Advertisement

കടമെടുക്കാൻ അനുവദിച്ചാൽ കേരളത്തിൽ സാമ്പത്തിക ദുരന്തം: കെ സുരേന്ദ്രൻ

December 14, 2023
Google News 2 minutes Read
Financial disaster in Kerala if borrowing is allowed: K Surendran

കടം കയറി മുടിഞ്ഞു നിൽക്കുന്ന കേരളത്തിനെ വീണ്ടും കടമെടുക്കാൻ അനുവദിച്ചില്ലങ്കിൽ വൻ സാമ്പത്തിക ദുരന്തമുണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം വിചിത്രവും ബാലിശവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിലവിലെ കടവും ബാധ്യതകളും കേരളത്തിന് താങ്ങാവുന്നതിൽ അധികമാണ്. വീണ്ടും കടം വാങ്ങി ധൂർത്തടിക്കാനുള്ള നീക്കം അനുവദിക്കാനാകില്ല. ഇനിയും കടമെടുത്ത് ചെലവു ചെയ്യുന്നതാണ് വൻ ദുരന്തത്തിന് വഴിവെക്കുന്നത്. കടമെടുപ്പിന് നിശ്ചയിച്ചിട്ടുള്ള പരിധിയും കടന്നുള്ള കടമെടുപ്പിനാണ് കേന്ദ്രം അനുമതി നൽകാത്തത്. കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയിൽ പോകുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കേരളം ഈ വിഷയവുമായി സുപ്രീം കോടതിയിൽ പോകുന്നത് നല്ലതാണെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ചും കേന്ദ്ര നിലപാടിനെ കുറിച്ചും കൂടുതൽ വ്യക്തത വരാൻ അതുപകരിക്കും. കേന്ദ്രം കേരളത്തിന് എല്ലാ മേഖലയിലും കയ്യയച്ച് സഹായം നൽകുകയാണ്. ചില മേഖലകളിൽ അർഹിക്കുന്നതിൽ കൂടുതൽ നൽകുന്നു. ഇതിനെല്ലാം വ്യക്തമായ കണക്കുള്ളത് കേന്ദ്ര ധനമന്ത്രി തന്നെ പുറത്തു വിട്ടിട്ടുള്ളതാണ്. അതെല്ലാം മറച്ചു വെച്ചാണ് പിണറായിയും കൂട്ടരും കേന്ദ്ര സർക്കാരിനെതിരെ അസത്യ പ്രചാരണം നടത്തുന്നത്.

ഓഫ് ബജറ്റ് ബോറോവിങ്ങിന്‍റെ തിരിച്ചടവ് ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ ഗ്യാരന്‍റിയിലാണ് കേരളം കടമെടുക്കുന്നത്. അതിനാലാണ് ഓഫ് ബജറ്റ് ബോറോവിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. അപ്പോഴും, ധനകാര്യ കമ്മിഷന്‍ അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ കടമെടുപ്പ് ഈ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷവും കേരളത്തിന് അനുവദിച്ചതായി കേന്ദ്ര ധനമന്ത്രി വ്യക്തമായിട്ടുണ്ട്.
സാമൂഹ്യ ക്ഷേമ പെൻഷൻ ഉൾപ്പടെ കേരളം ആവശ്യപ്പെട്ടതിൽ കൂടുതൽ കേന്ദ്രം നൽകിക്കഴിഞ്ഞു. ചെലവഴിച്ചതിന്റെ കണക്കു നൽകുകയും വീണ്ടും അപേക്ഷിക്കുകയും ചെയ്താൽ മാത്രമേ തുടർ ഗന്ധുക്കൾ ലഭ്യമാകൂ. പല പദ്ധതികളും ഇത്തരത്തിലാണ്. കേന്ദ്രം നൽകുന്ന പണം വാങ്ങി ചെലവഴിക്കുന്നതല്ലാതെ അതിന്റെ കണക്ക് യഥാസമയം നൽകുന്നില്ലന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

കിട്ടാനുള്ള നികുതി കുടിശിക കാര്യക്ഷമമായി പിരിച്ചെടുക്കുകയും അനാവശ്യ ചെലവുകളും ധൂർത്തും അവസാനിപ്പിക്കുകയും ചെയ്യുകയാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരളത്തിൽ മൂന്നിലുള്ള മാർഗ്ഗം. കേന്ദ്ര വിരോധം മാത്രം പ്രചരിപ്പിച്ച് എല്ലാക്കാലത്തും ജനങ്ങളെ വിഡ്‌ഢികളാക്കാൻ പിണറായിയും കൂട്ടരും ശ്രമിക്കേണ്ടതില്ലന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Story Highlights: Financial disaster in Kerala if borrowing is allowed: K Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here