Advertisement

പൊരുതിത്തോറ്റ ‘വീരതേജസ്വി’: ബിഹാറിൽ വോട്ട് വിഹിതത്തിൽ ഒന്നാമത് ആർജെഡി, ജനപിന്തുണ നേടി ഇന്ത്യ സഖ്യം

June 6, 2024
Google News 2 minutes Read
Tejashwi Yadav

സീറ്റെണ്ണത്തിൽ എൻഡിഎ ബിഹാറിൽ മുന്നിലെത്തിയെങ്കിലും തല ഉയർത്തിപ്പിടിച്ചാണ് ഇന്ത്യ മുന്നണി ബിഹാറിലും നിൽക്കുന്നത്. 40 ൽ 31 സീറ്റിലും എൻഡിഎ മുന്നണി ജയിച്ച സംസ്ഥാനത്ത് പക്ഷെ ഇവരുടെ വോട്ട് വിഹിതം കുത്തനെ താഴ്ന്നു. സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷത്തിലും വലിയ ഇടിവ് സംഭവിച്ചു. 17 ഇടത്ത് മത്സരിച്ച് അഞ്ചിൽ പരാജയപ്പെട്ട ബി.ജെ.പിയെ അപേക്ഷിച്ച് സംസ്ഥാനത്ത് 16 ഇടത്ത് മത്സരിച്ച് 12 ലും ജയിച്ച ജെഡിയു നേട്ടമുണ്ടാക്കിയെങ്കിലും അവരുടെ വോട്ട് വിഹിതം കുത്തനെ താഴുന്നതും തെരഞ്ഞെടുപ്പിൽ കണ്ടു.

സംസ്ഥാനത്ത് നാല് സീറ്റിൽ മാത്രം ജയിച്ച ആർജെഡിയാകട്ടെ, ബിഹാറിൽ തങ്ങളുടെ വോട്ട് വിഹിതം 2019 നെ അപേക്ഷിച്ച് ആറ് ശതമാനം വർധിപ്പിച്ചു. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ ഫലസൂചനകളിലേക്ക് കൂടി വിരൽ ചൂണ്ടുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം. കേന്ദ്ര ഭരണത്തിൽ നിർണായക ശക്തിയായി മാറാൻ പോകുന്ന ജെഡിയുവിന് ബിഹാറിലെ താഴേത്തട്ടിൽ തിരിച്ചടി നേരിടുമോയെന്നാണ് അംസംബ്ലി തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ ഉറ്റുനോക്കപ്പെടുക.

ജാതി സ്വാധീന മേഖലകളിൽ നിതീഷ് കുമാറിന് മുൻപുണ്ടായിരുന്ന ജനപിന്തുണ ഇപ്പോഴില്ലെന്നാണ് കണക്കുകൾ പറയുന്നത്. 2019 ൽ സംസ്ഥാനത്ത് ബിജെപി-ജെഡിയു-എൽജെപി സഖ്യ സ്ഥാനാർത്ഥികൾ 25 സീറ്റുകളിൽ 2 ലക്ഷത്തിലേറെ ഭൂരിപക്ഷം നേടിയിരുന്നു. ഇതിൽ തന്നെ 13 സീറ്റിൽ അവർ മൂന്ന് ലക്ഷത്തിലേറെ ഭൂരിപക്ഷമാണ് നേടിയത്. എന്നാൽ ഇത്തവണ അരാരിയ, മുസാഫർപുർ എന്നീ രണ്ട് മണ്ഡലങ്ങളിൽ മാത്രമാണ് എൻഡിഎ സ്ഥാനാർത്ഥികൾക്ക് 2 ലക്ഷത്തിലേറെ ഭൂരിപക്ഷം നേടാനായത്.

Read Also: നടുവിന് ബെൽറ്റ്, കടുത്ത വേദനയെ നേരിടാൻ കുത്തിവെപ്പും മരുന്നും; തളരാതെ പൊരുതുന്ന തേജസ്വിയിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യ സഖ്യം

സരൺ മണ്ഡലത്തിൽ ലാലു പ്രസാദ് യാദവിൻ്റെ മകൾ രോഹിണി ആചാര്യയെ പരാജയപ്പെടുത്തിയ രാജീവ് പ്രതാപ് റൂഡിയുടെ ഭൂരിപക്ഷമാണ് ഏറ്റവും കുറഞ്ഞത്, 13600. മുസാഫർപുറിൽ ബിജെപി സ്ഥാനാർത്ഥി ഭൂഷൺ ചൗധരി നേടിയ 2.35 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷമാണ് ഏറ്റവും ഉയർന്നത്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് നിഷാദായിരുന്നു പ്രധാന എതിരാളി.

സംസ്ഥാനത്ത് 20.5 ശതമാനമാണ് ബി.ജെ.പിക്ക് ലഭിച്ച വോട്ട്. 2019 നെ അപേക്ഷിച്ച് 3.5 ശതമാനം വോട്ട് കുറഞ്ഞു. 18.52 ശതമാനം വോട്ട് ലഭിച്ച ജെഡിയുവിന് 3.75 ശതമാനം വോട്ട് കുറഞ്ഞു. മത്സരിച്ച അഞ്ച് സീറ്റിൽ അഞ്ചിടത്തും ജയിച്ച എൽജെപിക്കും വോട്ട് 1.5 ശതമാനം കുറഞ്ഞ് 6.5 ശതമാനമായി.

അതേസമയം മറുഭാഗത്ത് ആർജെഡിയുടെ വോട്ട് വിഹിതം 15.7 ശതമാനത്തിൽ നിന്ന് 22.14 ശതമാനമായി. ഏറ്റവും കൂടുതൽ വോട്ട് വിഹിതം നേടിയ പാർട്ടിയായി ആർജെഡി മാറി. 2019 ൽ ഒരു സീറ്റിലും ജയിക്കാതിരുന്ന പാർട്ടി 2024 ൽ നാലിടത്ത് ജയിച്ചു. ബി.ജെ.പിക്കും ജെഡിയുവിനും നഷ്ടമായ അത്രയും വോട്ട് ആർജെഡിക്ക് സംസ്ഥാനത്ത് കൂടി. സംസ്ഥാനത്ത് കോൺഗ്രസിൻ്റെ വോട്ട് വിഹിതവും വർധിച്ചു. 2019 ൽ 7.9 ശതമാനമായിരുന്ന വോട്ട് വിഹിതം 9.2 ശതമാനമായി വളർന്നു.

സംസ്ഥാനത്ത് 2020 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് നിതീഷ് കുമാറിനും ജെഡിയുവിനും നേരിടേണ്ടി വന്നത്. 2015 ൽ 70 സീറ്റിൽ ജയിച്ച പാർട്ടി 2020 ൽ 43 സീറ്റിലേക്ക് ചുരുങ്ങി. ആർജെഡിയാണ് സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപി പിന്തുണയോടെയാണ് ജെഡിയു സംസ്ഥാനം ഭരിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ആർജെഡി ജനപിന്തുണ ഉറപ്പിച്ചാൽ ഹിന്ദി ഭാഷാ ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനങ്ങളിൽ ഒന്നിൽ എൻഡിഎ പിന്നിലേക്കാകും.

Story Highlights : RJD first in vote share at Bihar after Lok Sabha Election 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here