Advertisement

സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം; 7 വർഷം കൊണ്ട് 3,800 കോടി ചെലവഴിച്ചതായി മന്ത്രി

September 21, 2023
Google News 2 minutes Read
3800 crore spent on infrastructure development of schools; V Shivankutty

സംസ്ഥാനത്തെ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് കഴിഞ്ഞ ഏഴ് വർഷത്തിനിടെ 3,800 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം തുടരും. എന്തൊക്കെ തടസങ്ങളുണ്ടായാലും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി.

ഒരുകോടി രൂപ ചെലവിട്ട് കുന്നപ്പുഴ ഗവണ്‍മെന്റ് എല്‍.പി.എസില്‍ നിര്‍മിക്കുന്ന ബഹുനിലമന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് വര്‍ഷത്തിനുള്ളില്‍ നേമം മണ്ഡലത്തിലെ എല്ലാ സ്കൂളുകള്‍ക്കും പുതിയ കെട്ടിടങ്ങള്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും സാര്‍വത്രികവും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കുന്ന ദീര്‍ഘവും സമ്പന്നവുമായ ചരിത്രമാണ് കേരള സ്കൂള്‍ വിദ്യാഭ്യാസ മേഖലക്കുള്ളത്. വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള മൂന്ന് ദശലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന 15,000-ത്തോളം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളുടെ ശൃംഖലയും സംസ്ഥാനത്തിനുണ്ട്.

പഠന ഫലങ്ങളുടെ ഗുണനിലവാരവും തുല്യതയും വര്‍ധിപ്പിക്കുന്നതിനായി വിവിധ പരിഷ്‌കാരങ്ങളും നൂതന ആശയങ്ങളും നടപ്പിലാക്കുന്നതില്‍ കേരള സ്കൂള്‍ വിദ്യാഭ്യാസ രംഗം മുന്‍പന്തിയിലാണ്. വിദ്യാര്‍ത്ഥി പ്രവേശനം, ഹാജര്‍, പരീക്ഷ, സ്കോളര്‍ഷിപ്പ്, ട്രാന്‍സ്ഫര്‍ തുടങ്ങിയ സ്കൂള്‍ അഡ്മിനിസ്‌ട്രേഷന്റെ എല്ലാ വശങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ഒരു വെബ് അധിഷ്ഠിതസമ്പൂര്‍ണ സ്കൂള്‍ മാനേജ്‌മെന്റ് സിസ്റ്റവും നമുക്കുണ്ട്.

എല്ലാ ഹൈസ്കൂളുകള്‍ക്കും ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ക്കും ലാപ്‌ടോപ്പുകള്‍, പ്രൊജക്ടറുകള്‍, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ ഉള്ളടക്കം എന്നിവ ലഭ്യമാക്കുന്ന സ്കൂള്‍ പദ്ധതി, അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതികള്‍, സാറ്റലൈറ്റ്, കേബിള്‍ ടിവി എന്നിവയിലൂടെ വിദ്യാഭ്യാസ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്ന വിക്ടേഴ്സ്, സ്കൂളിലെ പ്രകടനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന സമേതം പദ്ധതി, ഓരോ സ്കൂളിനും ഒരു വിക്കി പേജ് സൃഷ്ടിക്കുന്ന സ്‌കൂള്‍ വിക്കി പദ്ധതി തുടങ്ങി നിരവധി നൂതന പദ്ധതികള്‍ സ്കൂളുകളില്‍ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Story Highlights: 3800 crore spent on infrastructure development of schools; V Shivankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here