Advertisement

കേരള സ്റ്റോറി സിനിമാ പ്രദർശനം: ‘അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്’; അത് കലയിലൂടെ പ്രകടിപ്പിക്കാമെന്ന് വി മുരളീധരൻ

April 5, 2024
Google News 2 minutes Read
kerala story movie muraleedharan

വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ. അഭിപ്രായ സ്വാതന്ത്ര്യം ഈ രാജ്യത്ത് എല്ലാവർക്കുമുണ്ട്. അത് കലയിലുടെ പ്രകടിപ്പിക്കാമെന്നും മുരളീധരൻ പ്രതികരിച്ചു. (kerala story movie muraleedharan)

ഒരു കലാകാരന്റെ വീക്ഷണമാണ് സിനിമ. സിനിമ ഹാനികരമാണെങ്കിൽ അത് നോക്കാൻ സെൻസർ ബോർഡംഗങ്ങളടക്കമുള സംവിധാനങ്ങളുണ്ട്.
അവർ പരിശോധിച്ച ശേഷം തിയേറ്ററിൽ പ്രദർശിപ്പിച്ച സിനിമ ദൂരദർശനിൽ വരുന്നതിൽ തെറ്റില്ല. അങ്ങനെ പ്രദർശന വിലക്ക് ഏർപ്പെടുത്തണമെന്ന് പറയുന്നവർ അഭിപ്രായങ്ങളെ പേടിയുള്ളവരാണ്. കേരളത്തെ ഇകഴ്ത്തിക്കാട്ടാൻ ഈ സിനിമ ശ്രമിക്കുന്നില്ല.

ഇടത് പക്ഷത്തിൻ്റേത് സെലക്ടീവ് അഭിപ്രായ സ്വാതന്ത്ര്യമാണ്. അനുകൂലമായതിനെ മാത്രം പിന്തുണക്കുന്നവരാണ് ഇടത് പക്ഷം. സിനിമക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. അവർ പരാതി കൊടുക്കട്ടെ. ഭീകരവാദ സംഘടനകളുടെ വോട്ട് വേണ്ടെന്ന് പറയാൻ നാലു ദിവസം വേണ്ടി വന്നവരല്ലേ അവർ.

Read Also: കേരള സ്റ്റോറി പ്രദർശിപ്പിക്കരുത്: തെരഞ്ഞെടുപ്പ് കമ്മിഷന് വി ഡി സതീശൻ കത്ത് നൽകി

നുണകഥകളിലൂടെ കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കാനുള്ള ദൂരദർശന്റെ തീരുമാനം പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചിരുന്നു. രാജ്യം ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തിൽ രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളിലൊന്നായ ദൂരദർശൻ വഴി ഈ സിനിമ സംപ്രേക്ഷണം ചെയ്യാൻ വേണ്ടി തീരുമാനിച്ചിരിക്കുന്നത് ദുരുദ്ദേശപരമാണ്.

ഇത് കേരളത്തെ അപമാനിക്കുന്നതും രാജ്യത്ത് വംശീയവും വർഗീയവുമായ വിദ്വേഷം ഇളക്കി വിടാനും ഉദ്ദേശിച്ചുള്ളതാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. ഏപ്രിൽ അഞ്ചിന് കേരള സ്റ്റോറി സംപ്രേക്ഷണം ചെയ്യാനുള്ള നീക്കത്തിൽ നിന്നും ദൂരദർശൻ പിൻമാറണമെന്നും ദൂരദർശന്റെ ഈ തീരുമാനത്തിൽ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

‘കേരള സ്റ്റോറി’ സിനിമ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്ത് നൽകി. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘപരിവാർ താൽപര്യമാണ് സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിൽ. സിനിമ സംപ്രേക്ഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Story Highlights: the kerala story movie v muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here