Advertisement

രോഹിത് കുഞ്ഞൻ ടീം മർദ്ദകൻ, കോലിയെ കണ്ട് പഠിക്കൂ എന്ന് സോഷ്യൽ മീഡിയ; വെറുപ്പ് പ്രചാരണങ്ങൾക്കു പിന്നിലെ സത്യാവസ്ഥ

September 6, 2023
Google News 2 minutes Read
trolls rohit sharma facts

ഇക്കൊല്ലം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോൾ സൂര്യകുമാർ യാദവിനു ലഭിച്ച ഇടവും സഞ്ജുവിനെ പുറത്താക്കിയതും വ്യാപകമായി ചർച്ചയാക്കപ്പെടുന്നതിനിടയിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ ക്രെഡിബിലിറ്റിയെപ്പറ്റിയും സോഷ്യൽ മീഡിയ ആരായുന്നുണ്ട്. ഏഷ്യാ കപ്പിൽ പാകിസ്താനെതിരെ പരാജയപ്പെട്ട് നേപ്പാളിനെതിരെ മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കളിച്ചപ്പോൾ ശക്തി പ്രാപിച്ച ട്രോളുകളാണ് ലോകകപ്പ് ടീം പ്രഖ്യാപനത്തിലേക്കു തുടർന്നത്. കുഞ്ഞൻ ടീം മർദ്ദകനെന്ന ടാഗാണ് രോഹിതിന് സോഷ്യൽ മീഡിയ വ്യാപകമായി പതിച്ചുനൽകുന്നത്. എന്നാൽ, എന്താണ് ഇതിൻ്റെ സത്യം? കണക്കുകൾ പരിശോധിക്കാം. (trolls rohit sharma facts)

2023ൽ രോഹിത് ശർമ ആകെ കളിച്ചത് 11 ഇന്നിംഗ്സാണ്. ഇതിൽ ആകെ 468 റൺസ്. ശരാശരി 52, സ്ട്രൈക്ക് റേറ്റ് 105.88. ഒരു സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയും ഇക്കൊല്ലം രോഹിത് നേടി. ശ്രീലങ്ക, ന്യൂസീലൻഡ്, നേപ്പാൾ എന്നീ ടീമുകൾക്കെതിരെയാണ് ഫിഫ്റ്റികൾ. സെഞ്ചുറി ന്യൂസീലൻഡിനെതിരെ. അഞ്ച് ഇന്നിംസ്ഗുകളിൽ രോഹിത് 100നു മുകളിൽ സ്ട്രൈക്ക് റേറ്റ് സൂക്ഷിച്ചിരുന്നു. ഏഷ്യാ കപ്പിൽ പാകിസ്താനെതിരെ 22 പന്തിൽ 11 റൺസ് നേടി പുറത്തായി. നേപ്പാളിനെതിരെ 59 പന്തിൽ 74 റൺസ് നോട്ടൗട്ട്.

ഇക്കൊല്ലത്തെ കോലിയുടെ കണക്കെടുക്കാം. ഈ വർഷം കോലി ആകെ കളിച്ചത് 10 ഇന്നിംഗ്സുകളിൽ. ഇതിൽ രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും സഹിതം 431 റൺസ്. 114.93 സ്ട്രൈക്ക് റേറ്റ്, 47.89 ശരാശരി. നേടിയ രണ്ട് സെഞ്ചുറികളും ശ്രീലങ്കക്കെതിരെ. ഒരു ഫിഫ്റ്റി ഓസ്ട്രേലിയക്കെതിരെ. നാല് ഇന്നിംഗ്സിൽ നൂറിനു മുകളിൽ സ്ട്രൈക്ക് റേറ്റ്. ഏഷ്യാ കപ്പിൽ പാകിസ്താനെതിരെ 7 പന്തിൽ 4 റൺസ് നേടി പുറത്തായി. നേപ്പാളിനെതിരെ ബാറ്റ് ചെയ്തില്ല.

ഏതാണ്ട് സമാന കണക്കുകളാണ് രോഹിതിനും കോലിക്കും ഈ വർഷം ഏകദിനത്തിലുള്ളത്. ഇരുവരും 100നു മുകളിൽ സ്ട്രൈക്ക് റേറ്റ് 50 ഉം സ്ട്രൈക്ക് റേറ്റും സൂക്ഷിച്ചിരിക്കുന്നു. ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ കരുത്തരായ ടീമുകൾക്കെതിരെ ഇരുവരും അത്ര നന്നായില്ല എന്നത് പരിഗണിക്കുമ്പോൾ തന്നെ ന്യൂസീലൻഡിനെതിരെ രോഹിതിന് ഒരു സെഞ്ചുറിയും ഫിഫ്റ്റിയുമുണ്ട്. ഓസ്ട്രേലിയക്കെതിരെ രോഹിതിൻ്റെ ഉയർന്ന സ്കോർ 30 ആണ്. കോലിയ്ക്ക് ഒരു ഫിഫ്റ്റിയുണ്ട്. ശ്രീലങ്ക, നേപ്പാൾ എന്നീ താരതമ്യേന കരുത്തുകുറഞ്ഞ ടീമിനെതിരെയാണ് ഇരുവരും നന്നായി കളിച്ചത്.

ഇനി 2022ലെ കണക്ക് നോക്കാം. 2022ൽ 8 ഇന്നിംഗ്സ് കളിച്ച രോഹിത് 41.50 ശരാശരിയിൽ 114.22 സ്ട്രൈക്ക് റേറ്റിൽ ആകെ നേടിയത് 249 റൺസ്. വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ ടീമുകൾക്കെതിരെ ഫിഫ്റ്റി. നാല് കളി നൂറിനു മുകളിൽ സ്ട്രൈക്ക് റേറ്റ്. കോലി 2022ൽ നേടിയത് 11 ഇന്നിംഗ്സിൽ നിന്ന് 302 റൺസ്. 27.45 ശരാശരിയും 87.03 സ്ട്രൈക്ക് റേറ്റും. ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് ഫിഫ്റ്റിയും ബംഗ്ലാദേശിനെതിരെ സെഞ്ചുറിയും. രണ്ട് കളി നൂറിനു മുകളിൽ സ്ട്രൈക്ക് റേറ്റ്.

അതായത്, സോഷ്യൽ മീഡിയ അവകാശപ്പെടുന്നതുപോലെ ഇക്കഴിഞ്ഞ വർഷങ്ങളിൽ രോഹിത് ശർമ ഏകദിനത്തിൽ മോശം പ്രകടനങ്ങളല്ല നടത്തിയിട്ടുള്ളത്. വിരാട് കോലിയെക്കാൾ ഒരല്പം കൂടി മികച്ച രീതിയിൽ ഏകദിനം കളിക്കാൻ രോഹിതിനു കഴിഞ്ഞിട്ടുണ്ട്. ഈ വർഷം ഇരുവരും ഏകദേശം സമാന പ്രകടനങ്ങളായിരുന്നെങ്കിൽ കഴിഞ്ഞ വർഷം കൃത്യമായി രോഹിത് മുന്നിലാണ്.

എന്നാൽ, ടി-20കളിൽ വിരാട് ബഹുദൂരം മുന്നിലാണ്. ഇക്കൊല്ലം ഇരുവരും രാജ്യാന്തര ടി-20 കളിച്ചിട്ടില്ല. എന്നാൽ, 2022ൽ കോലിക്ക് 138.23 സ്ട്രൈക്ക് റേറ്റും 55.79 ശരാശരിയുമുണ്ട്. എന്നാൽ, രോഹിതിന് 134.43 സ്ട്രൈക്ക് റേറ്റും 24.30 ശരാശരിയുമേയുള്ളൂ.

Story Highlights: social media trolls rohit sharma odi batting stats facts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here