‘ലീഗിന് ലഭിച്ച രാജ്യസഭാ സീറ്റ് ഒരു വിദേശ വ്യവസായിക്ക് കൊടുക്കാനാണ് നീക്കം’; യൂത്ത് ലീഗിനെ ഓരോ തവണയും പറഞ്ഞുപറ്റിച്ചെന്ന് കെഎസ് ഹംസ
ലീഗിന് ലഭിച്ച രാജ്യസഭാ സീറ്റ് ഒരു വിദേശ വ്യവസായിക്ക് കൊടുക്കാനാണ് നീക്കമെന്ന് പൊന്നാനി എൽഡിഎഫ് സ്ഥാനാർത്ഥി കെഎസ് ഹംസ. യൂത്ത് ലീഗിനെ ഓരോ തവണയും പറഞ്ഞു പറ്റിച്ചു എന്നും അദ്ദേഹം പ്രതികരിച്ചു. (muslim league rajyasabha hamza)
പിരിച്ചുവിട്ട ഹരിത നേതാക്കളെ മുസ്ലിം ലീഗ് തിരിച്ചെടുത്തതിൽ സന്തോഷമെന്ന് കെഎസ് ഹംസ പറഞ്ഞു. അവർ പാർട്ടിയുടെ അഭിമാനം കാത്തവർ. മറ്റുള്ളവർ പാർട്ടിയെ നശിപ്പിക്കാൻ ശ്രമിച്ചവർ. എംഎസ്എഫിൽ നിന്ന് പുറത്താക്കപ്പെട്ടവരിൽ ഒരാൾ എ ആർ നഗർ ബാങ്ക് കേസിൽ വിവരാവകാശം ആവശ്യപ്പെട്ട ആളാണ്. വിവരാവകാശം ലഭിക്കുമെന്ന പേടി കൊണ്ടാണ് ഇവരെ തിരിച്ചെടുത്തതെന്നും കെഎസ് ഹംസ പറഞ്ഞു.
Read Also: ഹരിത വിവാദത്തിൽ പുറത്താക്കിയ നേതാക്കളെ തിരിച്ചെടുക്കാൻ മുസ്ലിം ലീഗ് നീക്കം
കുഞ്ഞാലിക്കുട്ടിക്ക് മടിയിൽ കനം ഉള്ളതുകൊണ്ട് വഴിയിൽ ഉള്ളതിനെ എല്ലാം പേടിയാണ്. ഹൈദരലി തങ്ങളെ ഇഡിക്ക് വലിച്ചെറിഞ്ഞു കൊടുത്തു. നോട്ട് നിരോധനം വന്നപ്പോൾ പാർട്ടി മുതലാളിയുടെ കയ്യിൽ ഉണ്ടായിരുന്ന പത്തു കോടി രൂപ ബാങ്കുകൾ ഒന്നും എടുത്തില്ല. പിന്നീട് ഹൈദരലി തങ്ങളുടെ പേരിലുള്ള കൊച്ചിയിലെ ചന്ദ്രികയുടെ അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. ഇൻകം ടാക്സ് വന്നപ്പോൾ 3 കോടി രൂപ ഫൈൻ അടച്ച് തടിതപ്പി. എന്നാൽ ഇതിൽ ഇഡി അന്വേഷണം വന്നപ്പോൾ പാർട്ടി നേതാക്കൾ കൈമലർത്തിയതോടെ അന്വേഷണം ഹൈദരലി തങ്ങളിലേക്ക് തിരിഞ്ഞു. ഈ വിഷയം പാർട്ടിയിൽ ഉന്നയിച്ചതാണ് ലീഗിൽ ഞാനുമായി പ്രശ്നമായത്. ഇഡി വന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞപ്പോൾ താൻ തെളിവുകൾ ഹാജരാക്കി. ഹൈദരലി തങ്ങളെ രാവിലെ മുതൽ വൈകിട്ട് വരെ ഇഡി ചോദ്യം ചെയ്തു. ഇതിൽ മനം നൊന്താണ് മുഈനലി വാർത്താ സമ്മേളനത്തിൽ പൊട്ടിത്തെറിച്ചത്. ലീഗ് നേതൃത്വത്തിന് ഇഡിയെയും മോഡിയെയും പേടിയാണ് എന്നും കെഎസ് ഹംസ പറഞ്ഞു.
Story Highlights: muslim league rajyasabha seat ks hamza
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here