നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പര്യടനം മലപ്പുറം ജില്ലയിൽ പ്രവേശിച്ചു

നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പര്യടനം മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. ഇന്ന് ഒൻപത് മണിക്ക് തിരൂർ ബിയാൻകോ കാസിലിൽ നടക്കുന്ന പ്രഭാത സദസ്സോടെയാണ് ജില്ലയിലെ പരിപാടികൾക്ക് തുടക്കമാവുക. പ്രഭാത സദസ്സിന് ശേഷം മാധ്യമങ്ങളെ കാണുന്ന മുഖ്യമന്ത്രി, 11 മണിയോടെ ജില്ലയിലെ ആദ്യ നവകേരള സദസിനായി പൊന്നാനിയിലേക്ക് തിരിക്കും. (navakerala sadass toay malappuram)
വൈകീട്ട് മൂന്നിന് തവനൂർ, 4.30 ന് തിരൂർ, ആറിന് താനൂർ എന്നിങ്ങനെയാണ് നവകേരള സദസ്സിന്റെ സമയക്രമം. 16മണ്ഡലങ്ങളിലെ പരിപാടികൾക്കായി ഈ മാസം 30 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലുണ്ടാവും. യൂത്ത് കോൺഗ്രസിന്റെയും യൂത്ത് ലീഗിന്റെയും പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.
നവകേരള സദസിനായി സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്ന സർക്കുലർ വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് സർക്കുലർ പിൻവലിച്ചത്. തുടർനടപടി വേണ്ടെന്നും സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. നവകേരള സദസിന് സ്‌കൂൾ ബസുകൾ വിട്ട് നൽകിയതും കുട്ടികളെ സ്വീകരണ ചടങ്ങിൽ പങ്കെടുപ്പിച്ചതും ഹൈക്കോടതിയുടെ വിമർശനത്തിന് കാരണമായിരുന്നു.
Read Also: നവകേരള സദസിനായി സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്ന സർക്കുലർ പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്
ഇതിനിടെ, നവ കേരള സദസ്സിൽ പങ്കെടുത്തതിന് ലീഗ് നേതാക്കളെ സസ്‌പെൻഡ് ചെയ്തു. പാർട്ടി നിർദ്ദേശം ലംഘിച്ച് നവകേരള സദസ്സിൽ പങ്കെടുത്ത ലീഗ് നേതാക്കൾക്കാണ് സസ്‌പെൻഷൻ.
കൊടുവള്ളി നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി യു.കെ ഹുസൈൻ, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് മൊയ്തു മിട്ടായി എന്നിവരെ മുസ്ലിം ലീഗിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു.
വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് ലീഗ് നേതാക്കളെ സസ്‌പെൻഡ് ചെയ്തത്.
അതേസമയം, കോഴിക്കോട് മുക്കത്ത് നവകേരള സദസിനെതിരെ യൂത്ത് ലീഗിന്റെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് നവകേരള സൃഷ്ടിയല്ല, സാധാരണക്കാരുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ദൂർത്താണെന്ന് വിമർശനം. മുസ്ലീം യൂത്ത് ലീഗ് മുക്കം മുനിസിപ്പൽ കമ്മിറ്റി എന്നെഴുതിയ പോസ്റ്ററാണ് മുക്കം അഗസ്ത്യ മുഴിയങ്ങാടിയിലും പരിസരങ്ങളിലും പതിപ്പിച്ചത്.
Story Highlights: navakerala sadass toay malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here