Advertisement

മരിച്ചിട്ടും തോൽക്കാത്ത അവളുടെ കരിനീല കണ്ണുകൾ; ജീവിതങ്ങളെ കഥയാക്കുന്ന ചിത്രങ്ങൾ

August 1, 2023
Google News 1 minute Read
viral photo story by arun raj

ചിത്രങ്ങൾക്ക് വാക്കുകളേക്കാൾ മനോഹരമായി കഥ പറയാൻ സാധിക്കും. തന്റെ ഓരോ ചിത്രങ്ങളിലൂടെയും അത് തെളിയിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ അരുൺരാജ്. അർബുദത്തോട് പോരോടുന്ന തന്റെ പ്രണയിനിയെ നെഞ്ചോടുചേർത്ത് പിടിച്ചവന്റെ മുൻപിൽ വിധി പാഞ്ഞടുത്തപ്പോഴുണ്ടായ വൈകാരിക നിമിഷങ്ങളെയാണ് കൺസപ്റ്റ് ഫോട്ടോഷൂട്ടിലൂടെ അരുൺ ഇത്തവണ അവതരിപ്പിച്ചത്.

പ്രണയത്തിനൊപ്പം നേത്രദാനത്തിന്റെ സന്ദേശം കൂടി ആയതോടെ ഈ ഫോട്ടോഷൂട്ട് അതിവേ​ഗം വൈറലായി. ഇതിൽ അഭിനയിച്ചവരെല്ലാം അക്ഷരാർത്ഥത്തിൽ ചിത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു. മഹിമ, നിവേദ്യ, ആനന്ദ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ദിവസങ്ങൾക്കുള്ളിൽ 1 മില്യൺ കാഴ്ചക്കാരുമായി മുന്നേറുകയാണ് തിരുവനന്തപുരം സ്വദേശി അരുണിന്റെ ദൃശ്യങ്ങൾ. നേരത്തെ വുമൺസ് ഡേയിലും ഫാദേഴ്സ് ഡേയിലുമെല്ലാം വ്യത്യസ്തമായ കൺസെപ്റ്റുകളിലൂടെ അരുൺ കാഴ്ചക്കാരെ അമ്പരപ്പിച്ചിട്ടുണ്ട്.

അരുൺ രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

അവളുടെ കരിനീല കണ്ണുകൾ.
അതാകും ഒരു പക്ഷേ അവനെ ഏറ്റവും കൂടുതൽ കാണാൻ കൊതിച്ചതും. സ്വപ്നങ്ങളിൽ നിറഞ്ഞു തുളുമ്പി അവ ഒരുപാട് വട്ടം തിളങ്ങിയിട്ടുണ്ടാകും. നീലമേഘങ്ങൾക്കു താഴെ അവനെ കാണുന്നത് മാത്രമാണ് സ്വർഗ്ഗം എന്നു വെറുതേ നിനച്ചിട്ടുമുണ്ടാകണം. കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ കോർത്തിണക്കി ദൂരെ വലിയോരു ഭാവിയിലേക്ക് അവ ഉറ്റുനോക്കിയിട്ടുമുണ്ടാകണം. ഒടുവിൽ തന്റെ മാറിൽ തളർന്നുറങ്ങുന്ന അവന്റെ മുടിയിഴകളിൽ തലോടുന്ന സ്വന്തം വിരലുകളിൽ താളം പിടിച്ചു ആ കൺപീലികളും എത്രയോ രാത്രികളിൽ ഉറങ്ങിയിട്ടുണ്ടാകണം. അതുകൊണ്ട് തന്നെയാണ് ശരീരം മുഴുവൻ പടർന്നു മൂടി തളർത്തിയോരാ അർബുധത്തിന്റെ വള്ളികൾ അവളുടെ കണ്ണുകളുടെ മുന്നിൽ തളർന്നു പട്ടു പോയതും. ജീവന്റെ പാതി മുറിഞ്ഞു പോവതറിഞ്ഞു പിടഞ്ഞ അവന്റെ ഹൃദയത്തെ ഒറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞതും, അവൻ പൊഴിക്കാതെ ഒളിച്ചു വച്ച ഒരായിരം കണ്ണുനീർത്തുള്ളികൾ അവളുടെ ഹൃദയത്തെ നനച്ചതും ആ കണ്ണുകളുടെ അകക്കാഴ്ച്ച കൊണ്ടുതന്നെ ആയിരുന്നു. ഒടുവിൽ വിധിയോടു പൊരുതിത്തോറ്റു ജീവനറ്റ ആ ശരീരം അവന്റെ തോളിലേക്ക്‌ വീണപ്പോഴും ആ കണ്ണുകൾ മറ്റൊരു യുദ്ധത്തിനു ഒരുമ്പെടുകയായിരുന്നു. ജന്മനാ തിളക്കം കെട്ടുപോയ മറ്റൊരു മുഖത്തേക്കതു പകർന്നാടി ഉണർന്നപ്പോൾ ഉടലിനെ തോൽപ്പിച്ചൊരാ മരണം പോലും അവളുടെ കണ്ണുകളുടെ പ്രണയത്തിനു മുന്നിൽ തോറ്റുപോയിരുന്നു. വലിച്ചടച്ചൊരാ വാതിലുകളെല്ലാം തകർത്തെറിഞ്ഞ് അവ പിന്നേയും പിന്നേയും തന്റെ പാതിയെ കൺകുളിർക്കെ നോക്കിക്കൊണ്ടിരുന്നു. കാലവും വിധിയും വെറും നോക്കുകുത്തികൾ മാത്രമാക്കി തന്റെ ആത്മാവിലെ അടങ്ങാത്ത സ്നേഹ വസന്തത്തിൽ അവനെ ചേർത്തു പിടിക്കുകയായിരുന്നു.
അതെ, അവളുടെ കരിനീല കണ്ണുകൾ. ഒരിക്കലും തോൽക്കാത്ത അവളുടെ കരിനീല കണ്ണുകൾ…

Story Highlights: viral photo story by arun raj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here