ഇസ്രയേൽ -പലസ്തീൻ വിഷയത്തിൽ കേരളത്തിന് ‘അഭിപ്രായമില്ല’; 24 ശതമാനം പേർ എൽഡിഎഫിനൊപ്പം

ഇസ്രയേൽ-പലസ്തീൻ വിഷയം മറ്റേത് രാജ്യത്തേക്കാൾ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾക്ക് പ്രധാനമാണ്. പതിറ്റാണ്ടുകളായി പലസ്‌കീനൊപ്പമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ നിലപാടിന് ഘടകവിരുദ്ധമായി ഇസ്രയേലിനൊപ്പമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായത് അതുകൊണ്ടാണ്. പലസ്തീൻ ആക്രമിക്കപ്പെട്ടപ്പോഴെല്ലാം പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈലുകൾക്കിപ്പുറമുള്ള കൊച്ചുകേരളത്തിലും അലയൊലികൾ ഉയർന്നു.
അതുകൊണ്ട് തന്നെ ഇന്നത്തെ ട്വന്റിഫോർ ലോക്‌സഭാ മൂഡ് ട്രാക്കറിന്റെ ബിഗ് ക്യു ഇസ്രയേൽ-പലസ്തീൻ സംഘർഷ വിഷയത്തിൽ കേരള ജനതയുടെ നിലപാട് ആർക്കൊപ്പമാണെന്നാണ്. 24% പേരാണ് എൽഡിഎഫ് എന്ന് ഉത്തരം പറഞ്ഞത്. പലസ്തീനൊപ്പമെന്ന് നിസ്സംശയം നിലപാടെടുത്ത മുന്നണിയായിരുന്നു എൽഡിഎഫ്. എൽഡിഎഫഅ നടത്തിയ പലസ്തീൻ ഐക്യദാർഢ്യ റാലിയും വാർത്തകളിൽ നിറഞ്ഞിരുന്നു. 21% പേർ യുഡിഎഫ് എന്നാണ് ഉത്തരം നൽകിയത്. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ബിജെപിക്കൊപ്പം നിന്നത് 16% പേർ മാത്രമാണ്.
മേഖല തിരിച്ചാൽ, വടക്കൻ കേരളത്തിൽ യുഡിഎഫ് നിലപാടിനാണ് പിന്തുണ കൂടുതൽ. 20% പേർ യുഡിഎഫിനൊപ്പമാണ്. എൽഡിഎഫിനൊപ്പം 19% പേരും ബിജെപിക്കൊപ്പം 16% പേരും നിലകൊണ്ടു. 45% പേരും അഭിപ്രായം രേഖപ്പെടുത്തിയില്ല. കാസർഗോട്ടുകാരിൽ 33% പേരും എൽഡിഎഫിനൊപ്പമാണ്. യുഡിഎഫിനൊപ്പം 20% പേരും, ബിജെപിക്കൊപ്പം 14% പേരും നിന്നു. 33% പേർ അഭിപ്രായമൊന്നും പറഞ്ഞില്ല.
മധ്യകേരളത്തിൽ 30 ശതമാനം പേരും എൽഡിഎഫിനൊപ്പമാണ്. യുഡിഎഫിനൊപ്പം നിന്നത് 26% പേരാണ്. ബിജെപിക്കൊപ്പം നിൽക്കുന്നവരുടെ എണ്ണം ഇവിടെ വളരെ കുറവാണ്. 11% പേർ മാത്രമേ ഇസ്രയേൽ അനുകൂല ബിജെപി നിലപാടിനെ പിന്തുണയ്ക്കുന്നുള്ളു. 33% പേരും അഭിപ്രായം രേഖപ്പെടുത്തിയില്ല.
തെക്കൻ കേരളത്തിലേക്ക് പോയാൽ എൽഡിഎഫിനൊപ്പം 20% പേരുണ്ട്. എന്നാൽ മറ്റിടങ്ങളിലെ പോലെ ബിജെപി അനുകൂല നിലപാടുകാർ മൂന്നാം സ്ഥാനത്തല്ല മറിച്ച് രണ്ടാം സ്ഥാനത്താണ്. 18% പേർ ബിജെപിയെ അനുകൂലിച്ചപ്പോൾ 16% പേർ മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. 46% പേരും അഭിപ്രായം രേഖപ്പെടുത്തിയില്ല.
Story Highlights: israel palastine conflict 24 survey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here