ഇടക്കാല ബജറ്റ് നാളെ; തുടര്‍ച്ചയായി ആറുബജറ്റുകള്‍ അവതരിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ ധനമന്ത്രിയാകാനൊരുങ്ങി നിര്‍മലാ സീതാരാമന്‍

തുടര്‍ച്ചയായി ആറുബജറ്റുകള്‍ അവതരിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ ധനമന്ത്രിയായി റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ ആദ്യത്തെ ഫുള്‍ടൈം വനിതാ ധനമന്ത്രിയായ നിര്‍മ്മല സീതാരാമന്‍ 2019 ജൂലൈ മുതല്‍ അഞ്ച് സമ്പൂര്‍ണ ബജറ്റുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഫെബ്രുവരി ഒന്നിന് ഒരു ഇടക്കാല ബജറ്റ് കൂടെ അവതരിപ്പിക്കുന്നതോടെ ആറു ബജറ്റുകള്‍ അവതരിപ്പിച്ച ആദ്യ വനിത ധനമന്ത്രിയായി നിര്‍മ്മല സീതാരാമന്‍ മാറും. (Budget 2024 Nirmala Sitharaman Sets Record with Sixth Consecutive Budget)
ഫെബ്രുവരി ഒന്നിന് തുടര്‍ച്ചയായ ആറാം ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ റെക്കോഡിനൊപ്പമാണ് ധനമന്ത്രി നിര്‍മല സീതാരാമനും എത്തുന്നത്. ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതോടെ, തുടര്‍ച്ചയായി അഞ്ച് ബജറ്റുകള്‍ അവതരിപ്പിച്ച മന്‍മോഹന്‍ സിംഗ്, അരുണ്‍ ജെയ്റ്റ്ലി, പി ചിദംബരം, യശ്വന്ത് സിന്‍ഹ തുടങ്ങിയ മുന്‍ഗാമികളുടെ റെക്കോര്‍ഡുകള്‍ ധനമന്ത്രി മറികടക്കും. ചില ചരിത്രങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ കേന്ദ്ര ധനമന്ത്രിയെന്ന നിലയില്‍ മൊറാര്‍ജി ദേശായി 1959-നും 1964-നും ഇടയില്‍ അഞ്ച് വാര്‍ഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് സീതാരാമന്‍ അവതരിപ്പിക്കുന്ന 2024-25 ഇടക്കാല ബജറ്റ് വോട്ട് ഓണ്‍ അക്കൗണ്ടായിരിക്കും. ഏപ്രില്‍-മെയിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കും.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഇടക്കാല ബജറ്റില്‍ വലിയ നയപരമായ മാറ്റങ്ങള്‍ക്ക് ഇടയില്ല. ബജറ്റ് പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമായിരിക്കുമെന്നാണ് സൂചന.വോട്ട്-ഓണ്‍-അക്കൗണ്ട്, പാര്‍ലമെന്റ് അംഗീകരിച്ചുകഴിഞ്ഞാല്‍, ഏപ്രില്‍-ജൂലൈ കാലയളവിലെ ചെലവുകള്‍ക്കായി കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരം ലഭിക്കും.
ഇടക്കാല ബജറ്റുകളില്‍ വലിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത ഇല്ലെങ്കിലും സമ്പദ്വ്യവസ്ഥ അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചേക്കും. 2014-ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അരുണ്‍ ജെയ്റ്റ്ലി ധനമന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുക്കുകയും 2014-15 മുതല്‍ 2018-19 വരെ തുടര്‍ച്ചയായി അഞ്ച് ബജറ്റുകള്‍ അവതരിപ്പിക്കുകയും ചെയ്തു. ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം മുതല്‍ മാസം 1 വരെ ബജറ്റ് അവതരിപ്പിക്കുന്ന കൊളോണിയല്‍ കാലത്തെ പാരമ്പര്യത്തില്‍ നിന്ന് ജെയ്റ്റ്ലി മാറിയത് 2017-ലാണ്.
ജെയ്റ്റ്ലിയുടെ അനാരോഗ്യം കാരണം മന്ത്രാലയത്തിന്റെ അധിക ചുമതല വഹിച്ചിരുന്ന പിയൂഷ് ഗോയല്‍ 2019-20 ലെ ഇടക്കാല ബജറ്റ് 2019 ഫെബ്രുവരി ഒന്നി ന് അവതരിപ്പിച്ചു. 2019 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം മോദി സര്‍ക്കാരില്‍ നിര്‍മലാ സീതാരാമന് ധനകാര്യ വകുപ്പിന്റെ ചുമതല നല്‍കുകയായിരുന്നു. 1970-71 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരിപ്പിച്ച ഇന്ദിരാഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയായി നിര്‍മലാ സീതാരാമന്‍ മാറി.
Story Highlights: Budget 2024 Nirmala Sitharaman Sets Record with Sixth Consecutive Budget
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here