Advertisement

യൂറോ കപ്പ്: ഹംഗറിക്കെതിരെ വിജയം വരിച്ച് സ്വിസ് പട

June 15, 2024
Google News 2 minutes Read
Hungary vs Switzerland

യൂറോ കപ്പ് ഫുട്ബോളില്‍ ഹംഗറിക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന് വിജയ തുടക്കം. ഗ്രൂപ്പ് എ യിലെ രണ്ടാം മത്സരത്തില്‍ ഹംഗറിയെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് പരാജയപ്പെടുത്തിയത്. മിന്നുംജയത്തോടെ സ്വിസ് ടീം ഗ്രൂപ്പില്‍ രണ്ടാമത് എത്തി. ജര്‍മ്മനിയാണ് ഒന്നാമതുള്ളത്. സൂപ്പര്‍താരം ഷാക്കിരിയെ ബെഞ്ചിലിരുത്തി കളത്തിലിറങ്ങിയ സ്വിറ്റ്സര്‍ലന്‍ഡ് മികച്ച ഗെയിം ആണ് പുറത്തെടുത്തത്. നിരന്തരം ഹംഗേറിയന്‍ പ്രതിരോധ നിരയെ കടന്ന് അവര്‍ ഗോള്‍മുഖത്ത് എത്തി.

ആക്രമണ ഫുട്‌ബോളിന്റെ സുന്ദരനിമിഷങ്ങള്‍ കണ്ട കളിയില്‍ പന്ത്രണ്ടാം മിനിറ്റിലായിരുന്നു സ്വിസ് പടയുടെ ആദ്യഗോള്‍. സ്ട്രൈക്കര്‍ ക്വാഡോ ദുവക്ക് ഡി ബോക്സിന് പുറത്തുനിന്ന് എബിഷര്‍ നല്‍കിയ ത്രൂബോള്‍ സ്വീകരിച്ച് അനായാസം ദുവ വലകുലുക്കി. എന്നാല്‍ റഫറി ഓഫ്സൈഡ് വിളിച്ചതോടെ വാറിലേക്ക് പോയി. പരിശോധനയില്‍ ഓഫ്സൈഡല്ലെന്ന് മനസിലായതോടെ ഗോള്‍ അനുവദിച്ചു. സ്‌കോര്‍ 1-0.

മുന്നേറ്റം കുറക്കാതെ കളി തുടര്‍ന്ന് സ്വിറ്റ്സര്‍ലന്‍ഡിന് 19-ാം മിനിറ്റില്‍ മികച്ച ഒരു അവസരം കൂടി ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. റൂബന്‍ വര്‍ഗാസിന്റെ ഷോട്ട് ഹംഗേറിയന്‍ കീപ്പര്‍ പീറ്റര്‍ ഗുലക്സി രക്ഷപ്പെടുത്തി. തുടര്‍ന്ന് ആദ്യ പകുതിയുടെ അവസാനം സ്വിറ്റ്സര്‍ലന്‍ഡ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യ ഗോളിന് വഴിയൊരുക്കിയ എബിഷര്‍ ആയിരുന്നു സ്‌കോര്‍ ചെയ്തത്. പെനാല്‍റ്റി ബോക്സിന് പുറത്തുനിന്ന് കനത്ത ഷോട്ടിലൂടെ എബിഷര്‍ വലകുലുക്കി. സ്‌കോര്‍ 2-0.

Read Also: യൂറോ കപ്പ്: സ്‌കോട്ട്‌ലാന്‍ഡിനെ തരിപ്പണമാക്കി ജര്‍മ്മനി; തകർത്തത് 5-1ന്

രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാനുള്ള തത്രപാടിലായ ഹംഗറി ഉണര്‍ന്നു കളിച്ച് നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെടുത്തു. അതിന്റെ ഫലമെന്നോണം 66-ാം മിനിറ്റില്‍ ഹംഗറി സ്വസ് സംഘത്തിന്റെ വല കുലുക്കി. ഡൊമിനിക് ഷൊബൊസ്ലായി നല്‍കിയ ക്രോസില്‍ തല വെച്ച് ബര്‍നബാസ് വര്‍ഗയാണ് ഹംഗറിയ്ക്കായി ഗോളടിച്ചത്. സ്‌കോര്‍ 2-1. ഗോള്‍ വീണതോടെ ശൗര്യം വിടാതെ സ്വിസ് പടയും മുന്നേറ്റത്തിന് മൂര്‍ച്ച കൂട്ടി. അങ്ങനെ കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കേ സ്വിറ്റ്സര്‍ലന്‍ഡ് മൂന്നാം ഗോളും നേടി. ഇത്തവണ പകരക്കാരനായെത്തിയ എംബോളായാണ് ലക്ഷ്യം കണ്ടത്. സ്‌കോര്‍ 3-1. ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ സ്വിസ് താരങ്ങളോടൊപ്പം ഗ്യാലറിയിലും ആഘോഷതിമിര്‍പ്പായിരുന്നു.

Story Highlights : Hungary vs Switzerland match Euro 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here