അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണം; ഹിന്ദി ഭൂമിയിൽ വിമതനീക്കം ഭയന്ന് കോൺഗ്രസ്; പരസ്യ പ്രതികരണത്തിന് നേതാക്കൾക്ക് വിലക്ക്

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിലേക്കുള്ള ക്ഷണത്തിൽ കോൺഗ്രസ് നിലപാട് വൈകുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് ഹിന്ദി ഹൃദയഭൂമിയിൽ വിമത നീക്കം ഭയന്ന് കോൺഗ്രസ്. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ ഉടനടി കോൺഗ്രസ് നിലപാടെടുക്കാൻ സാധ്യതയില്ല. കാര്യങ്ങൾ വിലയിരുത്തിയ ശേഷമാകും പ്രഖ്യാപനം. ഈ പശ്ചാത്തലത്തിൽ രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട പരസ്യപ്രഖ്യാപനങ്ങൾക്ക് കോൺഗ്രസ് വിലക്ക് ഏർപ്പെടുത്തി. അഭിപ്രായ ഭിന്നത പാർട്ടിയെ പ്രതിസന്ധിയിലാക്കിയതിനെ തുടർന്നാണ് നേതൃത്വത്തിന്റെ നിർദേശം. ( congress Leaders banned from public response Ayodhya ram mandir)
ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾ രാമക്ഷേത്ര ഉദ്ഘാടനത്തെ കാര്യമായി എതിർക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങളുടെയോ ഇന്ത്യാ മുന്നണിയുടേയോ താത്പര്യത്തിന് വഴങ്ങി ഈ വിഷയത്തിൽ ഒരു നിലപാടെടുത്താൽ ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് വൻ എതിർപ്പ് നേരിടേണ്ടി വരുമെന്നാണ് കോൺഗ്രസിന്റെ ആശങ്ക. അതേസമയം കോൺഗ്രസിനെ ഈ വിധത്തിൽ സമ്മർദത്തിലാക്കുകയാണ് കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചതിലൂടെ കേന്ദ്രം ഉദ്ദേശിച്ചതെന്നും വിലയിരുത്തലുകളുണ്ടാകുന്നുണ്ട്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതൃത്വത്തേയും രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് കോൺഗ്രസിനുള്ള ക്ഷണം വെട്ടിലാക്കുന്നുണ്ട്. മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള കക്ഷികൾ വിഷയത്തിൽ നടത്തുന്ന പ്രതികരണവും കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ച് നിർണായകമാകും. ചടങ്ങിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് ക്ഷണം ലഭിച്ച നേതാക്കൾ വ്യക്തിപരമായി തീരുമാനമെടുക്കുമെന്നായിരുന്നു ശശി തരൂർ എം പിയുടെ പ്രതികരണം.
Story Highlights: Congress leaders banned from public response Ayodhya Ram Mandir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here