Advertisement

കടാപ്പുറത്തൊരു വഞ്ചിയിൽ ഏകനായി പാടുന്ന പരീക്കുട്ടി, ഏകാന്തതയുടെ അപാരതീരം തേടുന്ന എഴുത്തുകാരൻ…; മലയാളത്തിന്റെ മധുനിലാവ് നവതി നിറവിൽ

September 23, 2023
Google News 3 minutes Read
Actor Madhu 90th birthday

അറുപതു വർഷമായി മലയാള സിനിമയിൽ സജീവസാന്നിധ്യമായ മധുവിന് ഇന്ന് തൊണ്ണൂറാം ജന്മദിനം. കോളെജ് അധ്യാപകന്റെ തൊഴിൽ ഉപേക്ഷിച്ച് ചലച്ചിത്രഅഭിനേതാവായ മധു, നാനൂറിലധികം കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയിട്ടുണ്ട്. 12 സിനിമകൾ സംവിധാനം ചെയ്തു. 15 സിനിമകൾ നിർമ്മിച്ചു. നവതിയുടെ നിറവിലെത്തിയ മലയാളത്തിന്റെ മഹാനടന്റെ ജീവിതം ഒരു സുന്ദരചിത്രം പോലെ മനോഹരമായിരുന്നു… (Actor Madhu 90th birthday)

പ്രണയാതുരനായകനായും പ്രതിനായകനായുമൊക്കെ ആറ് പതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമാണ് മധു എന്ന മാധവൻ നായർ. ആറു ദശാബ്ദങ്ങൾക്കു മുമ്പ് 1963ൽ എൻ എൻ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാൽപാടുകളിലൂടെയാണ് മധു സിനിമയിലെത്തിയത്. അന്നു തുടങ്ങിയ ആ ജൈത്രയാത്ര ഇന്ന് 400-ൽ അധികം സിനിമകളിലെത്തി നിൽക്കുന്നു.

തിരുവനന്തപുരത്ത് ഗൗരീശപട്ടത്ത് തിരുവനന്തപുരം മുൻ മേയർ ആർ പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെയും മകനായി 1933-ലാണ് ജനനം. നാട്ടിൻപുറത്തെ നാടകങ്ങൾ കണ്ടാണ് നടനാകാൻ മോഹിച്ചത്. നാഗർകോവിലെ സ്‌കോട്ട് ക്രിസ്ത്യൻ കോളെജിൽ ഹിന്ദി അധ്യാപകനായിരിക്കെ 1959-ൽ ദൽഹി നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ അഭിനയം പഠിക്കാനായി അധ്യാപകന്റെ തൊഴിൽ ഉപേക്ഷിച്ചു. സ്‌കൂൾ ഓഫ് ഡ്രാമയിൽ വച്ച് നടൻ അടൂർ ഭാസിയാണ് മധുവിനെ സംവിധായകൻ രാമു കാര്യാട്ടിന് പരിചയപ്പെടുത്തിയത്. രാമു കാര്യാട്ട തന്റെ മൂടുപടം എന്ന സിനിമയിലേക്ക് ക്ഷണിച്ചെങ്കിലും സിനിമ വൈകി.

1963-ൽ നിണമണിഞ്ഞ കാൽപാടുകളിൽ വേഷമിട്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിക്കുന്ന സ്റ്റീഫൻ എന്ന സൈനികനെയാണ് അവതരിപ്പിച്ചത്. ചിത്രത്തിൽ ഗാനരചയിതാവായിരുന്ന പി ഭാസ്‌കരനാണ് മാധവൻ നായരുടെ പേര് മധു എന്നാക്കി മാറ്റിയത്.

Read Also: കരുവന്നൂർ തട്ടിപ്പിലെ വിവാദങ്ങൾക്ക് പിന്നാലെ ഇന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് യോ​ഗം; എം വി ​​ഗോവിന്ദൻ പങ്കെടുക്കും

തൊട്ടടുത്ത വർഷം 1964-ൽ റിലീസ് ചെയ്ത ഭാർഗവീനിലയത്തിൽ എഴുത്തുകാരനായി വേഷമിട്ട മധു ആ സിനിമയുടെ നട്ടെല്ലായിരുന്നു. ഭാർഗവീനിലയത്തിന്റെ വിജയം മധുവിന് പകർന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല. 1965-ൽ രാമുകാര്യാട്ടിന്റെ ചെമ്മീനിലെ പരീക്കുട്ടി ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച കാൽപനിക കഥാപാത്രങ്ങളിലൊന്നായി മാറി. ഇമേജിന്റെ തടവറയിലാകാത്ത കഥാപാത്രങ്ങളെ തേടിയുള്ള സംവിധായകരുടെ യാത്രയിൽ മധു എന്ന നടനാണ് രാമു കാര്യാട്ടിനും വിൻസെന്റിനുമൊക്കെ തുണയായത്.

ചെമ്മീനിനുശേഷം മലയാളത്തിലേക്ക് രാഷ്ട്രപതിയുടെ മെഡൽ രണ്ടാമത് എത്തിച്ച അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിൽ വിശ്വം എന്ന നായകകഥാപാത്രത്തെ അനശ്വരമാക്കി. തുടർന്ന് എം ടിയുടെ കഥയിൽ പി എൻ മേനോൻ സംവിധാനം ചെയ്ത ഓളവും തീരത്തിലെ ബാപ്പുട്ടി, തകഴിയുടെ ഏണിപ്പടികളിലെ കേശവൻപിള്ള, രമണനിലെ മദനൻ, തുടങ്ങി നിരവധി വേഷങ്ങളിൽ മധു തിളങ്ങി. മലയാളത്തിനു പുറമേ, ഹിന്ദിയിലും തമിഴിലും മധു വേഷമിട്ടു. അമിതാഭ് ബച്ചന്റെ ആദ്യ സിനിമയായ സാത് ഹിന്ദുസ്ഥാനിയിൽ ഫുട്ബോൾ കോച്ചിന്റെ വേഷത്തിലായിരുന്നു മധു.

അഭിനേതാവിനപ്പുറം സംവിധായകന്റെ മേലങ്കിയും മധു എടുത്തണിഞ്ഞു. നിരാശാകാമുകനായി ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാതിരിക്കാനായി 1970-ൽ മധു പ്രിയ എന്ന സിനിമ സംവിധാനം ചെയ്ത് അതിൽ പ്രതിനായകനായി വേഷമിട്ടു. സി രാധാകൃഷ്ണന്റെ തേവിടിശ്ശി എന്ന നോവലാണ് പ്രിയയായി മാറിയത്. സിന്ദൂരച്ചെപ്പ്, കാമം ക്രോധം മോഹം തുടങ്ങി പന്ത്രണ്ട് സിനിമകളും സംവിധാനം ചെയ്തു. സ്റ്റുഡിയോ ഉടമയായും നിർമ്മാതാവായും മധു സിനിമയിൽ വിവിധ മേഖലകളിൽ നിറഞ്ഞുനിന്നു.

1964-ലായിരുന്നു മധുവിന്റെ വിവാഹം. പ്രൈമറി സ്‌കൂൾ കാലം തൊട്ട് അറിയാവുന്ന എം ജയലക്ഷ്മിയായിരുന്നു ഭാര്യ. ഏക മകൾ ഉമ. നിരവധി പുരസ്‌കാരങ്ങളും അറുപതാണ്ടു കാലത്തെ അഭിനയജീവിതത്തിൽ മധുവിനെ തേടിയെത്തി. 2004-ൽ മലയാള സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ അവാർഡ്, 2013-ൽ പത്മശ്രീ പുരസ്‌കാരം തുടങ്ങി എത്രയെത്ര അംഗീകാരങ്ങൾ, ബഹുമതികൾ. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായും മധു പ്രവർത്തിച്ചു.

Story Highlights: Actor Madhu 90th birthday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here