‘മിത്തിന് ശേഷം വിശ്വാസികളുടെ നെഞ്ചത്ത് മറ്റൊരു കുത്ത് കൂടി’;സ്പീക്കർക്ക് കൂട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകൻ:കുമ്മനം രാജശേഖരൻ
കേരള നിയമസഭാ സ്പീക്കർക്ക് തമിഴ്നാട് മുഖ്യമന്ത്രിയുടെ മകൻ കൂട്ടിനെത്തിയെന്ന് മിസോറം മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. മിത്താണെന്ന ആക്ഷേപം കേട്ട് വ്രണിത ഹൃദയരായ വിശ്വാസികളുടെ നെഞ്ചത്ത് ആഞ്ഞ് മറ്റൊരു കുത്തുകയാണ് ഉദയനിധി സ്റ്റാലിൻ ചെയ്തതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(Kummanam Rajashekharan against udhayanidhi stalin)
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
ധർമ്മവിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദയനിധി ഉദ്ദേശിച്ചതെങ്കിൽ അതൊരു കൂട്ടക്കൊലക്കുള്ള ആഹ്വാനമായേ കരുതാനാകൂ.. ഇത് ഡിഎംകെയും സർക്കാരിന്റെയും പ്രഖ്യാപിതനയമാണോ എന്ന് മുഖ്യമന്ത്രി സ്റ്റാലിൻ വ്യക്തമാക്കേണ്ടതാണെന്നും കുമ്മനം രാജശേഖരൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
കേരള നിയമസഭാ സ്പീക്കർക്ക് തമിഴ്നാട് മുഖ്യമന്ത്രിയുടെ മകൻ കൂട്ടിനെത്തി.
മിത്താണെന്ന ആക്ഷേപം കേട്ട് വ്രണിത ഹൃദയരായ വിശ്വാസികളുടെ നെഞ്ചത്ത് ആഞ്ഞ് മറ്റൊരു കുത്ത് കൂടി.സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്നാണ് സ്റ്റാലിന്റെ മകനായ ഉദയനിധിയുടെ ആക്രോശം.
തുടക്കമോ ഒടുക്കമോ ഇല്ലാതെ എന്നെന്നും നിലനിൽക്കുന്നതാണ് സനാതന ധർമ്മം. അതിനെ എങ്ങനെയാണ് നിർമ്മാർജനം ചെയ്യുക. ധർമ്മവിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദ്ദേശിച്ചതെങ്കിൽ അതൊരു കൂട്ടക്കൊലക്കുള്ള ആഹ്വാനമായേ കരുതാനാകൂ.. ഇത് ഡിഎംകെയും സർക്കാരിന്റെയും പ്രഖ്യാപിതനയമാണോ എന്ന് മുഖ്യമന്ത്രി സ്റ്റാലിൻ വ്യക്തമാക്കേണ്ടതാണ്.
നയമാണെങ്കിൽ എല്ലാ മാസവും മലയാള മാസം ഒന്നാം തീയതി മുടങ്ങാതെ ശബരിമലക്ക് പോകുന്ന തന്റെ രണ്ട് സഹമന്ത്രിമാരെ മന്ത്രിസഭയിൽ നിന്നും “നിർമ്മാർജനം’ ” ചെയ്യാൻ ഉദയനിധി മുഖ്യമന്ത്രിയോട് ശുപാർശ ചെയ്യുമോ?
തന്റെ അമ്മ ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ മാസം നടക്കുവെച്ച സ്വർണ്ണ കിരീടം ക്ഷേത്രത്തിൽ നിന്നും നിർമ്മാജനം ചെയ്യുവാൻ അദ്ദേഹം ആവശ്യപ്പെടുമോ?
ഭാരതത്തെ ശിഥിലമാക്കണമെങ്കിൽ ഭാരത ജനതയുടെ ആത്മവീര്യം നശിപ്പിക്കണം.
അതിന് വിശ്വാസത്തെ തച്ചുടക്കണം.
ആ ജോലിയാണ് ഉദയനിധി ഏറ്റെടുത്തിട്ടുള്ളത്.
സമീപകാലത്ത് ഉണ്ടായിട്ടുള്ള പല വിവാദങ്ങൾക്കും പിന്നിൽ ഭാരത ജനതയിൽ അന്തഛിദ്രം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവത്തിക്കുന്ന പല വിദേശ ശക്തികളുടേയും അദൃശ്യകരങ്ങളുണ്ട് – വിവേകാനന്ദ സ്വാമികളും മഹാത്മാ ഗാന്ധിയും മറ്റ്
ഋഷിശ്രേഷ്ഠന്മാരും പാലൂട്ടി സംരക്ഷിച്ചു പരിപാലിച്ചു പോന്ന സനാതനധർമ്മത്തിന് നേരെ കല്ലെറിയുന്നവർ സ്വന്തം നാടിന്റെ വേരറുക്കുകയാണ്.
ശ്രീരാമകൃഷ്ണ ദേവൻ പറഞ്ഞു: ” നമ്മുടെ ധർമ്മം സനാതനമാണ്. അത് ആരും ഉണ്ടാക്കിയതല്ല. ഉള്ളതാണ്. “
ഉള്ളതിനെ നിർമ്മാർജനം ചെയ്യാനാവില്ലെന്ന് ഉദയനിധിക്ക് താനേ മനസിലായിക്കൊള്ളും.
Story Highlights: Kummanam Rajashekharan against udayanidhi stalin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here