Advertisement

‘പ്രിസൈഡിംഗ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യണം, ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ല’; ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ സുപ്രീം കോടതി

February 5, 2024
Google News 2 minutes Read
Supreme Court on Chandigarh Mayor Election

ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ് കേസിൽ അതിരൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പ്രിസൈഡിംഗ് ഓഫീസർ ക്രമക്കേട് നടത്തിയെന്ന് വ്യക്തം. ഇത് ജനാധിപത്യത്തെ പരിഹസിക്കലാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ല. പ്രിസൈഡിംഗ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കോടതി.

ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി എഎപി കൗൺസിലർ കുൽദീപ് കുമാർ (പരാജയപ്പെട്ട മേയർ സ്ഥാനാർത്ഥി) സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച്. കോടതിയെ പോലും ഞെട്ടിക്കുന്ന നടപടിയാണ് മേയര്‍ തെരഞ്ഞെടുപ്പില്‍ നടന്നത്. ഇങ്ങനെയാണോ തെരഞ്ഞെടുപ്പ് നടത്തുന്നത്? പ്രിസൈഡിംഗ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

കുമാറിൻ്റെ ഹർജിയിൽ നോട്ടീസ് പുറപ്പെടുവിച്ച കോടതി, ഫെബ്രുവരി 7 ന് നിശ്ചയിച്ചിരുന്ന ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ്റെ യോഗം മാറ്റിവയ്ക്കാൻ നിർദ്ദേശിച്ചു. ബാലറ്റ് പേപ്പറുകളും മറ്റ് സാമഗ്രികളും ഉൾപ്പെടെ മുഴുവൻ തെരഞ്ഞെടുപ്പ് രേഖകളും പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുഖേന ഹാജരാക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. ചണ്ഡിഗഡിൽ വീണ്ടും മേയർ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തിൽ ഇടക്കാല ഉത്തരവിന് വിസമ്മതിച്ച പഞ്ചാബ്-ഹരിയാന ഹൈകോടതി വിധിക്കെതി​രെയാണ് കുൽദീപ് കുമാർ സുപ്രീംകോടതിയെ സമീപിച്ചത്.

കോൺഗ്രസ്-എഎപി സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും പ്രിസൈഡിംഗ് ഓഫീർ ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിച്ചെന്നാണ് ആരോപണം. ജനുവരി 30-നാണ് ഹൈക്കോടതിയുടെ നിർദേശപ്രകാരം ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ ഏവരെയും അമ്പരപ്പിച്ചാണ് ബി​ജെപി വിജയം നേടിയത്. വോട്ടുകൾ മനഃപൂർവം അസാധുവായി പ്രഖ്യാപിച്ചതോടെയാണ് ബിജെപി സ്ഥാനാർത്ഥി മനോജ് സോങ്കർ മേയറായത്.

35 അംഗ കോർപറേഷനിൽ ബിജെപിക്ക് 14ഉം എഎപിക്ക് 13ഉം കോൺഗ്രസിന് ഏഴും ശിരോമണ അകാലിദളിന് ഒന്നും കൗൺസിലർമാരാണ് ഉണ്ടായിരുന്നത്. കോൺഗ്രസുമായി സഖ്യമായാണ് എഎപി മത്സരിച്ചത്. എന്നാൽ, എഎപിയുടെ കുൽദീപ് കുമാറിനെ തോൽപിച്ച് ബിജെപിയുടെ മനോജ് സോങ്കർ മേയറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. എട്ടു വോട്ടുകള്‍ അസാധുവാണെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ പ്രഖ്യാപിച്ചതോടെയാണ്, മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി നാടകീയ വിജയം നേടിയത്.

മനോജ് സോങ്കറിന് എം.പിയുടെയും ശിരോമണി അകാലിദളിന്റെയും അടക്കം 16 വോട്ട് ലഭിച്ചപ്പോൾ കുൽദീപ് കുമാറിന് ലഭിച്ചത് 12 ആണ്. പിന്നലെ പ്രിസൈഡിംഗ് ഓഫീസർ അനിൽ മസിഹ് ക്രമക്കേട് നടത്തുന്ന വിഡിയോ അടക്കം പുറത്തുവന്നിരുന്നു.

Story Highlights: Supreme Court on Chandigarh Mayor Election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here