‘മഹാദേവന്റെ പേരുപോലും വെറുതെ വിട്ടില്ല’; വാതുവെപ്പ് ആപ്പ് വിവാദത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി

ബെറ്റിംഗ് ആപ്പ് കേസിൽ ഛത്തീസ്ഗഡ് കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാദേവ് ഗെയിമിംഗ് ആപ്പ് തട്ടിപ്പ് കേസിലെ പ്രതികളുമായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ബന്ധം വിശദീകരിക്കണം. വാതുവെപ്പ് ആപ്പ് പ്രമോട്ടർമാർ നൽകിയ ഹവാല പണം ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് ഉപയോഗിച്ചതായും മോദി ആരോപിച്ചു.
ഛത്തീസ്ഗഡിലെ ദുർഗിൽ ബിജെപി പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഡ് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയും വഞ്ചിക്കുകയും ചെയ്തു. കൂടാതെ നിങ്ങളെ കൊള്ളയടിക്കാൻ മറ്റുള്ളവർക്കും അവസരമുണ്ടാക്കി. അഴിമതിയിലൂടെ ഖജനാവ് നിറയ്ക്കുക എന്നതാണ് കോൺഗ്രസ് പാർട്ടിയുടെ ലക്ഷ്യം. ഇതിനായി ‘മഹാദേവന്റെ’ പേരുപോലും അവർ വെറുതെ വിട്ടില്ല – മോദി പറഞ്ഞു.
രണ്ട് ദിവസം മുമ്പ് റായ്പൂരിൽ ഒരു വലിയ ഓപ്പറേഷൻ നടന്നു. വൻ തോതിൽ കറൻസി നോട്ടുകളുടെ ശേഖരം കണ്ടെത്തി. ഈ പണം ചൂതാട്ടക്കാരുടെയും പന്തയം വെക്കുന്നവരുടെയുംതാണെന്ന് ആളുകൾ പറയുന്നു. ഈ കൊള്ളയടിച്ച പണം കൊണ്ട് കോൺഗ്രസ് നേതാക്കൾ വീടു നിറയ്ക്കുകയാണ്. ഈ പണം ആരെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് മാധ്യമ റിപ്പോർട്ടുകൾ പരിശോധിച്ചാൽ മനസ്സിലാകും. ഈ അഴിമതിയിൽ ദുബായിൽ കഴിയുന്ന കുറ്റാരോപിതരായി എന്ത് ബന്ധമാണുള്ളതെന്ന് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും ഛത്തീസ്ഗഢിലെ ജനങ്ങളോട് പറയണം – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights: PM attacks Congress in betting app row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here