Advertisement

മറാത്ത സംവരണം; മഹാരാഷ്ട്രയിൽ സംഭവിക്കുന്നതെന്ത്?

November 1, 2023
Google News 3 minutes Read
What is Maratha reservation and its history

കോര്‍പറേഷന്‍, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്നു. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 32ശതമാനം വരുന്ന പ്രബല സമുദായമായ മറാത്തികള്‍ ഇടഞ്ഞുതന്നെ. മറാത്ത സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കടുത്ത പ്രക്ഷോഭത്തിലാണ് മഹാരാഷ്ട്രയിലെ മറാത്തി വിഭാഗം.(What is Maratha reservation and its history)

ആരാണ് മറാത്തികൾ?

സംസ്ഥാനത്തെ ജനസംഖ്യയുടെ 33 ശതമാനത്തോളം വരുന്ന കർഷകരും ഭൂവുടമകളും ഉൾപ്പെടുന്ന സമുദായമാണ് മറാത്തികൾ. മിക്ക മറാത്തികളും മറാത്തി ഭാഷ സംസാരിക്കുന്നവരാണെങ്കിലും, മറാത്തി സംസാരിക്കുന്ന എല്ലാ ആളുകളും ആ സമുദായത്തിൽ പെട്ടവരല്ല. സംസ്ഥാന രാഷ്ട്രീയത്തിൽ പ്രബലരായ മറാത്ത വിഭാ​ഗം സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് വരും. ചരിത്രപരമായി, വൻതോതിൽ ഭൂമി കൈവശമുള്ളവരാണ് ഇക്കൂട്ടർ. 1960ൽ മഹാരാഷ്ട്ര സംസ്ഥാനം രൂപീകൃതമായതുമുതൽ, അതിന്റെ 20 മുഖ്യമന്ത്രിമാരിൽ 12 പേർ ( ഏകനാഥ് ഷിൻഡെ ഉൾപ്പെടെ ) മറാത്ത സമുദായത്തിൽ നിന്നുള്ളവരാണ്. വർഷങ്ങളായി ഭൂമി വിഭജനവും കാർഷിക പ്രശ്നങ്ങളും മൂലം മറാത്തകൾക്കിടയിൽ സമൃദ്ധി കുറയുന്നതിന് ഇടയാക്കിയെങ്കിലും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ മറാത്തി സമൂഹം ഇപ്പോഴും ഒരു പ്രധാന പങ്ക് വഹിക്കുന്നു.

സംവരണം വേണമെന്ന ആവശ്യം

സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം വേണമെന്ന് മറാത്തി വിഭാഗക്കാർ ഏറെക്കാലമായി
മുന്നോട്ടുവയ്ക്കുന്ന ആവശ്യമാണ്. 32 വർഷം മുമ്പ് മത്തടി ലേബർ യൂണിയൻ നേതാവ് അണ്ണാ സാഹേബ് പാട്ടീലാണ് ഇതുസംബന്ധിച്ച് മുംബൈയിൽ ആദ്യ പ്രതിഷേധം നടത്തിയത്. 1981 മുതൽ, മറാത്ത സംവരണം സംസ്ഥാനത്തെ രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകമായി മാറുകയും ബഹുജന പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്തു. മറാത്തികൾ രാഷ്ട്രീയമായി സംസ്ഥാനത്ത് ആധിപത്യം പുലർത്തിയിട്ടും മറാത്ത സംവരണത്തിൻരെ കാര്യത്തിൽ മാത്രം തീരുമാനമായില്ല.

2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, അന്നത്തെ പൃഥ്വിരാജ് ചവാന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ മറാത്തകൾക്ക് സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും 16 ശതമാനം സംവരണം പ്രഖ്യാപിച്ചുകൊണ്ടുള്ള ഓർഡിനൻസ് കൊണ്ടുവന്നു. അന്നത്തെ നാരായൺ റാണെ കമ്മിറ്റി ശുപാർശകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. 2014-ൽ കോൺഗ്രസ്-എൻസിപി സഖ്യം പിരിച്ചുവിട്ടു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ കീഴിൽ ബിജെപി – ശിവസേന സഖ്യം അധികാരത്തിലെത്തി. രണ്ട് വർഷത്തിന് ശേഷം 2016 ഓഗസ്റ്റിൽ, 15 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്തെയാകെ നടുക്കി. മറാത്തികൾക്കുള്ളിലെ അശാന്തി സംസ്ഥാനത്തുടനീള വലിയ പ്രതിഷേധങ്ങളിലേക്ക് നയിച്ചു.

2017-18ലും ഈ പ്രതിഷേധം ഒട്ടും കുറയാതെ തുടർന്നു. പ്രശ്‌നം പരിഹരിക്കാൻ ഫഡ്‌നാവിസ് സർക്കാർ നടപടികൾ സ്വീകരിച്ചുതുടങ്ങി. 2018 ൽ, എം.ജി. ഗെയ്‌ക്‌വാദിന്റെ നേതൃത്വത്തിലുള്ള പിന്നാക്ക വിഭാഗ കമ്മീഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക വ്യവസ്ഥ പ്രകാരം മറാത്തികൾക്ക് സംവരണത്തിന് സർക്കാർ അനുമതി നൽകി.

2019ലെ ഹൈക്കോടതി വിധി

2019ൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ നിയമം 2018 പ്രകാരം മറാത്താ ക്വാട്ടയുടെ ഭരണഘടനാ സാധുത ബോംബെ ഹൈക്കോടതി ശരിവച്ചു. സംസ്ഥാനം അനുവദിച്ച 16 ശതമാനം സംവരണം നീതീകരിക്കാവുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സംവരണം പക്ഷേ 50ശതമാനത്തിൽ കവിയാൻ പാടില്ലെന്നും നിർദേശിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ശുപാർശ ചെയ്ത പ്രകാരം അങ്ങനെ സംവരണം വിദ്യാഭ്യാസത്തിൽ 12 ശതമാനമായും സർക്കാർ ജോലിയിൽ 13 ശതമാനമായും കുറച്ചു.

റിട്ടയർ ജസ്റ്റിസ് ജിഎം ഗെയ്‌ക്‌വാദ് അധ്യക്ഷനായ 11 അംഗ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ കണ്ടെത്തലുകളെയാണ് കോടതി ആശ്രയിച്ചത്. 50 ശതമാനത്തിലധികം മറാത്താ ജനസംഖ്യയുള്ള 355 താലൂക്കുകളിൽ നിന്ന് ഏകദേശം 45,000 കുടുംബങ്ങളിൽ കമ്മീഷൻ സർവേ നടത്തി.2018 നവംബരിൽ സമർപ്പിച്ച റിപ്പോർട്ടിൽ മറാത്ത സമുദായം സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കാവസ്ഥയിലാണെന്ന് വ്യക്തമാക്കുന്നു. ഡാറ്റയിൽ സംതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി, മറാത്ത സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ കമ്മീഷൻ വ്യക്തമായി കണ്ടെത്തിയിട്ടുണ്ടെന്നും നിരീക്ഷിച്ചു. 2021 മെയിൽ ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, മറാത്താ സമുദായത്തിന് സംവരണം നൽകുന്ന നിയമത്തിലെ വ്യവസ്ഥകൾ റദ്ദാക്കി .മൊത്തം സംവരണം 50 ശതമാനത്തിലധികം കടക്കാൻ പാടില്ലെന്ന് ചട്ടം ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി മറാത്ത സംവരണം റദ്ദാക്കിയത്.

ഇപ്പോഴെന്ത്?

മഹാരാഷ്ട്രയിൽ മറാത്ത സംവരണ പ്രക്ഷോഭം ആളിപടരുന്നതിനിടെ അനുനയ നീക്കമാണ് ഇപ്പോൾ സർക്കാർ നടത്തുന്നത്.സർക്കാർ ജോലി, വിദ്യാഭ്യാസം എന്നിവയിൽ മറാത്തികൾക്ക് സംവരണം വേണമെന്ന ആവശ്യം ഉന്നയിച്ചുള്ള പ്രക്ഷോഭം അക്രമാസത്തമായതിന് പിന്നാലെയാണ് , അനുനയ നീക്കം. മറാത്ത സംവരണം നിയമപരമായി പരിഹരിക്കേണ്ടത് ആവശ്യമാണെന്നും, സർക്കാർ സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകിയിട്ടുണ്ടെന്നും മറാത്ത നേതാവ് മനോജ് ജരാംഗെ പാട്ടീലിനെ മുഖ്യമന്ത്രി അറിയിച്ചു.സംവരണത്തിന് അനുകൂല നിലപാടാണ് സർക്കാരിനുള്ളതെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറയുന്നു.

Read Also: മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി

മറാത്താ വിഭാഗത്തെ കുൻബി സമുദായത്തിൽ ഉൾപ്പെടുത്തി സംവരണം ഏർപ്പെടുത്താനാണ് സർക്കാർ നീക്കം.സംവരണം ഏർപ്പെടുത്തിയുള്ള വിജ്ഞാപനം ഇറക്കിയാൽ മാത്രമേ ഒരാഴ്ചയായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കുവെന്ന് മനോജ് ജരാംഗെ പാട്ടീൽ വ്യക്തമാക്കി.സമരം അക്രമാസത്തമായതോടെ ബീഡ് ജില്ലയിൽ കർഫ്യൂവും ഏർപ്പെടുത്തി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു ബീഡ് ജില്ലയിലെ ഗെവ്‌റായി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള MLA ലക്ഷ്മണൻ പവാർ ബിജെപിയിൽ നിന്ന് രാജിവച്ചു. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമായതോടെ 2018 ൽ സംസ്ഥാന സർക്കാർ സംവരണം ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഇതാണ് സുപ്രിംകോടതി റദ്ദാക്കിയത്.

Story Highlights: What is Maratha reservation and its history

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here