‘സാഹിത്യകാരന്മാരുടെ രാഷ്ട്രീയ വിമർശനം നല്ല പ്രവണത; എംടിയുടെ വിമർശനം സ്വാഗതം ചെയ്യുന്നു’; പിഎസ് ശ്രീധരൻപിള്ള

സാഹിത്യകാരന്മാരുടെ രാഷ്ട്രീയ വിമർശനം നല്ല പ്രവണതയെന്ന് ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ള. കെഎൽഎഫ് വേദിയിൽ എംടി വാസുദേവൻ നായരുടെയും എം മുകുന്ദന്റെയും രാഷ്ട്രീയ വിമർശനം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ഗോവ ഗവർണറുടെ പ്രതികരണം. സുകുമാർ അഴീക്കോടിന് ശേഷം സാഹിത്യ രംഗത്തുള്ളവർ കാലിക പ്രശ്‌നങ്ങളെ ഗൗരവത്തോടെ പ്രതികരിക്കാത്ത അവസ്ഥ കേരളത്തിലുണ്ടായി. ഇതിനൊരു മാറ്റമാണ് എംടിയുടെ പ്രതികരണത്തിലൂടെ ഉണ്ടായിരിക്കുന്നത് അദ്ദേഹം പറഞ്ഞു.
എംടിയുടെ വിമർശത്തിൽ രാഷ്ട്രീയ പ്രത്യാരോപണങ്ങൾക്കപ്പുറം അതിന്റെ യഥാർഥ വസ്തുതകൾ മനസിലാക്കാൻ തയ്യാറാകണമെന്ന് പിഎസ് ശ്രീധരൻപിള്ള ആവശ്യപ്പെട്ടു. റഷ്യൻ വ്യവസ്ഥ എന്തുകൊണ്ട് തകർന്നു എന്നതിന് ആരാണ് ഉത്തരം നൽകേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഒരു തിരുത്തൽ ശക്തിയായി സാംസ്‌കാരിക സാഹിത്യ കലാരംഗത്തുള്ളവരിലെ പ്രതിഭകൾ മുന്നോട്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രത്യാശ നൽകുന്ന ഒന്നായി അതിനെ കാണുന്നു എന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ എംടി നടത്തിയ പ്രസംഗം ഏറെ ചർച്ചയായിരുന്നു. എംടി നടത്തിയ പ്രസംഗത്തെ വ്യാഖ്യാനിച്ച് സാഹിത്യ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയായിരുന്നു എം മുകുന്ദന്റെ പ്രതികരണം.
അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടിയെന്നും ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നായിരുന്നു കെഎൽഎഫിൽ മുഖ്യാതിഥിയായി നടത്തിയ പ്രസംഗത്തിൽ എം.ടി.വാസുദേവൻ നായർ പറഞ്ഞത്. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു എംടിയുടെ വിമർശനം.
Story Highlights: Goa Governor PS Sreedharan Pillai reacts over MT Vasudevan’s political criticism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here