Advertisement

അംബാനി- അദാനി വിഷയം വീണ്ടും ഉന്നയിക്കാതെ മോദി: ഹിന്ദു മുസ്ലിം വിഷയത്തിലേക്ക് മടക്കം

May 11, 2024
Google News 2 minutes Read
Modis communal comments

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്ത് നിന്ന് അത്തരമൊരു പ്രസ്താവന ആരും പ്രതീക്ഷിച്ചതല്ല. അംബാനിയും അദാനിയുമായും രാഹുൽ ഗാന്ധി ഒത്തുതീര്‍പ്പുണ്ടാക്കിയെന്നും എത്ര പണം അതിനായി കിട്ടിയെന്നുമുള്ള അദ്ദേഹത്തിന്റെ ചോദ്യം സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ പോലും ഞെട്ടിക്കുന്നതായിരുന്നു. എന്നാൽ പ്രതിപക്ഷം ഇത് ഏറ്റെടുത്ത് തിരിച്ചടിക്കാൻ ഒരുങ്ങുമ്പോഴേക്കും താൻ തുടങ്ങിവച്ച ധ്രുവീകരണ രാഷ്ട്രീയ വാദത്തിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തിൻ്റെ ശ്രദ്ധ വീണ്ടും തിരിച്ചിരിക്കുകയാണ് നരേന്ദ്ര മോദി.

മഹാരാഷ്ട്രയിലും തെലങ്കാനയിലും തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിച്ച പ്രധാനമന്ത്രി രാജ്യത്ത് കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഹിന്ദുക്കളെ രണ്ടാം തരം പൗരന്മാരായി മാത്രമേ പരിഗണിക്കൂവെന്നും ഇത് വോട്ട് ജിഹാദിന് വേണ്ടിയാണെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു. കോൺഗ്രസിന് ഹിന്ദുവിരുദ്ധ മനോഭാവമാണെന്നും രാമക്ഷേത്രത്തെ അവര്‍ രാജ്യവിരുദ്ധമായാണ് കാണുന്നതെന്നും പറഞ്ഞ അദ്ദേഹം ഒബിസി സംവരണം മുസ്ലിങ്ങൾക്ക് കോൺഗ്രസ് നൽകുമെന്നും ആരോപിച്ചിരുന്നു.

എന്നാൽ ബുധനാഴ്ചയാണ് അദ്ദേഹം രാഹുൽ ഗാന്ധിക്ക് രാജ്യത്തെ ആദ്യ രണ്ട് അതിസമ്പന്നരായ മുകേഷ് അംബാനിയും ഗൗതം അദാനിയും പണം നൽകിയോ എന്ന ചോദ്യം ഉന്നയിച്ച് രംഗത്ത് വന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഈയടുത്ത മാസങ്ങളിലും പ്രധാനമന്ത്രിയുടെ കോര്‍പറേറ്റ് രംഗത്തെ സൗഹൃദങ്ങളെ ചൂണ്ടി ആരോപണ ശരങ്ങളെയ്ത കോൺഗ്രസും രാഹുൽ ഗാന്ധിയും ഇതിൽ നിന്ന് പിന്നോട്ട് പോയത് എന്തുകൊണ്ടെന്നായിരുന്നു മുന വെച്ചുള്ള പരാമര്‍ശങ്ങളിലൂടെ മോദി ലക്ഷ്യമിട്ടത്. എന്നാൽ ഇത് അവിടം കൊണ്ട് തീര്‍ന്നോ എന്ന സംശയമാണ് ഉയരുന്നത്. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നടത്തിയ പ്രസംഗങ്ങളിലൊന്നിൽ പോലും അംബാനി-അദാനി-രാഹുൽ കൂട്ടുകെട്ടിനെ കുറിച്ച് നരേന്ദ്ര മോദി മിണ്ടിയതേയില്ല.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം പ്രതീക്ഷിച്ച് പോരിനിറങ്ങിയ ബിജെപി ഒടുവിൽ നടത്തിയ വിലയിരുത്തൽ പ്രകാരം താഴേത്തട്ടിലെ സ്ഥിതി അത്ര ആശാസ്യമല്ല. പ്രതിപക്ഷ പാര്‍ട്ടികൾ ഒറ്റക്കെട്ടായി രംഗത്ത് വന്നതോടെ മത്സരം കൂടുതൽ കടുത്തുവെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. അംബാനിയുടെയും അദാനിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ പോലും ബിജെപിക്ക് സീറ്റുകൾ നഷ്ടമാകുമെന്ന പ്രതീതിയാണ് ഉയര്‍ന്നത്. ബിജെപി പിന്നോട്ട് പോകുമെന്ന ഭീതി ഇന്ത്യയുടെ ഓഹരി വിപണിയിൽ പോലും പ്രതിഫലിക്കുന്നുണ്ട്.

അതേസമയം മോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗുജറാത്തിൽ നിന്നുള്ള ഒരു ബിജെപി നേതാവ് തന്നെ ദേശീയ മാധ്യമങ്ങളോട് പ്രധാനമന്ത്രിയുടെ പ്രസ്താവന തീര്‍ത്തും അപ്രതീക്ഷിതമെന്നാണ് പ്രതികരിച്ചത്. നരേന്ദ്ര മോദി ഈ നിലയിൽ സംസാരിച്ചതിന് പിന്നിൽ വ്യക്തമായ എന്തെങ്കിലും കാരണവുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ വിവാദ പ്രസ്താവനകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ തന്നെ രാഹുൽ ഗാന്ധിയും ഇതിന് മറുപടിയുമായി രംഗത്ത് വന്നിരുന്നു. അംബാനിയെയും അദാനിയെയും നരേന്ദ്ര മോദിക്ക് ഭയമാണെന്നും അവരുടെ വീടുകളിലേക്ക് കേന്ദ്ര ഏജൻസികളെ അയക്കാത്തത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച നടന്ന റാലിയിൽ മഹാരാഷ്ട്രയിലെ നന്ദുര്‍ബാറിൽ സംസാരിച്ച പ്രധാനമന്ത്രി കോൺഗ്രസ് തന്റെ ശവക്കുഴി തോണ്ടുമെന്ന് പറഞ്ഞതായി കുറ്റപ്പെടുത്തി. പ്രീണന താത്പര്യത്തോടെയാണ് തനിക്കെതിരെ കോൺഗ്രസ് അധിക്ഷേപങ്ങൾ അഴിച്ചുവിടുന്നതെന്നും വോട്ട് ബാങ്കിന് താത്പര്യമുള്ളത് പോലെ നിങ്ങളാരെങ്കിലും അങ്ങനെ ചെയ്യുമോയെന്നും അദ്ദേഹം ചോദിച്ചു.

രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്ന എല്ലായിടത്തും പോളിങ് ശതമാനം താഴേക്ക് പോയത് ബിജെപി ക്യാംപിനെ, പ്രത്യേകിച്ച് പ്രധാനമന്ത്രിയെ അലോസരപ്പെടുത്തിയെന്നാണ് രാഷ്ട്രീയ രംഗത്തെ വിലയിരുത്തൽ. ഇതോടെയാണ് വികസനവും 400 ലധികം സീറ്റുമെന്ന പ്രഖ്യാപനവുമായി പ്രചാരണത്തിന് ഇറങ്ങിയ ബിജെപി തങ്ങളുടെ പ്രചാരണത്തിൻ്റെ കേന്ദ്രബിന്ദുവായി ധ്രവീകരണ നിലപാടുകൾ ഉയര്‍ത്തിക്കാട്ടിയത്. നിലവിലെ സ്ഥിതിയിൽ കൂടുതൽ ജനപിന്തുണ കിട്ടാൻ ധ്രുവീകരണ നിലപാടുകളിലൂടെ സാധിക്കുമെന്നാണ് ഭരണകക്ഷിയുടെ പ്രതീക്ഷ.

വെള്ളിയാഴ്ച മറ്റൊരു റാലിയിൽ സംസാരിച്ച നരേന്ദ്ര മോദി ഇവിടെയും രാമക്ഷേത്ര വിഷയം എടുത്തുയര്‍ത്തി. രാജകുമാരന്റെ (രാഹുൽ ഗാന്ധി) അമേരിക്കയിലെ ദൂതൻ (സാം പിത്രോദ) അയോധ്യയിലെ രാമക്ഷേത്രത്തിൽ രാമനെ വണങ്ങുന്നത് ഇന്ത്യയെന്ന ആശയത്തിന് എതിരാണെന്ന് പറഞ്ഞതായി ആരോപിച്ചു. രാജ്യത്ത് ഹിന്ദു വിശ്വാസം ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദില്ലിയിലുള്ള ബിജെപി നേതാക്കൾക്കും തെരഞ്ഞെടുപ്പ് ഫലത്തിൽ വലിയ പ്രതീക്ഷകളില്ല. മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും ബിഹാറിലും ഒരു പരിധി വരെ ജാര്‍ഖണ്ഡിലും രാജസ്ഥാനിലും ബിജെപിക്ക് സീറ്റുകൾ നഷ്ടപ്പെടുമെന്നാണ് ഇവ‍ര്‍ കരുതുന്നത്. അതേസമയം ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാൾ, ഒഡിഷ, തെലങ്കാന സംസ്ഥാനങ്ങളിൽ ബിജെപിക്ക് സീറ്റുകൾ കൂടുതൽ ലഭിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. 2019 ലെ 303 ന് താഴേക്ക് സീറ്റുകൾ കുറയില്ലെന്ന് അപ്പോഴും ബിജെപിക്ക് ക്യാംപ് പ്രതീക്ഷിക്കുന്നുണ്ട്. നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചെത്താനല്ല മറിച്ച് 2019 ലെ അംഗബലത്തേക്കാൾ കൂടുതൽ നേടി, അതിശക്തനായി അധികാരത്തിൽ തിരിച്ചെത്താനാണ് നരേന്ദ്ര മോദി ആഗ്രഹിക്കുന്നത്. പക്ഷെ പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായുള്ള പോരാട്ടവും ഉയര്‍ത്തുന്ന രാഷ്ട്രീയ വിഷയങ്ങളും ബിജെപിക്ക് മുന്നിൽ വലിയ വെല്ലുവിളി തീര്‍ക്കുന്നുണ്ട്.

Story Highlights: loksabha election 2024 modi remained silence on ambani adani but resumed communal stance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here