Advertisement

ഇലക്ടറൽ ബോണ്ട്: സുപ്രധാന വിവരങ്ങൾ വ്യക്തമാക്കാതെ എസ്ബിഐ; ഏറ്റവുമധികം തുക ലഭിച്ചത് ബിജെപിയ്ക്ക്

March 15, 2024
Google News 2 minutes Read
electoral bond sbi bjp

ഇലക്ട്രറൽ ബോണ്ടിൽ സുപ്രധാന വിവരങ്ങൾ വ്യക്തമാക്കാതെ പ്രസിദ്ധീകരണം. രണ്ടുഭാഗങ്ങളായി എസ്ബിഐ നൽകിയ വിവരങ്ങൾ അതേപടിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു പട്ടികയിൽ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങളും മറ്റൊരു പട്ടികയിൽ ബോണ്ട് പണമാക്കിയ പാർട്ടികളുടെ വിവരങ്ങളുമാണ് ഉള്ളത്. മുൻ റിപ്പോർട്ടുകൾ ശരിവെക്കും പ്രകാരം ബിജെപിയ്ക്കാണ് ഏറ്റവുമധികം പണം ലഭിച്ചത്. (electoral bond sbi bjp)

ബോണ്ട് വാങ്ങിയവരുടെ പേര്, തീയതി, ബോണ്ടുകളുടെ മൂല്യം, സംഭാവന സ്വീകരിച്ച രാഷ്ട്രീയ പാർട്ടികളുടെ പേര്, പാർട്ടികൾ കാശാക്കിയ ഓരോ ബോണ്ടിന്റെയും മൂല്യം, മാറ്റിയെടുത്ത തീയതി എന്നീ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. ബോണ്ട് വാങ്ങിയിട്ടുള്ള വ്യക്തികളെ സംബന്ധിച്ചും ആർക്കുവേണ്ടിയാണ് ബോണ്ടുകൾ വാങ്ങിയത് എന്നതിനെക്കുറിച്ചും വിവരമില്ല. ബോണ്ട് വാങ്ങിയവരുടെ പട്ടിക 337 പേജും ബോണ്ട് സ്വീകരിച്ച പാർട്ടികളുടെ പട്ടിക 426 പേജുമുണ്ട്.

Read Also: സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് എസ്ബിഐ; ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി

2019 ഏപ്രിൽ ഒന്നിനും 2024 ഫെബ്രുവരി 15നും ഇടയിൽ 22,030 ബോണ്ടുകൾ പാർട്ടികൾ പണമാക്കി. ബിജെപി, കോൺഗ്രസ്‌, തൃണമൂൽ കോൺഗ്രസ്‌, ബിജെഡി, ഡിഎംകെ, ബിആർഎസ്‌, വൈഎസ്‌ആർപി, ടിഡിപി, ശിവസേന തുടങ്ങിയ പാർട്ടികളാണ്‌ പട്ടികയിലുള്ളത്‌. ബിജെപിക്ക് 6060 കോടി രൂപ ലഭിച്ചു. സിപിഐഎം, സിപിഐ പാർടികളുടെ പേര് പട്ടികയിലില്ല.

ലോട്ടറി ഭീമൻ സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ്‌ ആൻഡ്‌ ഹോട്ടൽ സർവീസസ്‌ കമ്പനിയാണ്‌ (1368 കോടി രൂപ) ഏറ്റവും അധികം പണം ബോണ്ടുകൾ വഴി പാർട്ടികൾക്ക്‌ നൽകിയത്‌. മേഘ എൻജിനിയറിങ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രച്ചർ ആണ്‌ രണ്ടാമത്‌ (980 കോടി). റിലയൻസ്‌ ബന്ധമുണ്ടെന്ന് കരുതുന്ന ക്വിക്ക്‌ സപ്ലൈ ചെയിൻ 410 കോടിയുടെ ബോണ്ട് നൽകി. സെറം ഇൻസ്‌റ്റിറ്റ്യൂട്ട്‌, വേദാന്ത ലിമിറ്റഡ്, ഗ്രാസിം ഇൻഡസ്ട്രീസ്, പിരമൽ എന്റർപ്രൈസസ്, എംആർഎഫ്‌, മുത്തൂറ്റ് ഫിനാൻസ്, കിറ്റെക്‌സ്‌, എസ്സൽ മൈനിങ്, ഭാരതി എയർടെൽ, സിപ്ല, അൾട്രാടെക് സിമന്റ്‌, ഡിഎൽഎഫ്, സ്‌പൈസ് ജെറ്റ്, സുസുക്കി ഇന്ത്യ തുടങ്ങിയവയും പട്ടികയിലുണ്ട്.

കോൺഗ്രസിനെക്കാൾ പണം കിട്ടിയത് തൃണമൂൽ കോൺഗ്രസിനാണ്. 1609.5 കോടി രൂപ തൃണമൂൽ കോൺഗ്രസ് ബോണ്ടിൽ നിന്നും കൈപ്പറ്റി. കോൺഗ്രസിന് കിട്ടിയത് 1.421.9 കോടി രൂപ. ബി ആർ എസ് 1214.7 കോടി രൂപ വാങ്ങിയപ്പോൾ ബി ജെ ഡി യ്ക്ക് 775.5 കോടി രൂപ ലഭിച്ചു.

Story Highlights: electoral bond sbi documents bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here