Advertisement

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്; ജനകീയ പ്രതിരോധം തീർക്കാനൊരുങ്ങി സിപിഐഎം

September 27, 2023
Google News 2 minutes Read
karuvannur bank congress protest

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. സിപിഐഎം നേതാവ് പി ആർ അരവിന്ദാക്ഷന്റെ വീട്ടിലേക്ക് ഇന്ന് കോൺഗ്രസ് മാർച്ച് നടത്തും. ഇതിനിടെ ജനകീയ പ്രതിരോധം തീർക്കാൻ ഒരുങ്ങുകയാണ് സിപിഐഎം. ഇഡി നടപടിക്കെതിരെ പരസ്യ പ്രതിഷേധം നടത്താനാണ് സിപിഐഎമ്മിൻ്റെ നീക്കം. അരവിന്ദാക്ഷൻ അടക്കമുള്ള നേതാക്കൾക്ക് പിന്തുണ നൽകും. (karuvannur bank congress protest)

കേസിൽ അറസ്റ്റിലായ സിപിഐഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷൻ, കരുവന്നൂർ സഹകരണ ബാങ്ക് മുൻ അക്കൗണ്ടന്റ് ജിൽസ് എന്നിവരെ ഇന്ന് പ്രത്യേക കോടതിയിൽ ഹാജരാക്കും. ഇരുവരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇഡി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പ്രതികൾ ഇന്ന് തന്നെ ജാമ്യാപേക്ഷ സമർപ്പിക്കും.

ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലിന് തൃശ്ശൂരിലെ വീട്ടിൽ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിൽ എടുത്തത്. ജിൽസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പി ആർ അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കേസിലെ മുഖ്യ പ്രതി സതീഷ് കുമാറാണ് പണം നൽകിയതെന്നും കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയ ബെനാമി വായ്പയിൽ നിന്നാണ് ഇത് കിട്ടിയതെന്നും ഇഡി പറയുന്നു. കരുവന്നൂർ ബാങ്കിൽ നടത്തിയ തട്ടിപ്പിന് സതീശനെ അരവിന്ദാക്ഷൻ സഹായിച്ചുവെന്നും തട്ടിപ്പാണെന്ന് അറിഞ്ഞാണ് സഹായം ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പി ആർ അരവിന്ദാക്ഷൻ, ജിൽസ് എന്നിവരെ ഇന്ന് പ്രത്യേക കോടതിയിൽ ഹാജരാക്കും

അരവിന്ദാക്ഷനെ അറസ്റ്റ്‌ ചെയ്‌ത ഇ.ഡിയുടെ നടപടിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ശക്തമായി പ്രതിഷേധിച്ചിരുന്നു. കോർപ്പറേറ്റുകൾക്ക്‌ അനുകൂലമായ സാമ്പത്തിക നയങ്ങളാണ്‌ കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്നത്‌. അതിന്‌ ബദലുയർത്തുന്നവിധം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സഹകരണ പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുകയെന്നത്‌ കേന്ദ്ര സർക്കാരിന്റെ നയമാണ്‌. അതിന്റെ ഭാഗമായാണ്‌ സഹകരണ പ്രസ്ഥാനത്തേയും, അതിനെ വളർത്തി മുന്നോട്ടുകൊണ്ടുപോകുന്ന ഇടതുപക്ഷ പ്രസ്ഥാനത്തേയും തകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഏജൻസികളുടെ ഇടപെടൽ.

ഇപ്പോൾ അറസ്റ്റ്‌ ചെയ്‌തിട്ടുള്ള അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തിയും, മർദ്ദിച്ചും കള്ളമൊഴി രേഖപ്പെടുത്തുവാനുള്ള ശ്രമം ഇ.ഡിയുടെ ഭാഗത്ത്‌ നിന്നുണ്ടായി. അത്‌ തുറന്നുകാട്ടിയ അരവിന്ദാക്ഷനെയാണ്‌ ഇപ്പോൾ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. ഇതുമായി ബന്ധപ്പെട്ട്‌ അവരുടെ പരാതി പോലീസിന്റെ മുമ്പിൽ നിൽക്കുകയാണ്‌. ഈ ഘട്ടത്തിലാണ്‌ അറസ്റ്റുണ്ടായത്‌ എന്നത്‌ ഇതിന്റെ പിന്നിലുള്ള താൽപര്യം വ്യക്തമാക്കുന്നതാണ്‌ എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.

Story Highlights: karuvannur bank fraud congress protest cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here