Advertisement

6 മണിക്ക് മുൻപ് പോളിംഗ് ബൂത്തിലെത്തുന്ന എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കും; കോട്ടയം കളക്ടർ

September 5, 2023
Google News 2 minutes Read
Problem in Puthuppally polling; Kottayam Collector responded

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്ന പോളിം​ഗ് ബൂത്തുകളിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നും വോട്ടിംഗ് മെഷീന് വ്യാപക തകരാർ ഇല്ലെന്നും കോട്ടയം കളക്ടർ ട്വൻ്റി ഫോറിനോട് പറഞ്ഞു. 55 ശതമാനത്തിൽ താഴെ വോട്ടിംഗ് നടന്ന 30 പോളിംഗ് സ്റ്റേഷനിലേക്കും കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചു. സ്ഥാനാർത്ഥിയുടെ പരാതികൾ പരിശോധിച്ചിരുന്നു. ചില ഇടങ്ങളിൽ മാത്രമാണ് പ്രശ്നമുള്ളത്. അത് പരിഹരിച്ചിട്ടുണ്ട്. 6 മണിയ്ക്ക് മുൻപ് പോളിംഗ് ബൂത്തിൽ എത്തുന്ന എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും കളക്ടർ വ്യക്തമാക്കി.

അതേസമയം, മണർകാട് പഞ്ചായത്തിലെ 88ാം നമ്പർ ബൂത്തിലെ പ്രശ്നത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ രം​ഗത്തെത്തി. ആളുകൾ വോട്ട് ചെയ്യാതെ മടങ്ങുകയാണെന്നും ജനങ്ങൾക്ക് കൃത്യമായി വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടില്ലെന്നുമാണ് ചാണ്ടി ഉമ്മന്റെ ആക്ഷേപം. ഇതൊരു തെരഞ്ഞെടുപ്പാണ്. പല ബൂത്തുകളിലും കാര്യമായ പ്രശ്നമുണ്ട്. ഇലക്ഷൻ കമ്മിഷനും സർക്കാരിനും ഇതിന്റെ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ആഞ്ഞടിച്ചു.

ബൈഇലക്ഷന്റെ സൗകര്യം പലയിടത്തും കൃത്യമായി ഒരുക്കിയില്ല. ഇലക്ഷനെ ലാഘവത്തോടെയാണ് കണ്ടത്. വിഷയത്തിൽ പരാതി കൊടുത്തിട്ടുണ്ട്. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് റിട്ടേണിംഗ് ഓഫീസറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ വോട്ടിം​ഗ് സമയം നീട്ടേണ്ടി വരുമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു

മണർകാട് 88-ാം ബൂത്തിൽ വോട്ട് ചെയ്യാൻ മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥ തുടരുകയാണ്. വോട്ട് ചെയ്യാതെ ആളുകൾ മടങ്ങുന്നുമുണ്ട്. വോട്ടിംഗ് മെഷീന് സാങ്കേതിക പ്രശ്നം ഉണ്ടെന്നാണ് പ്രിസൈഡിങ് ഓഫീസറുടെ വിശദീകരണം. സമയം പ്രശ്നമായതിനാൽ ഇനി മെഷീൻ മാറ്റി വെക്കാൻ കഴിയില്ലെന്നാണ് പ്രിസൈഡിങ് ഓഫീസർ വ്യക്തമാക്കുന്നത്. 88-ാം നമ്പർ ബൂത്തിൽ വിവിപാറ്റ് വരാനും ബീപ് സൗണ്ട് കേൾക്കാനും സമയം വൈകുന്നുണ്ട്. പ്രായമായവർ പലരും നിന്ന് മടുത്തിട്ട് തിരികെ പോകുന്നുണ്ട്. 10 സെക്കൻഡ് കൊണ്ട് കേൾക്കേണ്ട ബീപ് സൗണ്ട് വൈകിയാണ് കേൾക്കുന്നതെന്ന് പ്രിസൈഡിങ് ഓഫീസറും പറയുന്നു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് ഇടതുപക്ഷത്തിന് പ്രതീക്ഷ നൽകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. ഇടതുപക്ഷം നല്ല രീതിയിൽ പ്രചരണം നടത്തി. നല്ല വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട്. ഈസി വാക്ക് ഓവർ ആകുമെന്നാണ് കോൺഗ്രസ് കരുതിയതെന്നും അവർക്ക് തെറ്റിയെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Problem in Puthuppally polling; Kottayam Collector responded

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here