Advertisement

‘അവാര്‍ഡുദാന ചടങ്ങിലും ഫിലിം ഫെസ്റ്റിലും കളങ്കിതനായ ചെയര്‍മാന്‍ പങ്കെടുക്കുന്നത് ശരിയല്ല’; രഞ്ജിത്തിനെതിരെ വീണ്ടും വിനയന്‍

August 28, 2023
Google News 2 minutes Read
Director Vinayan's Facebook post against Renjith

ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ സംവിധായകന്‍ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചലച്ചിത്ര അവാര്‍ഡ് വിതരണത്തില്‍ താന്‍ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഇതുവരെ മറുപടി കിട്ടിയില്ല എന്ന് സൂചിപ്പിച്ചാണ് വിനയന്റെ വിമര്‍ശനങ്ങള്‍. താന്‍ കോടതിയില്‍ പോകാതിരുന്നത് മറ്റു പലരെയും ബാധിക്കുന്നതിനാലാണ്. കേസ് തള്ളി പോകാന്‍ വ്യാജ പരാതികള്‍ കോടതിയില്‍ കൊടുത്തു. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ തന്നെ വിളിച്ച് പിന്തുണ അറിയിച്ചു. അവാര്‍ഡ്ദാന ചടങ്ങിലും ഫിലിം ഫെസ്റ്റിവല്ലും കളങ്കിതനായ ചെയര്‍മാന്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നും വിനയന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍. (Director Vinayan’s Facebook post against Renjith)

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

പ്രിയമുള്ള എന്റെ സുഹൃത്തുക്കള്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു

വളരെ അത്യാവശ്യമായ ഒരു കാര്യം നിങ്ങളുമായി പങ്കുവയ്‌കേണ്ടതുണ്ട് എന്നതു കൊണ്ടു കൂടിയാണ് ഇപ്പോളീ കുറിപ്പെഴുതുന്നത്…ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ ഇത്തവണത്തെ സിനിമാ അവാര്‍ഡു നിര്‍ണ്ണയത്തില്‍ തന്റെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് ഇടപെട്ടു എന്ന ജൂറി മെമ്പര്‍മാരുടെ തന്നെ വെളിപ്പെടുത്തലുകള്‍ക്കു ശേഷം അതിനെ ക്കുറിച്ച് വലിയ ചര്‍ച്ച നമ്മുടെ നാട്ടില്‍ നടന്നുവല്ലോ? ധാര്‍മ്മികതയുടെ പേരിലാണങ്കിലും നിയമ പരമായിട്ടാണങ്കിലും തെറ്റു ചെയ്തു എന്ന് പകലു പൊലെ വ്യക്തമായ സാഹചര്യത്തില്‍ ചെയര്‍മാന്‍സ്ഥാനം രാജി വയ്കുന്നതാണ് മാന്യത എന്നാണ് ഞാന്‍ അന്നും ഇന്നും പറയുന്നത് .. അല്ലാതെ കോടതിയില്‍ കേസിനു പോകുമെന്നോ പ്രഖ്യാപിച്ച അവാര്‍ഡ്കള്‍ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെടുമെന്നോ ഞാനൊരിടത്തും പറഞ്ഞിട്ടില്ല.. ഒരു നിലപാടെടുത്താല്‍ യാതൊരു കാരണവശാലും ഞാനതില്‍ നിന്നു മാറുകയില്ല എന്ന് എന്നെ മനസ്സിലാക്കിയിട്ടുള്ള സുഹൃത്തുക്കള്‍ക്കറിയാം.. ജൂറി മെമ്പര്‍മാരുടെ വോയിസ് ക്ലിപ്പ് ഉള്‍പ്പെടെ കൃത്യമായ തെളിവുകളുമായി കോടതിയില്‍ പോയാല്‍ അക്കാദമി പുലിവാലുപിടിക്കും എന്നറിയാഞ്ഞിട്ടല്ല ഞാനതിനു പോകാഞ്ഞത്. അതെന്റെ നിലപാടായിരുന്നു… അതിനു ചില കാരണങ്ങളും ഉണ്ടായിരുന്നു.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

അക്കാദമി ചെയര്‍മാന്‍ ശ്രീ രഞ്ജിത് കാണിച്ച വൃത്തികേടിന് മറ്റു പലരും ബുദ്ധിമുട്ടേണ്ടതില്ലല്ലോ എന്നാണ് ഞാന്‍ കരുതിയത്.പക്ഷേ സിനിമാക്കഥ പോലുള്ള ചില കോടതി നാടകങ്ങള്‍ നടത്തി നിയമത്തിന്റെ കണ്ണില്‍ പൊടിയിട്ട് ആ പബ്ലിസിറ്റിയില്‍ രക്ഷപെടാനുള്ള ശ്രമം മറു പക്ഷത്ത് നടക്കുന്നു എന്നത് പരിഹാസ്യമാണ്. ചില ഡമ്മി കക്ഷികളെ കണ്ടെത്തി യാതൊരു തെളിവും ഹാജരാക്കാതെ കോടതികളില്‍ കേസുകൊടുപ്പിച്ചു തള്ളിക്കുക. ആ വാര്‍ത്ത കൊടുത്ത് താന്‍ തെറ്റുകാരനല്ലന്ന് വരുത്തി തീര്‍ക്കുക.ഈ തിരക്കഥ കാലഹരണപ്പെട്ടതാണന്ന് പറഞ്ഞു കൊള്ളട്ടെ.. ഇന്നു സുപ്രീം കോടതിയില്‍ ചെല്ലുമ്പോള്‍ അവിടെ തടസ്സ ഹര്‍ജി കൊടുത്തു എന്നു കൂടി വാര്‍ത്തവന്നാല്‍ സംഗതി വളരെ വിശ്വസനീയമായി എന്നു ധരിക്കുന്നെങ്കില്‍ അതില്‍ ഇങ്ങനൊരു ചതി ഉണ്ടായിരുന്നു എന്ന് നിങ്ങളെ ധരിപ്പിക്കേണ്ടത് എന്റെ ആവശ്യമാണ്..

ഞാന്‍ കൊടുത്ത പരാതിയില്‍ ബഹു:സാംസ്‌കാരിക മന്ത്രിയില്‍ നിന്നും ഒരു മറുപടിയും എനിക്കിതേവരെ കിട്ടിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ശ്രീ മനു സി പുളിക്കന്‍ എന്നെ വിളിച്ചിരുന്നു.. രഞ്ജിത്തിന്റെ കുറ്റകരമായ ഇടപെടലിനെപ്പറ്റി ജൂറി അംഗം നേമം പുഷ്പരാജ് മനു സി പുളിക്കനെ ആ സമയത്തു തന്നെ അറിയിച്ചിരുന്നു എന്നാണ് പുഷ്പരാജ് വെളുപ്പെടുത്തിയത്.. ശ്രീ മനു അതു നിഷേധിച്ചില്ല എന്നത് അദ്ദേഹത്തിന്റെ സത്യസന്ധത വെളിപ്പെടുത്തുന്ന കാര്യമാണ്..ശ്രി മനുവിനെ ഞാനതില്‍ അഭിനന്ദിക്കുന്നു.പക്ഷേ ഇതേവരെ മറ്റു നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല.. ഞാന്‍ ഏറെ സ്‌നേഹാദരവോടെ കാണുന്ന കേരള ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ കൂടി ആയ വിഖ്യാത സംവിധായകന്‍ ശ്രി ഷാജി എന്‍ കരുണും ഈ കാര്യത്തെപ്പറ്റി സംസാരിക്കാന്‍ എന്നെ വിളിച്ചിരുന്നു.. അക്കാദമി ചെയര്‍മാന്‍ പോലെ വലിയ ഒരു പൊസിഷനില്‍ ഇരിക്കുന്ന ആള്‍ ഇത്തരം ഇടപെടലുകള്‍ നടത്തിയെങ്കില്‍ അത് അങ്ങേയറ്റം തെറ്റാണന്നും അക്കാര്യം വെളിയില്‍ കൊണ്ടുവന്ന വിനയനെ അഭിനന്ദിക്കുന്നു എന്നുമാണ് അദ്ദേഹം ഒടുവില്‍ പറഞ്ഞു വച്ചത്. ഇക്കാര്യം കാണിച്ച് ഷാജിയേട്ടന്‍ എനിക്കു മെയിലും ചെയ്തിരുന്നു.. ശ്രീ ഷാജി എന്‍ കരുണിന്റെ വാക്കുകള്‍ക്ക് ഞാന്‍ വലിയ വിലനല്‍കുന്നു.. ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ആയിരുന്നല്ലോ അദ്ദേഹം.. ഏതായാലും അക്ഷന്തവ്യമായ തെറ്റാണ് ശ്രീ രഞ്ജിത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത് എന്ന കാര്യത്തില്‍ കേരളത്തില്‍ സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്കും സംശയമുണ്ട് എന്നെനിക്കു തോന്നുന്നില്ല.. ശ്രീ രഞ്ജിത്തിന്റെ നാളുകളായുള്ള മൗനവും അതിനെ ശരിവയ്കുന്ന താണല്ലോ? ഈ വാര്‍ത്ത വന്നതിനു ശേഷം കഴിഞ്ഞപ്രാവശ്യത്തെ അവാര്‍ഡു നിര്‍ണ്ണയത്തിലും ശ്രീ രഞ്ജിത് ഇടപെട്ടു എന്നും ഇഷ്ടക്കാര്‍ക്ക് അവാഡ് വാങ്ങിക്കൊടുത്തു എന്നും ചലച്ചിത്ര മേഖലയിലെ തന്നെ പല വ്യക്തികളും എന്നെ വിളിച്ചു പറഞ്ഞു.. എന്നാല്‍ അത്തരം കേട്ടു കേള്‍വികളൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല.. പക്ഷേ ഇവിടെ ശക്തമായ തെളിവുകളുണ്ട്. വ്യക്തി വൈരാഗ്യവും പകയും ഒന്നും തീര്‍ക്കാനുള്ളതല്ല ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനം.. മറ്റൊരു നടപടി ഉണ്ടായില്ലങ്കിലും ഇനിയുള്ള അവാര്‍ഡു ദാന ചടങ്ങിലും ഫിലിം ഫെസ്റ്റിവലിലും ഒക്കെ കളങ്കിതനെന്ന് ആരോപണം ഉയര്‍ന്ന ഈ ചെയര്‍മാന്‍ പങ്കെടുക്കുന്നത് ഒട്ടും ഉചിതമല്ല.. അതു പ്രതിഷേധാര്‍ഹമാണ്.. അതിനുള്ള നീതി പൂര്‍വ്വമായ തീരുമാനം ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു…

Story Highlights: Director Vinayan’s Facebook post against Renjith

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here