മണിപ്പൂർ വിഷയത്തിൽ ഇന്നും പാർലമെന്റ് സ്തംഭിച്ചു; പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന് കേന്ദ്രം
മണിപ്പൂർ വിഷയത്തിൽ ഇന്നും പാർലമെന്റ് സ്തംഭിച്ചു. സർക്കാർ ചർച്ചയ്ക്ക് തയ്യാറായിട്ടും പ്രതിപക്ഷം സഭ തടസ്സപ്പെടുത്തി ഒളിച്ചോടുകയാണെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ കുറ്റപ്പെടുത്തി. സർക്കാരിന്റെ അജണ്ട മണിപ്പൂർ വിഷയത്തിൽ ജനാധിപത്യ സമൂഹത്തിന്റെ താത്പര്യത്തിന് എതിരാണെന്ന് പ്രതിപക്ഷം വിമർശിച്ചു. അതേസമയം, വിഷയത്തിൽ രണ്ടുമണിയ്ക്ക് രാജ്യസഭയിൽ ചർച്ച നടന്നേക്കും. (manipur violence opposotion centre)
രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷമാണ് ഇരുസഭകളും ഇന്ന് സമ്മേളിച്ചത്. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം ഇന്നും ശക്തമായ പ്രതിഷേധം സഭയിൽ ഉയർത്തി. ലോക്സഭ സമ്മേളിച്ചെങ്കിലും നടപടികളിലേക്ക് കടക്കാനായില്ല. തുടർന്ന് 2 മണിവരെ സ്പീക്കർ സമ്മേളന നടപടികൾ ഉപേക്ഷിച്ചു.
ഭരണ, പ്രതിപക്ഷ നിരയുടെ വാക്പോരിനാണ് രാജ്യസഭ ഇന്ന് സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന് ഭരണ പക്ഷവും സർക്കാർ അജണ്ടയ്ക്ക് വഴങ്ങില്ലെന്ന് പ്രതിപക്ഷവും നിലപാട് സ്വീകരിച്ചു. രാജ്യസഭയിൽ ഉച്ചയ്ക്ക് ശേഷം മണിപ്പൂർ വിഷയത്തിൽ ചർച്ച ആരംഭിയ്ക്കാനുള്ള നിർദ്ദേശം സർക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്.
Read Also: മണിപ്പൂർ കലാപം; പ്രതിപക്ഷ പാർട്ടികൾ ഇന്നും പാർലമെന്റിൽ അടിയന്തര പ്രമേയ അവതരണാനുമതി തേടും
അതേസമയം, മണിപ്പൂരിൽ സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത മെയ് നാലിലെ സംഭവുമായി ബന്ധപ്പെട്ട വിഷയം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുൻപ് പുറത്തെത്തിയത് പ്രഥമദൃഷ്ട്യാ നരേന്ദ്ര മോദി സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയതിന് പിന്നാലെയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
ഇതേ നിലപാട് സുപ്രിംകോടതിയിൽ ഇന്ന് വ്യക്തമാക്കുന്ന കേന്ദ്രസർക്കാർ കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് സുപ്രിംകോടതിയിൽ ആവശ്യപ്പെടും. ജൂലൈ 20 ന് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിഷയത്തിൽ സ്വമേധയാ സുപ്രിംകോടതി ഇടപെടുകയായിരുന്നു.
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു. സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജൂലൈ 27 നാണ് കേന്ദ്രസർക്കാർ കേസ് സിബിഐക്ക് കൈമാറിയത്. കൊലപാതകം, കൂട്ടബലാത്സംഗം, ബലാൽക്കാരമായ അപമാനിക്കൽ, ക്രിമിനൽ ആക്രമണം എന്നീ കുറ്റങ്ങളാണ് സിബിഐ എഫ്‌ഐആറിൽ ചുമത്തിയിരിക്കുന്നത്.
Story Highlights: manipur violence opposotion centre clash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here