Advertisement

തമിഴ് മകൾ കമലയോ ആന്ധ്രയുടെ ചെറുമകൾ ഉഷയോ? പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ചർച്ച ഇന്ത്യൻ വംശജരിലേക്ക്

July 24, 2024
Google News 2 minutes Read
Usha Vance, Kamala Harris

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ ബൈഡൻ്റെ പിന്മാറ്റത്തിനൊപ്പം ചൂട് പിടിച്ച ചർച്ച ഉയർന്നിരിക്കന്നത് അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ നിലപാട് എന്താകും എന്ന കാര്യത്തിലാണ്. നിലവിൽ അമേരിക്കൻ വൈസ് പ്രസിഡൻ്റായ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. കമലയുടെ അമ്മ ഇന്ത്യാക്കാരിയായിരുന്നു എന്നതാണ് ഇവരുടെ ഇന്ത്യൻ ബന്ധം. മറുവശത്ത് റിപ്പബ്ലിക്കൻ പാർട്ടി വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന ജെഡി വാൻസിൻ്റെ ഭാര്യ ഉഷയുടെ ഇന്ത്യൻ ബന്ധമാണ് പ്രധാനപ്പെട്ടത്. അമേരിക്കയിൽ അഭിഭാഷകയായ ഉഷ വാൻസിൻ്റെ അമ്മയും അച്ഛനും ആന്ധ്രയിൽ നിന്നുള്ളവരാണ്. ഒരു വശത്ത് കമലയും മറുവശത്ത് ഉഷയും നിൽക്കുമ്പോൾ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിർണായകമായ ഇന്ത്യൻ വോട്ട് എങ്ങോട്ട് തിരിയുമെന്ന ചോദ്യമാണ് ഉയരുന്നത്.

പാതി ഇന്ത്യൻ വംശജയായ കമല ഹാരിസിനെ പ്രസിഡൻ്റാക്കണോ, അല്ല ഭാവി പ്രസിഡൻ്റ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള ജെഡി വാൻസിനെ ജയിപ്പിച്ച് ഉഷയ്ക്ക് നിർണായക സ്ഥാനം നേടിക്കൊടുക്കണോയെന്നതാണ് ചോദ്യം. അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇപ്പോൾ ഇന്ത്യൻ സ്വാധീനം ശക്തമായി ഉയർത്തപ്പെടുന്നുണ്ട്. അത് തീവ്ര വലതുപക്ഷ വാദികളെ അലോസരപ്പെടുത്തുന്നുമുണ്ട്. ഉഷ ഇന്ത്യൻ വോട്ടുകൾ നേടിയാലും ഇല്ലമെങ്കിലും തീവ്ര വലതു വാദികളുടെ വോട്ട് ട്രംപിൻ്റെ ക്യാംപിൽ നിന്ന് നഷ്ടപ്പെട്ടേക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉഷ ക്രിസ്ത്യാനിയല്ലെന്നതും ഉഷ കുടിയേറി വന്ന കുടുംബത്തിലെ അംഗമാണെന്നതും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാണ്. ജെഡി വാൻസിനും കുടുംബത്തിനുമെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. കുടിയേറ്റ വിഷയത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലപാട് ഉഷ വാൻസിന്റെ കടന്നുവരവോടെ വ്യക്തമാകുന്നുവെന്നാണ് മറ്റൊരു വിമർശനം.

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് രംഗത്ത് പുതുതായി വന്ന താരസാന്നിധ്യമാണ് ഉഷ. റിപ്പബ്ലിക് പാർട്ടിയുടെ കൺവൻഷനിൽ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തിയപ്പോഴാണ് ഉഷ ആദ്യമായി ചിത്രത്തിലേക്ക് വന്നത്. ആഡംബര വസ്ത്രമില്ലാതെ, വളരെ കുറച്ച് മേക്ക് അപ്പ് മാത്രം ഇട്ടാണ് ഉഷ റിപ്പബ്ലിക്കൻ വേദിയിലേക്ക് കടന്നുവന്നത്. സ്ഥിരമായി ഡിസൈനർ വസ്ത്രങ്ങൾ ധരിച്ച് മാത്രമാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളുടെ ഭാര്യമാർ ഇത്തരം വേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ ഉഷയുടെ വസ്ത്രധാരണം ഒറ്റയൊന്ന് കൊണ്ട് തന്നെ അവർ ശ്രദ്ധിക്കപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ ഉഷ വാൻസ് ആരെന്ന ചോദ്യവും നിറഞ്ഞു. ജെഡി വാൻസിൻ്റെ ഭാര്യയെന്ന ഉത്തരത്തിനൊപ്പം വേറെയും ചിലതുണ്ടായിരുന്നു. രാജ്യത്തെ മുൻനിര അഭിഭാഷക സ്ഥാപനത്തിൽ നിന്ന് രാജിവച്ച പ്രമുഖ അഭിഭാഷക, അമേരിക്കൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്‌സിൻ്റെ ക്ലർക്കായിരുന്ന അഭിഭാഷക അങ്ങനെ നിരവധി.

റിപ്പബ്ലിക്കൻ കൺവൻഷൻ വേദിയിൽ ഉഷയുടെ പ്രസംഗവും ശ്രദ്ധിക്കപ്പെട്ടു. മാതാപിതാക്കളെയും സഹോദരിയെയും കുറിച്ചാണ് അവർ പ്രസംഗത്തിൽ പറഞ്ഞത്. എന്നാൽ ഡൊണാൾഡ് ട്രംപ് തൻ്റെ ഭർത്താവിനെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഉയർത്തിയതിലുള്ള നന്ദി അവർ പ്രകാശിപ്പിച്ചില്ല. മാത്രമല്ല ട്രംപിനെ കുറിച്ചോ അദ്ദേഹത്തിൻ്റെ നയങ്ങളെ കുറിച്ചോ അവർ പ്രസംഗത്തിൽ പരാമർശിച്ചല്ല. ജോ ബൈഡന് മേൽ ട്രംപ് വ്യക്തമായ ലീഡുയർത്തിയ സമയത്ത് തീവ്ര വലതുവാദികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റുകൾ കുടിയേറ്റ വിഭാഗങ്ങളെ ഭീതിപ്പെടുത്തിയ ഘട്ടത്തിലാണ് ഉഷ റിപ്പബ്ലിക്കൻ കൺവൻഷനെ അഭിസംബോധന ചെയ്തതെന്നതും പ്രധാനം.

തൊട്ടുപിന്നാലെ 2014 വരെ ഡെമോക്രാറ്റായിരുന്ന ഉഷയുടെ രാഷ്ട്രീയം ഭർത്താവിൻ്റെ റിപ്പബ്ലിക്കൻ രാഷ്ട്രീയവുമായി ചേർന്നുപോകാനുണ്ടായ കാരണം ചോദ്യം ചെയ്യപ്പെട്ടു.ട്രംപിൻ്റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും കെണിയിലകപ്പെട്ട സാധുവെന്ന വിലയിരുത്തലും ഉയർന്നു. ആ ഘട്ടം വരെ ട്രംപിനൊപ്പമായിരുന്ന തീവ്ര വലതുപക്ഷ നിലപാടുകാർ അതോടെ റിപ്പബ്ലിക്കൻ പാർട്ടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് രംഗത്ത് വന്നു. ഇതിന് ശേഷം നൽകിയ അഭിമുഖങ്ങളിലും ഉഷ തൻ്റെ വ്യക്തിത്വവും താൻ വളർന്നുവന്ന സംസ്കാരവും മറച്ചുവെക്കാൻ തയ്യാറായില്ല. തൻ്റെ മാതാപിതാക്കൾ ഹിന്ദുക്കളാണെന്നും അതാണ് അവരെ നല്ല മാതാപിതാക്കളായി മാറ്റിയെടുത്ത ഒരു കാരണമെന്നും ഉഷ പറഞ്ഞു. ഇറച്ചിയും ഉരുളക്കിഴങ്ങും മാത്രം കഴിച്ച് ശീലിച്ച തൻ്റെ അമേരിക്കക്കാരനായ ഭർത്താവ് എങ്ങിനെയാണ് ഇന്ത്യൻ ഭക്ഷണവുമായി താദാത്മ്യപ്പെട്ടതെന്നും അവർ അഭിമുഖത്തിൽ വ്യക്തമാക്കി.

എന്നാൽ അമേരിക്കയിൽ വൈസ് പ്രസിഡൻ്റ് എന്ന നിലയിൽ ഏറെ അറിയപ്പെടുന്നയാളാണ് കമല ഹാരിസ്. ഡൊണാൾഡ് ട്രംപിൻ്റെ നേതൃത്വത്തിൽ കമലക്കെതിരെ നിരന്തരം വ്യക്തി അധിക്ഷേപമടക്കം നടന്നിട്ടുണ്ട്. ഇത് റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകരും തീവ്ര വലതുവാദികളും ഏറ്റുപിടിക്കുന്നുമുണ്ട്. കാലിഫോർണിയയിലെ കിങ് മേക്കറായി അറിയപ്പെടുന്ന വില്ലി ബ്രൗണുമായി കമല ഹാരിസിന് ബന്ധമുണ്ടെന്ന് പരസ്യമായി ഉന്നയിച്ചത് ഡൊണാൾഡ് ട്രംപായിരുന്നു. ഇതേറ്റപിടിച്ചാണ് ഇപ്പോൾ നടക്കുന്ന ആക്രമണം ഏറെയും. എന്നാൽ ബൈഡൻ്റെ പിന്മാറ്റത്തിന് പിന്നാലെ പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലാണ് കമല ഹാരിസ് കുതിച്ചുവന്നത്. ബൈഡൻ തന്നെ പിന്താങ്ങിയതിന് പിന്നാലെ ഡെമോക്രാറ്റ നേതാക്കളിൽ വലിയ വിഭാഗത്തിൻ്റെ പിന്തുണ നേടാൻ അവർക്ക് സാധിച്ചു. ബിൽ ക്ലിൻ്റണും ഹിലരി ക്ലിൻ്റണും അവർക്ക് പിന്തുണയറിയിച്ചിട്ടുണ്ട്. എന്നാൽ ബരാക് ഒബാമ ഇതുവരെ ഇതേക്കുറിച്ച് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

അമേരിക്കയിലുള്ള ഇന്ത്യൻ വംശജരെ സംബന്ധിച്ച് തങ്ങളുടെ പ്രാധാന്യം വെളിവാക്കപ്പെട്ട നിർണായക തെരഞ്ഞെടുപ്പാണിത്. എന്നാൽ രണ്ട് സ്ത്രീകളിൽ ആരാണ് നല്ലതെന്ന ചോദ്യം അപ്പോഴും ഇന്ത്യൻ സമൂഹത്തിന് മുന്നിലുണ്ട്. വൈസ് പ്രസിഡൻ്റിൻ്റെ ഭാര്യയേക്കാൾ പ്രസിഡൻ്റാകാൻ പോകുന്ന കമലയ്ക്കാണ് അപ്പോഴും മുൻതൂക്കം പ്രവചിക്കപ്പെടുന്നത്. എങ്കിലും അമേരിക്ക കറുത്ത വർഗക്കാരിയായ സ്ത്രീയെ പ്രസിഡൻ്റാക്കാൻ മാത്രം വളർന്നോയെന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്.

താൻ കരുതുന്ന കുടിയേറ്റക്കാരെയും മുസ്‌ലിങ്ങളെയും ട്രംപ് ഭയചകിതരാക്കുന്നുവെന്ന് വിമർശിച്ചയാളാണ് ജെ.ഡി വാൻസ്. എന്നാൽ വൈസ് പ്രസിഡൻ്റ് പദവിക്ക് പിന്നാലെ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു. എങ്കിലും പലരും ഇത് കുത്തിപ്പൊക്കി സമൂഹമാധ്യമങ്ങളിൽ ചർച്ചയാക്കപ്പെടുകയാണ്. ട്രംപ് വിരുദ്ധ നിലപാടെടുത്തിരുന്ന മുൻ ഡെമോക്രാറ്റ് എന്ന നിലയിൽ ഉഷയ്ക്ക് ഇന്ത്യൻ സമൂഹത്തിൽ സ്വീകാര്യത കിട്ടുമോയെന്നതും ഇപ്പോൾ ഉറ്റുനോക്കപ്പടുന്നുണ്ട്.

Story Highlights :  Kamala vs Usha: Who will win the battle for Indian-American community in US Presidential Election 2024.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here