‘വിഷ്വൽ എടുത്തോ’ എന്നുള്ളത് ‘ഷൂ എറിയൂ’ എന്നാക്കി വിനീത വി.ജിക്കെതിരെ വ്യാജ സൈബർ പ്രചരണം | 24 Fact Check

ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ സൈബർ ഇടത്തിൽ വ്യാജ പ്രചാരണവും അധിക്ഷേപവും. വിനീത വി.ജിയുടെ ദൃശ്യങ്ങൾ ഓഡിയോ മ്യൂട്ട് ചെയ്ത് കോൺഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെടുത്തി തെറ്റായി പ്രചരിപ്പിച്ചാണ് വ്യാജ പ്രചാരണം നടക്കുന്നത്. ( vineetha vg navakerala sadas shoe protest video )
ഓടക്കാലിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നവകേരള ബസിന് നേരെ ഷൂ എറിയുന്നത് റിപ്പോർട്ട് ചെയ്യാൻ ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജി എത്തിയിരുന്നു. ഈ വിഡിയോയിൽ നിന്ന് ക്യാമറാമാനോട് ‘വിഷ്വൽ എടുക്ക്’ എന്ന് പറയുന്ന ഭാഗം മാത്രം അടർത്തിയെടുത്ത് ആ ഓഡിയോ മ്യൂട്ട് ചെയ്ത് പകരം ‘ഷൂ എറിയൂ’ എന്ന് ഗ്രാഫിക്‌സ് ടെക്സ്റ്റ് നൽകിയാണ് സൈബർ ഇടങ്ങളിൽ വിഡിയോ പ്രചരിക്കുന്നത്.
നവകേരള ബസ് തകർക്കാൻ ബസിന് നേരെ ഷൂ എറിഞ്ഞ പ്രതി ബേസിൽ വർഗീസും പ്രമുഖ ചാനൽ പ്രവർത്തകയും തമ്മിൽ നിരവധി ഗൂഢാലോടന നടന്നിരുന്നുവെന്ന് അഡ്വ കെ.എസ് അരുൺ കുമാർ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് താഴെയാണ് വിനീത വി.ജിയുടെ തെറ്റായ ദൃശ്യങ്ങൾ പ്രചരിച്ചത്.

അതേസമയം, നവകേരള സദസിന്റെ വാഹനത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷൂ എറിഞ്ഞ സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വിനീത വി.ജിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 120(ബി) കുറ്റകരമായ ഗൂഢാലോചനയെന്ന വകുപ്പ് പ്രകാരമാണ് വിനീതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഗുരുതര വകുപ്പുകൾ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യണമെന്ന് ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായർ ആവശ്യപ്പെട്ടു. കേസ് നിയപരമായി തന്നെ നേരിടുമെന്നും ആർ ശ്രീകണ്ഠൻ നായർ വ്യക്തമാക്കി.
Story Highlights: vineetha vg navakerala sadas shoe protest video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here