‘പുതുപ്പള്ളിയില്‍ സഹതാപ തരംഗമില്ല, കേന്ദ്രപദ്ധതികള്‍ പുതുപ്പള്ളിയില്‍ എത്തിക്കുക ലക്ഷ്യം’; ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍

കേന്ദ്ര പദ്ധതികള്‍ പുതുപ്പള്ളിയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ജി ലിജിന്‍ ലാല്‍. പുതുപ്പള്ളിയില്‍ വികസനം തന്നെയാണ് ചര്‍ച്ചയാകുകയെന്നും സഹതാപ തരംഗമില്ലെന്നും ജി ലിജിന്‍ ലാല്‍ ട്വന്റിഫോറിനോട് പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ ആരേയും നിസാരക്കാരായി കാണുന്നില്ലെന്ന് ലിജിന്‍ ലാല്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ മാറ്റമുണ്ടാകണമെന്നാണ് ആക്രമിക്കുന്നത്. ബൂത്തുതലം മുതല്‍ ശക്തമായ പ്രചാരണം നടത്തുമെന്നും ലിജിന്‍ ലാല്‍ ട്വന്റിഫോറിനോട് പറഞ്ഞു. (Puthuppally by-election bjp candidate lijin lal response)
മുന്‍പ് പുതുപ്പള്ളി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അനില്‍ ആന്റണി മത്സരിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും ബിജെപി കോട്ടയം ജില്ലാ അധ്യക്ഷന്‍ ലിജിന്‍ ലാലിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ലിജിന്‍. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ജില്ലയില്‍ ബിജെപി നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചു. നേരത്തെ മുതിര്‍ന്ന നേതാവ് ജോര്‍ജ്ജ് കുര്യന്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ലിജിനെ മത്സരിപ്പിക്കാന്‍ സംസ്ഥാന നേതൃത്വത്തില്‍ ധാരണയായത്.
പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജെയ്ക് സി.തോമസും എത്തി. ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന നിയമസഭ സീറ്റിലേക്ക് സെപ്റ്റംബര്‍ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
Story Highlights: Puthuppally by-election bjp candidate lijin lal response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here