഞ്ഞു.
അറുപതിൽ നിൽക്കുമ്പോഴും എല്ലാവരും എതന്നെ ചേച്ചി എന്ന് വിളിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ചിത്ര ട്വന്റിഫോറിനോട് പറഞ്ഞു. ‘പക്ഷേ കുട്ടികളോട് ഞാൻ പറയും അമ്മൂമ്മയാകാനുള്ള പ്രായമുണ്ടെന്നും ചിത്ര ആന്റിയെന്നും അമ്മൂമ്മയെന്നോ വിളിക്കണമെന്ന് പറയും’- ചിത്ര പറഞ്ഞു.
Story Highlights: ks chithra sang 18000 songs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here