കലാമണ്ഡലത്തിൽ മോഹിനിയാട്ടം അവതരിപ്പിച്ച് ആർഎൽവി രാമകൃഷ്ണൻ; നൃത്തം കൊണ്ട് മറുപടി

കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിച്ച് ആർഎൽവി രാമകൃഷ്ണൻ. കലാമണ്ഡലത്തിലെ വിദ്യാർത്ഥി യൂണിയനാണ് കൂത്തമ്പലത്തിൽ നൃത്തം അവതരിപ്പിക്കാനുള്ള വേദി ഒരുക്കി നൽകിയത്. കലാമണ്ഡലത്തിൽ ചിലങ്ക കെട്ടിയാടാൻ കഴിഞ്ഞത് സ്വപ്ന സാക്ഷാത്കാരമാണെന്ന് ആര്‍എല്‍വി രാമകൃഷ്ണൻ പറഞ്ഞു.
അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന നിറഞ്ഞ സദസ്സിലായിരുന്നു രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിച്ചത്. കൂത്തമ്പലത്തിൽ ചിലങ്ക കെട്ടണമെന്ന രണ്ടു പതിറ്റാണ്ടായുള്ള രാമകൃഷ്ണന്‍റെ സ്വപ്നം കൂടിയായിരുന്നു സാക്ഷാത്കരിച്ചത്.മോഹനനല്ല, മോഹിനിയാണ് മോഹിനിയാട്ടം അവതരിപ്പിക്കേണ്ടത്, കറുത്ത നിറമുള്ളവർ നൃത്ത മത്സരങ്ങളിൽ പങ്കെടുക്കേണ്ട തുടങ്ങി നിരവധി അധിക്ഷേപ പരാമർശങ്ങളായിരുന്നു സത്യഭാമ രാമകൃഷ്ണനെതിരെ ഉയർത്തിയത്.
പതിനഞ്ച് കൊല്ലമായി അധ്യാപകനായും നർത്തകനായും കലാ രംഗത്തുണ്ട്. ആൺകുട്ടികളെ മോഹിനിയാട്ടം പഠിപ്പിക്കാനായി കലാമണ്ഡലത്തിന്‍റെ വാതിലുകൾ തുറക്കുമെന്നാണ് പ്രതീക്ഷയെന്നും രാമകൃഷ്ണൻ പറഞ്ഞു. സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിന് പിന്നാലെ കലാമണ്ഡലം വിദ്യാർഥി യൂണിയനാണ് കൂത്തമ്പലത്തിൽ വേദി ഒരുക്കിയത്. കലാമണ്ഡലം വിസിയും രജിസ്ട്രാറും ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു നൃത്താവതരണം.
Story Highlights : RLV Ramakrishnan Performs Mohiniyattam at Kerala Kalamandalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here