Advertisement

‘സാധാരണക്കാര്‍ക്ക് ദുരിത കേരളം, നവകേരളം സി.പി.ഐ.എമ്മിനും പാര്‍ട്ടി ബന്ധുക്കള്‍ക്കും മാത്രം’; വി.ഡി സതീശൻ

November 17, 2023
Google News 2 minutes Read

ഭയാനക സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിവിട്ട പിണറായി വിജയനും മന്ത്രിമാരും കോടികള്‍ ചെലവിട്ട് നടത്തുന്ന നവകേരള സദസും ആഡംബര ബസ് യാത്രയും ജനവിരുദ്ധ സര്‍ക്കാരിന്റെ അശ്ലീല കെട്ടുകാഴ്ചയായി മാത്രമെ കേരള ജനത വിലയിരുത്തൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാധാരണക്കാര്‍ ദുരിത ജീവിതം നയിക്കുമ്പോള്‍ കേരളീയവും നവകേരള സദസും സി.പി.ഐ.എമ്മിനും പാര്‍ട്ടി ബന്ധുക്കള്‍ക്കും മാത്രമുള്ളതാതാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. നാലു മാസത്തെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയ ഗതികേടില്‍ വന്ദ്യവയോധികര്‍ പിച്ചച്ചട്ടിയുമായി തെരുവില്‍ ഇറങ്ങുമ്പോഴാണ് സര്‍ക്കാരും സി.പി.ഐ.എമ്മും ‘ഹാപ്പിനെസ്’ ആഘോഷിക്കുന്നത്. നിലവിലുണ്ടായിരുന്ന കൂര പൊളിച്ച് ലൈഫ് മിഷന്‍ വീടിന് തറ കെട്ടി ഒന്നും രണ്ടും ഗഡു ധനസഹായം ലഭിക്കാതെ പതിനായിരത്തോളം പാവങ്ങളെയാണ് ഇവര്‍ പെരുവഴിയിലാക്കിയത്. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരെയും ജീവനക്കാരെയും പട്ടിണിയിലാക്കി. വിലക്കയറ്റം പിടിച്ച് നിര്‍ത്തേണ്ട സപ്ലൈകോയെ അവശ്യസാധനങ്ങള്‍ പോലും ലഭ്യമല്ലാത്ത തരത്തിലേക്ക് തകര്‍ത്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡി.എ കുടിശിക എന്ന് നല്‍കുമെന്ന ചോദ്യത്തിന് മറുപടിയില്ല. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കാരുണ്യയില്‍ ചികിത്സാ സഹായം കാത്തിരിക്കുന്ന ആയിരങ്ങള്‍. ഇത്രയും സാധാരണക്കാര്‍ ദുരിതപര്‍വത്തില്‍ നില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നാട് മുടിച്ചുള്ള യാത്രയെന്ന് അദ്ദേഹം വിമർശിച്ചു.

Read Also: വിവാദങ്ങള്‍ക്കിടെ നവകേരള സദസിന് നാളെ കാസര്‍ഗോഡ് തുടക്കം

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.പി.ഐ.എമ്മും എല്‍.ഡി.എഫും സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രചരണമാണ് നവകേരള സദസ്. പക്ഷെ അത് ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് സംഘടിപ്പിക്കുന്നത് അധികാരത്തിന്റെ ധാര്‍ഷ്ട്യവും ജനങ്ങളെ പരിഹസിക്കലുമാണ്. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ഈ സര്‍ക്കാരിനെ വെളുപ്പിച്ചെടുക്കാന്‍ പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Story Highlights: V D Satheesan Criticize Govt Navakerala Sadas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here