Advertisement

ലോകകപ്പ് ടീമിൽ ഋഷഭ് പന്തോ സഞ്ജു സാംസണോ?; സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു

April 14, 2024
Google News 2 minutes Read
pant sanju world cup

ഇക്കൊല്ലം ജൂണിലാണ് ടി-20 ലോകകപ്പ്. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിനെ ഈ മാസം അവസാനമോ മെയ് മാസം ആദ്യ സമയങ്ങളിലോ പ്രഖ്യാപിക്കുമെന്നാണ് വിവരം. ടീമിൽ ആരൊക്കെ ഉൾപ്പെടുമെന്നതിനെപ്പറ്റി സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുകയാണ്. (pant sanju world cup)

ടീമിൻ്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ആര് എത്തുമെന്നതാണ് പ്രധാന ചർച്ച. ഋഷഭ് പന്ത്, സഞ്ജു സാംസൺ, കെഎൽ രാഹുൽ, ജിതേഷ് ശർമ്മ, ഇഷാൻ കിഷൻ എന്നിങ്ങനെ ഐപിഎലിൽ പ്രധാന വിക്കറ്റ് കീപ്പർമാരൊക്കെ ഭേദപ്പെട്ട പ്രകടനങ്ങളാണ് നടത്തുന്നത്. ഇതിൽ സഞ്ജുവും പന്തും ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിലുണ്ട്.

Read Also: ശിഖർ ധവാനു പരുക്ക്; 10 ദിവസം വരെ പുറത്തിരുന്നേക്കാമെന്ന് പഞ്ചാബ് കിംഗ്സ് മാനേജ്മെൻ്റ്

മലയാളി താരവും രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനുമായ സഞ്ജു സാംസൺ പട്ടികയിൽ മൂന്നാമതുണ്ട്. 6 മത്സരങ്ങളിൽ 268 റൺസ് ആണ് സഞ്ജു നേടിയത്. 66 ശരാശരിയും 155 സ്ട്രൈക്ക് റേറ്റും. ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത് പട്ടികയിൽ ആറാം സ്ഥാനത്ത്. 32.33 ശരാശരിയിൽ 194 റൺസ് നേടിയ പന്തിൻ്റെ സ്ട്രൈക്ക് റേറ്റ് 157. കൃത്യമായി ഈ കണക്കുകളിൽ സഞ്ജു മുന്നിലാണ്. ഒരു ബാറ്റർ എന്നതിലുപരി വിക്കറ്റ് കീപ്പർ എന്ന നിലയിലും നായകൻ എന്ന നിലയിലും സഞ്ജു ഏറെ മുന്നേറിക്കഴിഞ്ഞു. സീസണിൽ ഇതുവരെ ഏറ്റവും മികച്ച ക്യാപ്റ്റനായി ഓസീസ് സൂപ്പർ താരം സ്റ്റീവ് സ്മിത്ത് തെരഞ്ഞെടുത്തത് സഞ്ജുവിനെയാണ്. സഞ്ജുവിൻ്റെ വിക്കറ്റ് കീപ്പിംഗിൽ സാരമായ പുരോഗതിയുണ്ടായതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ലോകകപ്പ് ടീമിലേക്ക് സാധ്യത കൂടുതൽ ഋഷഭ് പന്തിനു തന്നെയാണ്.

രാജ്യാന്തര ടി-20യിൽ 66 മത്സരം കളിച്ച്, 126 സ്ട്രൈക്ക് റേറ്റും 22 ശരാശരിയും എന്ന മോശം റെക്കോർഡുള്ള പന്തിനു പക്ഷേ ഇടങ്കയ്യൻ എന്നതും മധ്യനിര താരം എന്നതും ലോംഗർ ഫോർമാറ്റുകളിലെങ്കിലും മാച്ച് വിന്നർ എന്നതുമാണ് തുണയാവുന്നത്. പല മുൻ താരങ്ങളും ഋഷഭ് പന്തിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു. മുഹമ്മദ് കൈഫ്, ആഡം ഗിൽക്രിസ്റ്റ്, മൈക്കൽ വോൺ തുടങ്ങി പല മുൻ താരങ്ങളും പന്തിനൊപ്പമാണ്. സഞ്ജു രാജസ്ഥാനുവേണ്ടി മൂന്നാം നമ്പറിലാണ് കളിക്കുന്നത്. ഇന്ത്യൻ ടീം പരിഗണിക്കുമ്പോൾ മൂന്നാം നമ്പറിൽ വിരാട് കോലിയാണുള്ളത്. പന്ത് ഡൽഹിക്ക് വേണ്ടി നാലാം നമ്പറിൽ. ഈ സ്ഥാനത്ത് ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവ് ഉണ്ടെങ്കിലും പന്തിനെ അഞ്ചാം നമ്പരിലും പരിഗണിക്കാം. ഐപിഎൽ ആകെ 35 ശതമാനമേ കഴിഞ്ഞിട്ടുള്ളൂ. ഇനിയും മത്സരങ്ങളുണ്ട്. പ്രകടനങ്ങൾ മാറും, അപ്പോൾ സഞ്ജു പിന്നിലാവാം. കെഎൽ രാഹുൽ മുന്നിലെത്താം. എങ്കിലും സോഷ്യൽ മീഡിയയിലെ വിദഗ്ധർ ഇപ്പോൾ മാർക്ക് നൽകുന്നത് സഞ്ജുവിനു മുകളിൽ പന്തിനാണ്. അതായത്, ചെയ്യേണ്ടതെല്ലാം ചെയ്തിട്ടും പ്രത്യേകിച്ച് പിഴവുകളൊന്നും വരുത്താതിരുന്നിട്ടും സഞ്ജുവിന് ലോകകപ്പ് ടീമിൽ ഇടം ലഭിച്ചേക്കില്ലെന്നതാണ് നിലവിലെ കണക്കുകൂട്ടൽ.

Story Highlights: rishabh pant sanju samson t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here