മരണം വരെയും തന്റെ പേരിനൊപ്പം കോൺഗ്രസ്സ് എന്ന് മാത്രമേ എഴുതിച്ചേർക്കൂ; പത്മജയ്ക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

ബിജെപിയിൽ ചേർന്ന പത്മജാ വേണുഗോപാലിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. ടീവിയിൽ വന്ന് തന്റെ പ്രസ്ഥാനത്തിന്റെ നിലപാട് പറയുന്നതിലും അതിൽ ഉറച്ച് നിൽക്കുന്നതിലും അഭിമാനം മാത്രമാണെന്നും മരണം വരെയും നിലപാട് പറയുമ്പോൾ തന്റെ പേരിനൊപ്പം കോൺഗ്രസ്സ് എന്ന് മാത്രമെ എഴുതിച്ചേർക്കു എന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ആ അഭിമാനം എന്താണ് എന്ന് സ്വന്തം അഡ്മിൻ പോലും കൂടെയില്ലാത്ത അങ്ങയ്ക്ക് മനസ്സിലാകില്ലെന്നും രാഹുൽ പരിഹസിച്ചു.
രാഹുലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശ്രീമതി പത്മജ വേണുഗോപാൽ,
താങ്കൾ പറഞ്ഞത് പോലെ ഇന്നും ടീവിയിലുണ്ട്, അതു കൂടാതെ നിരാഹാര സമരത്തിലുമാണ്.
ടീവിയിൽ ഇന്ന് വന്നത് താങ്കൾക്കെതിരായ കോൺഗ്രസ്സിന്റെ നിലപാട് പറയാനാണ്. അങ്ങനെ ടീവിയിൽ വന്ന് എന്റെ പ്രസ്ഥാനത്തിന്റെ നിലപാട് പറയുന്നതിലും അതിൽ ഉറച്ച് നിൽക്കുന്നതിലും അഭിമാനം മാത്രമേയൊള്ളു. മരണം വരെയും ഞാൻ നിലപാട് പറയുമ്പോൾ എന്റെ പേരിനൊപ്പം കോൺഗ്രസ്സ് എന്ന് മാത്രമെ എഴുതിച്ചേർക്കു എന്ന അഭിമാനകരമായ ഉറപ്പും എനിക്കുണ്ട്. ആ അഭിമാനം എന്താണ് എന്ന് സ്വന്തം അഡ്മിൻ പോലും കൂടെയില്ലാത്ത അങ്ങയ്ക്ക് മനസ്സിലാകില്ല.
പിന്നെ താങ്കൾ ഞങ്ങളുടെ സമരങ്ങൾ കണ്ടിട്ടില്ലാത്തതും, TVയിൽ മാത്രം കണ്ടിട്ടുള്ളതും താങ്കൾ വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലാത്തത് കൊണ്ടും ‘വർക്ക് ഫ്രം ഹോം’ ആയതുകൊണ്ടാകാം.
കരുണാകരനും, കരുണാകരന്റെ കോൺഗ്രസ്സും താങ്കൾക്ക് മാപ്പ് തരില്ല.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here