ഹൃദ്രോഗം കണ്ടുപിടിക്കുക, ചികിത്സയ്ക്കുക, പ്രതിരോധിക്കുക; ‘ഹൃദയസ്പര്‍ശം’ ക്യാമ്പയിൻ ആരംഭിക്കുമെന്ന് വീണാ ജോര്‍ജ്

ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ‘ഹൃദയസ്പര്‍ശം’ കാക്കാം ഹൃദയാരോഗ്യം എന്നപേരില്‍ സംസ്ഥാനതല കാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. (will start the ‘Hridayasparsham’ campaign-Veena George)
ഹൃദ്രോഗം കണ്ടുപിടിക്കുക, ചികിത്സയ്ക്കുക, പ്രതിരോധിക്കുക, സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രഥമ ശുശ്രൂക്ഷാ പരിശീലനം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇസിജി, ട്രോപ് ടി തുടങ്ങിയ സൗജന്യ പരിശോധനകൾ കാമ്പയിന്റെ ഭാഗമായി ലഭ്യമാക്കും. ഓട്ടോ ഡ്രൈവര്‍മാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, മറ്റു വോളണ്ടിയര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.
മെഡിക്കല്‍ കോളേജുകളുടെയും ഹാര്‍ട്ട് ഫൗണ്ടേഷന്റെയും സഹായത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനതല ഉദ്ഘാടനം നാളെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
ആര്‍ദ്രം ജീവിതശൈലീ സ്‌ക്രീനിംഗിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരിലുള്ള 1.48 കോടിയോളം പേരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. ഇവരില്‍ ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ള ആള്‍ക്കാരെ കണ്ടെത്തി വിദഗ്ധ പരിശോധനയ്ക്കായി റഫര്‍ ചെയ്യുകയും ചെയ്യുന്നു. ഇതിലൂടെ ഹൃദ്രോഗം വരാതെ നോക്കുന്നതിനും നേരത്തെ കണ്ടെത്തുന്നതിനും നമുക്ക് സാധിക്കും.
ഹൃദ്രോഗം നേരത്തെ കണ്ടെത്തുന്നതിന് ആവശ്യമായ പരിശോധനാ സൗകര്യങ്ങള്‍ ഒട്ടുമിക്ക ആശുപത്രികളിലും സജ്ജമാക്കിയിട്ടുണ്ട്. ട്രോപ്പ് ടി അനലൈസര്‍ എന്ന ഉപകരണത്തിലൂടെ ഹൃദയഘാതം നേരത്തെ കണ്ടെത്തുന്നതിനുള്ള സംവിധാനം താലൂക്ക്തല ആശുപത്രികളില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമേ ഈ വര്‍ഷം സ്റ്റെമി (STEMI – ST-elevation myocardial infarction) ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയിലുള്ള ഹൃദ്രോഗ ചികിത്സ ആരംഭിക്കുന്നതിനുള്ള പദ്ധതിയും ആവിഷ്‌ക്കരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.
Story Highlights: will start the ‘Hridayasparsham’ campaign-Veena George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here