Advertisement

നൈജറില്‍ മുഴങ്ങുന്ന പുടിന്‍ സ്തുതികള്‍; ആഫ്രിക്കയിലെ പട്ടിണി രാജ്യം റഷ്യയും അമേരിക്കയും തമ്മിലുള്ള യുദ്ധഭൂമിയായി മാറുമോ?

August 21, 2023
Google News 3 minutes Read
Is Russia involved in Niger coup through Wagner Group? explainer

അമ്പരപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ നൈജറില്‍ റഷ്യന്‍ പതാകകളുമേന്തി, പുടിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച് നൈജര്‍ ജനത ഫ്രാന്‍സിന്റെ എംബസിക്കു നേരെ പാഞ്ഞടുക്കുന്നു. ഫ്രാന്‍സിനെതിരെ മുദ്രാവാക്യങ്ങളിരമ്പുന്നു. നൈജറില്‍ ജനാധിപത്യപരമായി അധികാരത്തിലേറിയ സര്‍ക്കാര്‍ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടപ്പോള്‍ എന്തുകൊണ്ടാണ് അവിടെ ഫ്രാന്‍സിനെതിരെ പ്രതിഷേധമുയരുകയും റഷ്യയ്ക്ക് അനുകൂലമായി ജനം തെരുവിലിറങ്ങുകയും ചെയ്തത്? തങ്ങളുടെ രാഷ്ട്രം നേരിടുന്ന കൊടിയ പട്ടിണിയ്ക്കും ഭീകരവാദത്തിനും വിഭവചൂഷണത്തിനും പിന്നില്‍ ഫ്രാന്‍സ് എന്ന തങ്ങളുടെ പഴയ കൊളോണിയല്‍ മാസ്റ്ററാണെന്നും ഫ്രാന്‍സിന്റെ വിഭവചൂഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ റഷ്യ തങ്ങളുടെ രക്ഷകരായിത്തീരുമെന്ന ചിന്തയുമായിരുന്നു ഈ പ്രകടനത്തിനു പിന്നില്‍. യുറേനിയം നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്ത് ഏഴാം സ്ഥാനത്തു നില്‍ക്കുന്ന തങ്ങളുടെ രാഷ്ട്രത്തില്‍ നിന്നും പഴയ കൊളോണിയല്‍ മാസ്റ്റര്‍മാരായ ഫ്രാന്‍സ് ഇപ്പോഴും വിവിധ കമ്പനികളിലൂടെ യുറേനിയം കടത്തുകയാണെന്നും അതുപയോഗിച്ച് വൈദ്യുതിയുണ്ടാക്കി വിറ്റ് സ്വയം സമൃദ്ധമാകുകയാണെന്നുമുമുള്ള അമര്‍ഷമാണ് ആ പ്രകടനങ്ങളില്‍ നീറിപ്പുകഞ്ഞത്. ( Is Russia involved in Niger coup through Wagner Group? explainer)

ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജര്‍ അറുപത്തിമൂന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരുന്നതാണ്. എന്നാല്‍ സ്വാതന്ത്ര്യദിനത്തിന് കൃത്യം ഒരാഴ്ച മുമ്പ് 2023 ജൂലൈ 26-ന് നൈജറില്‍ പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റ് മുഹമ്മദ് ബാസൂം പുറത്താക്കപ്പെട്ടു. 2011 മുതല്‍ പ്രസിഡന്റിന്റെ സുരക്ഷാ ഗാര്‍ഡിന്റെ കമാന്‍ഡറായിരുന്ന ജനറല്‍ അബ്ദുറഹ്‌മാനെ ഷിയാനിയുടെ നേതൃത്വത്തിലായിരുന്നു അട്ടിമറി. രാജ്യത്തെ ഭരണഘടന റദ്ദുചെയ്യുകയും ഭരണഘടനാസ്ഥാപനങ്ങള്‍ പിരിച്ചുവിടുകയും ചെയ്ത സൈന്യം തലസ്ഥാനമായ നിയാമെയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ച് മുദ്രവെച്ചു. രാജ്യത്തെ വിവിധ സേനകളിലെ ഓഫീസര്‍മാര്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സേഫ്ഗാര്‍ഡിങ് ദ ഹോം ലാന്‍ഡ് എന്ന സഖ്യം രൂപീകരിച്ച് നിലവിലെ ഭരണകൂടത്തിന് അന്ത്യം കുറിക്കുകയാണെന്നാണ് ഷിയാമി ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കിയത്. ഷിയാനിയെ പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയില്‍ നിന്നും മാറ്റാന്‍ മുഹമ്മദ് ബാസൂം തീരുമാനിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഷിയാനിയുടെ ചടുലമായ അട്ടിമറിനീക്കം. 21 അംഗങ്ങളുള്ള മന്ത്രിസഭയും പട്ടാള ഭരണകൂടം നൈജറില്‍ സ്ഥാപിച്ചു കഴിഞ്ഞു.

Read Also: സ്ട്രീറ്റ് ഫുഡിൽ ഏറ്റവും മോശം ഭക്ഷണം ഇവ; പട്ടികയിൽ ഇടംപിടിച്ച് ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവം

നൈജറിലെ നൈജീരിയന്‍ പാര്‍ട്ടി ഫോര്‍ ഡെമോക്രസി ആന്റ് സോഷ്യലിസത്തിന്റെ പ്രസിഡന്റായിരുന്ന മുഹമ്മദ് ബാസൂം 2021-ലാണ് രാജ്യത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 1995 മുതല്‍ പലവട്ടം വിവിധ മന്ത്രിസഭകളില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട് അറുപത്തിമൂന്നുകാരനായ ഈ ഫിലോസഫി അധ്യാപകന്‍. പട്ടാള അട്ടിമറി പ്രഖ്യാപനം വന്ന നിമിഷം മുതല്‍ മുഹമ്മദ് ബാസൂമും കുടുംബവും വീട്ടുതടങ്കലില്‍ അടയ്ക്കപ്പെട്ടു. പ്രസിഡന്റിന്റെ വീട്ടിലേക്കുള്ള വൈദ്യുതിയും വെള്ളവും ഒരാഴ്ചയായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെന്നും ഡ്രൈഡ് ഫ്രൂട്ട്‌സും കാനിലടച്ച ഭക്ഷണങ്ങളുമായി കഴിയുകയാണ് അദ്ദേഹവും കുടുംബവുമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി ഓഗസ്റ്റ് ഒമ്പതിന് വ്യക്തമാക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ് ഇതില്‍ നടുക്കവും ആശങ്കയും രേഖപ്പെടുത്തിയിട്ടുണ്ട്.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇക്കണോമിക്‌സ് കമ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കന്‍ സ്റ്റേറ്റ്‌സ് അഥവാ ഇക്കോവാസ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നൈജറിലെ സര്‍ക്കാരിനെ ഓഗസ്റ്റ് ആറിനകം പുനസ്ഥാപിക്കണമെന്ന് പട്ടാള ഭരണകൂടത്തിന് അന്ത്യശാസനം നല്‍കിയെങ്കിലും ഇക്കോവാസിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന നിലപാടാണ് അബ്ദുറഹ്‌മാനെ ഷിയാനി സ്വീകരിച്ചത്. ഇക്കോവാസിന്റെ നേതൃത്വത്തില്‍ നൈജറിലെ പട്ടാള ഭരണകൂടത്തിനെതിരെ സൈനികനടപടിക്ക് സാധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയ്ക്കും വ്യോമാതിര്‍ത്തി അടയ്ക്കുകയാണെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. നൈജറിന്റെ അയല്‍രാജ്യമായ മാലിയിലെത്തി റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ സഹായം നൈജറിലെ പട്ടാള നേതാക്കളിലൊരാളായ ജനറല്‍ സലിഫൗ മോഡി തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പട്ടാളഭരണകൂടം നിലവിലുള്ള പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ മാലിയും ബുര്‍ക്കിന ഫാസോയും നൈജറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. സൈനിക അട്ടിമറികള്‍ നൈജറിന് പുതുമയുള്ള കാര്യമൊന്നുമല്ല. 1960-ല്‍ സ്വാതന്ത്ര്യം നേടിയശേഷം ഇത് അഞ്ചാമത്തെ സൈനികഅട്ടിമറിയാണ് നൈജറില്‍ നടക്കുന്നത്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഫ്രാന്‍സും ആഫ്രിക്കന്‍ യൂണിയനും ഐക്യരാഷ്ട്രസഭയുമെല്ലാം നൈജറിലെ ജനാധിപത്യസര്‍ക്കാരിനെ തിരികെ കൊണ്ടുവരണമെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ നൈജറിലെ പട്ടാള അട്ടിമറിയെ ഔദ്യോഗികമായി പിന്തുണയ്ക്കുന്നില്ലെങ്കിലും ഇക്കോവാസ് നൈജറിലെ പട്ടാള ഭരണകൂടത്തിനെതിരെ സൈനിക ഇടപെടല്‍ നടത്തരുതെന്ന് റഷ്യ ഇതിനകം താക്കീത് നല്‍കിയിരിക്കുന്നു. റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പ് നൈജറിലെ പ്രതിസന്ധി മുതലെടുക്കാനിടയുണ്ടെന്ന അമേരിക്കയുടെ പരസ്യപ്രസ്താവന പുറത്തുവന്നതിനെ തുടര്‍ന്നാണ് റഷ്യ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ആഫ്രിക്കയിലെ പത്ത് പട്ടിണി രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യമാണ് നൈജര്‍. ആഫ്രിക്കയില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രത്യാഘാതങ്ങള്‍ക്ക് നിരന്തരം ഇരയാകുന്ന സഹേല്‍ പ്രദേശത്താണ് നൈജറിന്റെ സ്ഥാനം. ഇതാകട്ടെ കടുത്ത വരള്‍ച്ചയ്ക്കും കൃഷിനാശത്തിനും തന്മൂലം കടുത്ത ദാരിദ്ര്യത്തിനും ഭക്ഷ്യദൗര്‍ലഭ്യത്തിനും കാരണമാകുകയും ചെയ്യുന്നുണ്ട്. ഇതിനു പുറമേയാണ് സഹേല്‍ പ്രദേശത്തുള്ള ബോക്കോ ഹറാം, അല്‍ ക്വയ്ദ, ഐസിസ് തുടങ്ങിയ ഭീകരവാദ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍. ഇതിനെല്ലാം പുറമേ, ഫ്രാന്‍സിന്റെ കൊളോണിയല്‍ വാഴ്ചയില്‍ നിന്നും സ്വാതന്ത്ര്യം നേടി ആറു ദശാബ്ദങ്ങള്‍ പിന്നിട്ടു കഴിഞ്ഞിട്ടും നിയോകൊളോണിയലിസത്തിന്റെ ഇരയായി തന്നെ തുടര്‍ന്നുപോരുന്ന ചരിത്രമാണ് നൈജറിന്റേതെന്നതാണ് ഇപ്പോഴത്തെ പട്ടാള അട്ടിമറിയെ നൈജറിലെ ജനത പിന്തുണയ്ക്കാനുള്ള ഒരു പ്രധാന കാരണം.

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പട്ടിണിയുമൊക്കെ നൈജറിനെ വേട്ടയാടുമ്പോഴും പല മൂല്യവത്തായ വിഭവങ്ങളുടേയും കലവറയാണ് നൈജര്‍. യുറേനിയം നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്ത് ഏഴാം സ്ഥാനത്താണ് നൈജറുള്ളത്. ഇതിനുപുറമേ, കല്‍ക്കരി, സ്വര്‍ണം, ഇരുമ്പയിര്, ടിന്‍, ഫോസ്ഫേറ്റ്, ജിപ്സം തുടങ്ങിയ പ്രകൃതിവിഭവങ്ങളാലും സമ്പന്നമാണ് ഈ പ്രദേശം. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മറ്റ് പല രാജ്യങ്ങളേയും പോലെ തന്നെ 1960-ല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതു വരേയ്ക്കും ഫ്രാന്‍സിന്റെ അധീനതയിലായിരുന്നു നൈജറും. എന്നാല്‍ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം നൈജറില്‍ രാഷ്ട്രീയ അസ്ഥിരത ഉടലെടുത്തതു മൂലം തീവ്രവാദസംഘടനകള്‍ ആ പ്രദേശത്ത് ശക്തി പ്രാപിക്കുകയുണ്ടായി. തങ്ങളുടെ പഴയ കോളനിരാജ്യമായിരുന്നതിനാല്‍ ആ രാജ്യത്തെ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്നും അതിനാല്‍ ആ രാജ്യത്തിന്റെ സംരക്ഷണമെന്ന ലേബലില്‍ ഫ്രാന്‍സ് അവിടെ സൈനികതാവളങ്ങള്‍ കെട്ടിപ്പടുക്കുകയും ഏതാണ്ട് 1500-ഓളം സൈനികരെ അവിടെ വിന്യസിപ്പിച്ചിട്ടുമുണ്ട്. പോര്‍വിമാനങ്ങളടക്കം ഓപ്പറേറ്റ് ചെയ്യാനാകുന്ന എയര്‍ഫോഴ്‌സ് ബേസും നൈജറില്‍ ഫ്രാന്‍സിനുണ്ട്. ഇതിനുപുറമേ അഴിമതിയും മനുഷ്യാവകാശധ്വംസനങ്ങളും നൈജറില്‍ പതിവായതിനാല്‍ ഫ്രാന്‍സിന്റെ സാന്നിധ്യം നൈജറിന് അനുപേക്ഷണീയമാണെന്ന നിലപാടാണ് പൊതുവേ പാശ്ചാത്യലോകവും പാശ്ചാത്യമാധ്യമങ്ങളും സ്വീകരിച്ചിട്ടുള്ളത്. നൈജറില്‍ നിലവില്‍ ഫ്രഞ്ച് സേനയ്ക്കു പുറമേ, അമേരിക്ക, ജര്‍മ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ സേനകളും പുറത്താക്കപ്പെട്ട ബാസും സര്‍ക്കാരുമായുള്ള കരാറുകളെ അടിസ്ഥാനമാക്കി നിലകൊള്ളുന്നുണ്ട്.

എന്നാല്‍ നൈജറിനുമേല്‍ ഫ്രാന്‍സ് വച്ചുപുലര്‍ത്തുന്ന ഈ ആധിപത്യത്തിനു പിന്നില്‍ നൈജറിലെ ധാതു വിഭവചൂഷണമാണ് പ്രധാന ലക്ഷ്യമെന്നാണ് പട്ടാള അട്ടിമറിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. നൈജറിലെ യൂറേനിയം ഖനികളുടെ നിയന്ത്രണം പ്രധാനമായും ഒറാനോ എന്ന പേരിലുള്ള ഫ്രഞ്ച് കമ്പനിയ്ക്കാണെന്നും രാജ്യത്തെ 59 ശതമാനം യുറേനിയം മൈനുകളും അവരുടെ കൈവശമാണെന്നുമാണ് പ്രധാന ആരോപണം. നൈജറില്‍ നിന്നുമുള്ള യുറേനിയമാണ് ഫ്രാന്‍സിലെ 70 ശതമാനത്തോളം വരുന്ന ആണവോര്‍ജ്ജനിലയങ്ങളെ ചലിപ്പിക്കുന്നതെന്ന സത്യം നിലനില്‍ക്കേ, ഇപ്പോഴത്തെ സൈനിക അട്ടിമറി ഫ്രാന്‍സ് അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്. ലോകത്തെ ഏഴാമത്തെ യുറേനിയം ഉല്‍പാദന രാജ്യമായ നൈജറില്‍ നിന്നുള്ള കയറ്റുമതിയില്ലെങ്കില്‍ ഫ്രാന്‍സ് നിലവില്‍ ഈ യുറേനിയം ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുകയും മറ്റു പല രാജ്യങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്യുന്ന ഊര്‍ജത്തിന്റെ അളവ് നന്നേ കുറയുമെന്നുറപ്പാണ്. ഇത് ഫ്രാന്‍സിന്റെ വിദേശനാണ്യത്തില്‍ വലിയ തോതില്‍ കുറവുണ്ടാക്കും.

കൊളോണിയല്‍ കാലത്തിനിപ്പുറവും സംരക്ഷണത്തിന്റെ മറവില്‍ ഫ്രാന്‍സ് തങ്ങളുടെ രാഷ്ട്രത്തെ ചൂഷണം ചെയ്യുകയാണെന്നും തങ്ങളുടെ വിഭവങ്ങള്‍ കൊള്ളയടിച്ച് നൈജറിനെ വര്ധിത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണെന്നും അതിന് ജനാധിപത്യരീതിയില്‍ അധികാരത്തിലേറിയ മുഹമ്മദ് ബാസൂമിന്റെ സര്‍ക്കാര്‍ ചൂട്ടുപിടിക്കുകയായിരുന്നുവെന്ന ആക്ഷേപം ജനങ്ങള്‍ക്കുള്ളതിനാലാണ് അവര്‍ നൈജറിലെ പട്ടാള അട്ടിമറിയെ പിന്തുണച്ചതെന്നതാണ് രസകരമായ ഒരു കാര്യം. ഇസ്ലാമിക തീവ്രവാദത്തെ നേരിടുന്നതിലും ബാസും സര്‍ക്കാര്‍ പരാജയമായിരുന്നുവെന്ന വിലയിരുത്തലുമുണ്ട്. രാജ്യത്തെ കടുത്ത തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നത് ഫ്രാന്‍സിന്റെ വിഭവചൂഷണമാണെന്ന ജനതയുടെ വിശ്വാസത്തെ പരമാവധി മുതലെടുക്കാനുള്ള ശ്രമങ്ങള്‍ വൈകാതെ റഷ്യയും തുര്‍ക്കിയും ചൈനയും സ്വീകരിക്കുമെന്നുറപ്പാണ്.

പാശ്ചാത്യ നിരോധനങ്ങളെ തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങളുമായി പുതിയ സാമ്പത്തിക ബാന്ധവങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്ന റഷ്യയെ സംബന്ധിച്ചിടത്തോളം നൈജറിലെ പട്ടാള അട്ടിമറി കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള സുവര്‍ണാവസരമായി മാറുമെന്നാണ് പലരും കണക്കുകൂട്ടുന്നത്. 1977 മുതല്‍ 2020 വരെ ഫ്രാന്‍സുമായി നൈജര്‍ ഒപ്പുവച്ച അഞ്ച് സൈനിക കരാറുകള്‍ പുതിയ പട്ടാള ഭരണകൂടം റദ്ദുചെയ്തത് റഷ്യയെ സംബന്ധിച്ചിടത്തോളം നൈജറിലേക്ക് കടന്നുകയറാനുള്ള വഴിയൊരുക്കുമെന്നാണ് പാശ്ചാത്യ നിരീക്ഷകര്‍ പറയുന്നത്. ബുര്‍ക്കിനോ ഫാസോയിലും മാലിയിലും നടന്ന പട്ടാള അട്ടിമറിക്കുശേഷം ഫ്രഞ്ച് സൈനികരെ അവിടങ്ങളിലെ സൈനികഭരണകൂടങ്ങള്‍ പുറത്താക്കിയപ്പോള്‍ ഇതുവരെ അവര്‍ നൈജറാണ് താവളമാക്കി മാറ്റിയിരുന്നത്. ഇപ്പോള്‍ നൈജറില്‍ പട്ടാള അട്ടിമറി നടന്നതോടെ ഫ്രഞ്ച് സൈന്യം അവിടെ നിന്നും തുരത്തപ്പെടുന്നപക്ഷം തങ്ങളുടെ രാജ്യസുരക്ഷയ്ക്കായി മാലിയില്‍ തമ്പടിച്ചിട്ടുള്ള വാഗ്നര്‍ ഗ്രൂപ്പിന്റെ കൂലിപ്പടയാളികളെയാകും സ്വാഭാവികമായും നൈജര്‍ ആശ്രയിക്കുക. നൈജറിലെ സൈനിക ഭരണകൂടത്തിന്റെ പ്രതിനിധിയും വാഗ്നര്‍ ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ ഈ സ്ഥിതിവിശേഷത്തിലേക്കാണ് നയിക്കുക.. നൈജറിലെ പട്ടാള അട്ടിമറിയില്‍ റഷ്യയ്ക്ക് നേരിട്ട് പങ്കില്ലെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ വ്യക്തമാക്കിയിരിക്കുന്നതെങ്കിലും നൈജറിലെ സംഭവവികാസങ്ങള്‍ റഷ്യയ്ക്ക് അനുകൂലമായി വന്നുഭവിക്കുമെന്ന ചിന്ത പാശ്ചാത്യലോകത്തിനുണ്ട്. വാഗ്നര്‍ ഗ്രൂപ്പിന്റെ നൈജറിലെ സാന്നിധ്യം കൂടുതല്‍ മനുഷ്യവകാശ ധ്വംസനങ്ങള്‍ക്കും ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിലേക്കുമാകും ചെന്നെത്തുകയെന്നും അവര്‍ വിലയിരുത്തുന്നു. അങ്ങനെ സംഭവിക്കുന്നപക്ഷം നിലവില്‍ ഫ്രാന്‍സ് നൈജറില്‍ നടത്തിയിരുന്ന വിഭവചൂഷണം ഭാവിയില്‍ റഷ്യ ഏറ്റെടുക്കുമെന്നല്ലാതെ നൈജറിലെ ജനതയുടെ ജീവിതനിലവാരത്തില്‍ തെല്ലും മാറ്റമുണ്ടാകുമെന്ന് ആരും കരുതുന്നുമില്ല.

ഇക്കോവാസിന്റെ അന്ത്യശാസനം തള്ളിയ നൈജറിലെ പട്ടാള ഭരണകൂടത്തിനെതിരെ ഇനി ഏതു മട്ടിലുള്ള നീക്കങ്ങളാകും നടക്കുകയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. നൈജറിലെ പട്ടാള ഭരണകൂടത്തിനെതിരെ നീക്കം നടത്തരുതെന്ന് ഇതിനകം റഷ്യ താക്കീത് നല്‍കിക്കഴിഞ്ഞിരിക്കുന്നു. അമേരിക്ക അത്തരമൊരു സൈനികനീക്കത്തെ ഇനിയും പിന്തുണച്ചിട്ടില്ലെങ്കിലും ഇക്കോവാസിനൊപ്പമാണ് അമേരിക്കന്‍ ഹൃദയമെന്നുറപ്പാണ്. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ പട്ടിണി രാജ്യം വികസിതരാഷ്ട്രങ്ങളായ റഷ്യയും അമേരിക്കയും തമ്മിലുള്ള യുദ്ധഭൂമിയായി മാറുമോ എന്ന ആശങ്കയിലാണ് ലോകം.

Story Highlights: Is Russia involved in Niger coup through Wagner Group? explainer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here