അധികാരത്തിന്റെ ജനകീയമുഖം; ഇ.കെ നായനാര്‍ ഓര്‍മയായിട്ട് രണ്ട് പതിറ്റാണ്ട്

മുന്‍ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായിരുന്ന ഇ കെ നായനാര്‍ വിട പറഞ്ഞിട്ട് രണ്ട് പതിറ്റാണ്ട്. 20 വര്‍ഷം മുന്‍പ് ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്താണ് കേരളത്തിന്റെ എക്കാലത്തെയും ജനകീയ നേതാവ് വിടവാങ്ങിയത്.(EK Nayanar’s 20th death anniversary)
കണ്ണൂര്‍ പയ്യാമ്പലം നായനാര്‍ സ്മൃതി കുടീരത്തില്‍ രാവിലെ എട്ടിന് പുഷ്പാര്‍ച്ചന നടക്കും. നായനാര്‍ അക്കാദമിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സിപിഐഎം നേതാക്കള്‍ പങ്കെടുക്കും. എ ഐ സാങ്കേതിക വിദ്യയിലൂടെ ഒരുക്കിയ നായനാരുടെ രൂപം ബര്‍ണശ്ശേരിയിലെ നായനാര്‍ മ്യൂസിയത്തില്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. വൈകിട്ട് നായനാരുടെ ജന്മനാടായ കല്യാശേരിയിലും അനുസ്മരണം നടക്കും. നായനാര്‍ ഉപയോഗിച്ച വസ്തു വകകളെല്ലാം കല്യാശേരിയിലെ വീട്ടില്‍നിന്ന് കണ്ണൂരിലെ അക്കാദമി മ്യൂസിയത്തിലേക്ക് എത്തിച്ചു. ഇവിടെ ഇനിമുതല്‍ പ്രിയനേതാവിനെ കാണുകയും കേള്‍ക്കുകയും ചെയ്യാം.
2004 മെയ് 19നാണ് അധികാരത്തിന്റെ ജനകീയ മുഖമായ ഇ കെ നായനാര്‍ രാഷ്ട്രീയകേരളത്തോട് വിടപറഞ്ഞത്. 1980 മുതല്‍ 1981 വരെയും 1987 മുതല്‍ 1991 വരെയും 1996 മുതല്‍ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായി ഇ കെ നായനാര്‍ സേവനമനുഷ്ഠിച്ചു. ഏറ്റവും കൂടുതല്‍ കാലം കേരള മുഖ്യമന്ത്രിയായ നേതാവാണ് അദ്ദേഹം.
ബാലസംഘത്തിലൂടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെത്തിയ നായനാര്‍ തന്റെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുമെത്തി. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനിടെ സ്‌കൂള്‍ പഠനം ഉപേക്ഷിക്കേണ്ടിവന്നു. കയ്യൂര്‍ സമരകാലയളവില്‍ പത്രപ്രവര്‍ത്തകനായി. ആദ്യം കള്ളപ്പേരില്‍ കേരള കൗമുദിയിലും പിന്നീട് പാര്‍ട്ടിപത്രമായ ദേശാഭിമാനിയിലും. ചിന്ത മാസികയിലെ പത്രാധിപരായും നായനാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകന്റെ അനുഭവങ്ങള്‍ നായനാര്‍ രചിച്ച പുസ്തകങ്ങളിലൊന്നാണ്.
നായനാരുടെ നിലപാടുകളിലെ പോരാട്ടവീര്യവും, നര്‍മ്മം മേമ്പൊടിയായ വാക്കുകളും ഓര്‍ത്തെടുത്ത് ട്വന്റിഫോറുമായി പങ്കുവച്ചു, സഖാവിന്റെ പ്രിയ പത്‌നി ശാരദ ടീച്ചര്‍. നിലപാടുകളിലെ തെളിമ, ചിരി നിറച്ച വാക്കുകള്‍ ഉതിര്‍ന്നുവീഴുന്നുണ്ടെങ്കിലും രണ്ടു പതിറ്റാണ്ട് നീണ്ട ശൂന്യത ആ മുഖത്ത് കാണാം. കല്യാശ്ശേരിയിലെ ശാരദാസില്‍ തലയെടുപ്പുള്ള ആ ചിരിയോര്‍മ്മകള്‍ക്ക് ശാരദ ടീച്ചര്‍ കൂട്ടിരിക്കുകയാണ്.
Story Highlights : EK Nayanar’s 20th death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here