‘കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ല, അവനെ അത്രയ്ക്കും സ്നേഹിച്ചിരുന്നു’; മകനെ കൊലപ്പെടുത്തിയശേഷം സുചന കൈഞരമ്പ് മുറിച്ചു

ഗോവയിൽ നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം സ്റ്റാർട്ടപ്പ് സിഇഒ ആയ സുചന സേത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് റിപ്പോർട്ട്. നാലു വയസ്സുകാരനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ കഴുത്ത് ഞെരിച്ചതിന്റെ ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു. മൂക്കിലെ ഞരമ്പുകളിൽ വീക്കം ഉണ്ടായിട്ടുണ്ട്. ഇത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ തലയിണയോ തുണിയോ മറ്റു വസ്തുക്കളോ ഉപയോഗിച്ചതാകാം എന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പറയുന്നു.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സുചന കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നാണ് പൊലീസ് വിലയിരുത്തൽ. സുചന താമസിച്ച മുറിയിൽ അപാർട്മെന്റ് ജീവനക്കാർ രക്തക്കറ കണ്ടെത്തിയിരുന്നു. കുട്ടിയെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് സുചന സേത്ത് പറഞ്ഞത്. കുട്ടിയെ ഭർത്താവിനൊപ്പം വിട്ടയക്കാതിരിക്കാനാണ് ഗോവയിലെത്തിയതെന്നാണ് സുചന പൊലീസിനോട് പറഞ്ഞത്.
Read Also : നാല് വയസുള്ള മകനെ കൊന്ന് ബാഗിലാക്കി; ബംഗളൂരുവിൽ സ്റ്റാർട്ടപ്പ് സിഇഒ ആയ യുവതി അറസ്റ്റിൽ
‘കുട്ടിയെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ല, കാരണം അത്രയ്ക്കും അവനെ സ്നേഹിച്ചിരുന്നു. എന്നാൽ അവൻ പെട്ടെന്ന് മരിച്ചു’ എന്ന് സുചന പറഞ്ഞു. 4 വയസ്സുള്ള മകനെ കൊലപ്പെടുത്തി ട്രാവൽ ബാഗിലാക്കി ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സുചന പിടിയിലായത്. ബാഗുമായി ടാക്സി കാറിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച യുവതി ഗോവയിലെ ഒരു ആഡംബര ഹോട്ടലിൽ എത്തിയിരുന്നു. ശനിയാഴ്ച രാവിലെ ചെക്ക് ഇൻ ചെയ്ത യുവതി തിങ്കളാഴ്ച രാവിലെ ചെക്ക് ഔട്ട് ചെയ്തു. എന്നാൽ തിരികെ പോകുന്ന സമയം യുവതിക്കൊപ്പം കുട്ടി ഉണ്ടായിരുന്നില്ലെന്ന് ഹോട്ടൽ അധികൃതർ ശ്രദ്ധിച്ചു.
യുവതി ചെക്ക് ഔട്ട് ചെയ്തതോടെ ഹൗസ് കീപ്പിംഗ് സ്റ്റാഫിലെ ജീവനക്കാരിലൊരാൾ അപ്പാർട്ട്മെന്റ് വൃത്തിയാക്കാനെത്തി. ഈ സമയം തറയിൽ രക്തക്കറകൾ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് സംഭവം മാനേജരെ അറിയിച്ചത്. ഹോട്ടൽ മാനേജ്‌മെന്റ് ഗോവ പൊലീസുമായി ബന്ധപ്പെട്ടു.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതി മകനില്ലാതെ ഹോട്ടൽ വിട്ട് ബാഗുമായി പോകുന്നത് കണ്ടു.തനിക്ക് ബംളൂരുവിലേക്ക് കൊണ്ടുപോകാൻ ഒരു ക്യാബ് ഏർപ്പാടാക്കാൻ റിസപ്ഷനിസ്റ്റിനോട് യുവതി ആവശ്യപ്പെട്ടിരുന്നു. ഈ വിവരം ജീവനക്കാർ മൊഴിയായി നൽകി. ക്യാബിന് ചിലവ് കൂടുതലായിരിക്കുമെന്നും വിമാനടിക്കറ്റ് നോക്കാമെന്നും റിസപ്ഷനിസ്റ്റ് പറഞ്ഞെങ്കിലും ക്യാബ് വേണമെന്ന് യുവതി നിർബന്ധിച്ചു.
ക്യാബിന്റെ വിവരം ശേഖരിച്ച പൊലീസ് ഡ്രൈവറെ ബന്ധപ്പെട്ട് യുവതിയുമായി അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് രഹസ്യമായി എത്താൻ ആവശ്യപ്പെട്ടു. ചിത്രദുർഗയിലെ പൊലീസ് സ്‌റ്റേഷനിലേക്ക് ക്യാബ് ഡ്രൈവർ യുവതിയെ എത്തിച്ചു. പരിശോധനയിൽ പൊലീസ് കുട്ടിയുടെ മൃതദേഹം ബാഗിൽ നിറച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ അറസ്റ്റും രേഖപ്പെടുത്തി.
Story Highlights: Suchana Seth attempted suicide after killing her son in Goa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here