ഇന്ത്യയുടെ നാലാം നമ്പറിൽ ആര്? മറുപടിയുമായി ഡിവില്ലിയേഴ്സ്

ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യൻ ടീമിന്റെ നാലാം നമ്പറിനെക്കുറിച്ചുള്ള ആശങ്ക അനുദിനം വർധിച്ചുവരികയാണ്. 2019 ലോകകപ്പിന് മുമ്പ് തുടങ്ങിയതാണ് നാലാം നമ്പർ ബാറ്റർക്കു വേണ്ടിയുടെ ഇന്ത്യയുടെ അന്വേഷണം. സൂര്യകുമാർ യാദവ് മുതൽ സഞ്ജു സാംസൺ വരെയുള്ളവരെയെല്ലാം നാലാം നമ്പറിൽ പരീക്ഷിച്ചെങ്കിലും ആരും ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നിട്ടില്ല. ഇപ്പോഴിതാ ഈ ഉത്തരം കിട്ടാത്ത ‘നാലാം നമ്പർ’ ചോദ്യത്തിന് മറുപടി നല്കിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ലിയേഴ്സ്.
ലോകകപ്പിൽ ഇന്ത്യയുടെ നാലാം നമ്പർ പ്രഹേളികയ്ക്കുള്ള ഉത്തരം വിരാട് കോലിയായിരിക്കുമെന്ന് ഡിവില്ലിയേഴ്സ് അഭിപ്രായപ്പെട്ടു. “ഇന്ത്യയുടെ നാലാം നമ്പർ ബാറ്റർ ആരായിരിക്കും എന്നതിനെക്കുറിച്ചാണ് ഇപ്പോഴത്തെ സജീവ ചർച്ച. വിരാട് ആ സ്ഥാനം ഏറ്റെടുക്കുമെന്ന് ചില അഭ്യൂഹങ്ങൾ ഞാൻ കേട്ടു. ഇത് സത്യമാണെങ്കിൽ ഞാൻ പിന്തുണയ്ക്കും” – ആർസിബി സഹതാരത്തെ കുറിച്ച് തന്റെ യൂട്യൂബ് ചാനലായ ‘എബി ഡിവില്ലിയേഴ്സ് 360’ൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
“നാലാം നമ്പറിന് വിരാട് അനുയോജ്യനാണെന്ന് ഞാൻ വിശ്വസിക്കുന്നു. മധ്യനിരയിൽ ഏത് തരത്തിലുള്ള റോളും കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിയും. ഈ പൊസിഷനിൽ കളിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടോ എന്ന് എനിക്ക് എനിക്കറിയില്ല. കാരണം മൂന്നാം നമ്പറിൽ ഇറങ്ങാനാണ് കോലി ഇഷ്ടപ്പെടുന്നത് നമുക്ക് അറിയാം. മാത്രമല്ല, ഈ സ്ഥാനം കോലിയുടെ നേട്ടങ്ങൾക്ക് പിന്നിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്” – മിസ്റ്റർ 360 തുടർന്നു.
“ഒരു പ്രതിസന്ധി ഘട്ടത്തിൽ ടീം ആവശ്യപ്പെട്ടാൽ ബാക്കി എല്ലാം മറക്കണം. ടീം ആഗ്രഹിക്കുന്നതെന്തും നിറവേറ്റാൻ കളിക്കാർ ബാധ്യസ്ഥരാണ്. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ ടീമിനായി നിങ്ങളാൽ കഴിയുന്നത് പുറത്തെടുക്കണം, അത് ആവശ്യമാണ്” – ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു. നാലാം നമ്പറിൽ ഏഴ് സെഞ്ച്വറികളാണ് കോലി നേടിയത്. 55.21 ശരാശരിയും 90.66 സ്ട്രൈക്ക് റേറ്റും ഉണ്ട്. മറുവശത്ത്, 2020 ജനുവരിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ മുംബൈയിൽ കളിച്ചതിന് ശേഷം അദ്ദേഹം ആ സ്ഥാനത്ത് ബാറ്റ് ചെയ്തിട്ടില്ല എന്നത് വസ്തുതയാണ്.
Story Highlights: ‘Virat is perfect for No 4’ says AB de Villiers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here