ബിസ്‌ക്കറ്റ് മോഷണം; ബിഹാറിൽ കടയുടമ 4 കുട്ടികളെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു
പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികളെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. പലചരക്ക് കടയിൽ നിന്ന് ബിസ്‌ക്കറ്റ് മോഷ്ടിച്ചതിനാണ് കടയുടമയുടെ ക്രൂരമായ ശിക്ഷ. ബീഹാറിലെ ബെഗുസരായ് ജില്ലയിലാണ് സംഭവം.(Four boys tied to pole and beaten for stealing biscuits in Bihar)
ബിർപൂരിലെ ഫാസിൽപൂർ ഗ്രാമത്തിൽ ഒക്ടോബർ 28 ന് നടന്ന സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതോടെയാണ് പുറത്തറിയുന്നത്. കുട്ടികളെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുന്നതാണ് ദൃശ്യങ്ങൾ. ആളുകൾ നോക്കി നിൽക്കെയാണ് കടയുടമയുടെ മർദനം.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ കടയുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടികൾ സ്ഥിരമായി കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാറുണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഒക്ടോബർ 28 ന് കടയുടമ ഇവരെ പിടികൂടുകയും തുടർന്ന് തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയുമായിരുന്നുവെന്ന് ബെഗുസരായ് എസ്പി യോഗേന്ദ്ര കുമാർ പറഞ്ഞു.
കുട്ടികൾക്കെതിരെ ഇത്തരം നടപടി സ്വീകരിക്കുന്നത് ഗുരുതരമായ കുറ്റമാണ്. കുട്ടികളുടെ കുടുംബാംഗങ്ങളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്നും, കടയുടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് രേഖാമൂലം പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രക്ഷിതാക്കൾ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും കുമാർ കൂട്ടിച്ചേർത്തു.
Story Highlights: Four boys tied to pole and beaten for stealing biscuits in Bihar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here