Advertisement

വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം; കടുവയുടെ മുന്നിൽപ്പെട്ട ബൈക്ക് യാത്രികന് പരുക്ക്

February 17, 2024
Google News 0 minutes Read
wayanad Pulpally wild animals attack

ആനയുടെ ആക്രമണത്തിന് പിന്നാലെ വയനാട് പുൽപ്പള്ളി അമ്പത്തി ആറിൽ വീണ്ടും കടുവയുടെ സാന്നിധ്യവും. കടുവയുടെ മുന്നിൽപ്പെട്ട ബൈക്ക് യാത്രികന് പരുക്കേറ്റു. വാഴയിൽ അനീഷിനാണ് പരുക്കേറ്റത്. രാത്രി വീട്ടിലേക്ക് ബൈക്കിൽ പോകവേയായിരുന്നു അപകടം. യുവാവിനെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അതേസമയം, വാച്ചർ പോളിന്റെ മരണത്തെ തുടർന്ന് പുൽപ്പള്ളിയിലുണ്ടായ അക്രമ സംഭവങ്ങളിൽ പുൽപ്പള്ളി പൊലീസ് കേസെടുക്കുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാകും രജിസ്റ്റർ ചെയ്യുക. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞതിനും മൃതദേഹം തടഞ്ഞതിനുമാണ് കേസ് എടുക്കുക. പൊലീസ് ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാവും കേസെടുക്കുകയെന്നാണ് വിവരം.

അതേസമയം, വന്യമൃഗ ശല്യങ്ങളിൽ കർഷകരുടെ പ്രതിഷേധം സർക്കാർ കേൾക്കുന്നില്ലെന്നും വാച്ചർ പോളിന്റെ മരണത്തിൽ വീഴ്ച സംഭവിച്ചുവെന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി ആരോപിച്ചു. എയർ ആംബുലൻസ് സൗകര്യം ഒരുക്കിയില്ല. സാധാരണ മനുഷ്യന്റെ ജീവന് സർക്കാർ നൽകുന്ന വിലയുടെ സൂചനയാണിത്. പ്രതിഷേധങ്ങൾക്ക് യാതൊരു വിലയും സർക്കാർ നൽകുന്നില്ലെന്നും സർക്കാരിന്റെ കർഷകദ്രോഹ സമീപനം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം ആഞ്ഞടിച്ചു.

വന്യജീവി സംരക്ഷണ നിയമം കേന്ദ്ര സർക്കാർ കാലോചിതമായി ഭേദഗതി ചെയ്യണം. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകും. വനം വകുപ്പ് കർഷക വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാരിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മതിൽ നിർമിച്ച് വനവും ജനവാസമേഖലയും വേർതിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചർ പോളിന് ചികിത്സ വൈകിച്ചെന്ന ആരോപണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വയനാട് ജില്ലാ കളക്ടറും വയനാട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. മനുഷ്യാവകാശ കമ്മീഷൻ ആക്ടിംങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. അടുത്ത മാസം വയനാട്ടിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here