പെണ്ണഴകിൽ പുരുഷന്മാർ; കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിൽ ചമയവിളക്ക് ഉത്സവം

ആചാരപ്പെരുമയിൽ പെണ്ണഴകുചാർത്തി പുരുഷാംഗനമാർ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിൽ ചമയവിളക്കെടുത്തു. കൺകോണുകളിൽ ലാസ്യ ശൃംഗാര രസങ്ങൾ, അംഗനമാരെ വെല്ലുന്ന അംഗലാവണ്യം കൊറ്റൻകുളങ്ങര ദേവീക്ഷേത്ര പരിസരത്തെ ചമയപ്പുരകളിലേക്ക് കയറിയ പുരുഷ കേസരിമാരുടെ മാറ്റം കണ്ട് സത്രീജനങ്ങളിൽ അസൂയ ഉണ്ടായി.
ആണ് പെണ്ണാവുന്ന ഉൽസവരാത്രി. കണ്ണിനു മിഴിവേകുന്ന വർണങ്ങളും അലങ്കാരങ്ങളും ചാർത്തി നെയ്ത്തിരി വിളക്കിന്റെ വെളിച്ചത്തിൽ അവരൊരുങ്ങി വരുമ്പോൾ സ്ത്രീകൾ പോലും വിസ്മയിച്ചുപോകും.
ചവറ കൊറ്റൻകുളങ്ങര ചമയവിളക്ക് ഉത്സവമാണ് ഇത്. അഭീഷ്ട കാര്യ സിദ്ധിയ്ക്കായി പുരുഷന്മാർ വ്രതം നോറ്റു പെൺവേഷം കെട്ടി ദേവീപ്രീതിയ്ക്കായി വിളക്കെടുക്കുന്ന അത്യപൂർവമായ ചടങ്ങ്. പുരുഷന്മാർ അംഗനവേഷത്തിൽ ചമയവിളക്കേന്തുന്ന ആചാരപ്പെരുമ കൊറ്റൻകുളങ്ങര ക്ഷേത്രത്തിനു മാത്രം സ്വന്തമാണ്.
ലോകത്തു മറ്റൊരിടത്തും ഇത്തരമൊരു അപൂർവ കാഴ്ച കാണാനാവില്ല. പല തരത്തിൽ പല വേഷത്തിൽ കുഞ്ഞുകുട്ടികൾ മുതൽ വൃദ്ധന്മാർ വരെ വാലിട്ട് കണ്ണെഴുതി, പൊട്ടു തൊട്ട്, മുല്ലപ്പൂ ചൂടി, ആടയാഭരണവിഭൂഷിതരായി വിളക്കെടുക്കാനെത്തും. വിളക്കെടുത്താൽ മനസിലുള്ള ആഗ്രഹങ്ങൾ സാധിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം. ആഗ്രഹപൂർത്തീകരണത്തിനായി ആണിൽ നിന്നു പെണ്ണിലേക്കുള്ള ഒരു പരകായ പ്രവേശം. നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് പുരുഷാംഗനമാരാണ് ചമയവിളക്കിന് കൊറ്റംകുളങ്ങരയിൽ എത്തുന്നത്.
Story Highlights: kottankulangara ulsavam men women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here