ഹൃദയം വിങ്ങിയെന്ന് പ്രധാനമന്ത്രി പറഞ്ഞു, വയനാടിനായി വേണ്ടതെല്ലാം ചെയ്യുമെന്ന് അദ്ദേഹത്തിന്റെ ഉറപ്പുകിട്ടി: സുരേഷ് ഗോപി
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയും പരുക്കേറ്റ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരേയും സന്ദര്‍ശിച്ചപ്പോള്‍ തന്റെ ഹൃദയം വിങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വയനാടിനായി എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഉറപ്പ് കിട്ടിയെന്ന് സുരേഷ് ഗോപി പറഞ്ഞു. ആഘാതത്തിന്റെ കണക്കെടുപ്പ് നിലവില്‍ പൂര്‍ത്തിയായിട്ടില്ല. വിശദമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം അക്കാര്യങ്ങളില്‍ നടപടി സ്വീകരിക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. (suresh gopi reaction after prime minister Modi’s Wayanad visit)
കുട്ടികള്‍ക്കായുള്ള പാക്കേജ്, മനോനില വീണ്ടെടുക്കാന്‍ കൗണ്‍സിലിംഗ് ഉള്‍പ്പെടെ 10 കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇതിലെല്ലാം സമഗ്രമായ ഇടപെടല്‍ വേണം. പുനരധിവാസത്തിന് പ്രാധാന്യം നല്‍കണം. വേഗതയല്ല കൃത്യതയാണ് എല്ലാക്കാര്യത്തിലും ഉറപ്പാക്കുക. വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ തന്നെ സവിശേഷമായി വയനാട് വിഷയം പരിഗണിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.
രാവിലെ പതിനൊന്നേ അഞ്ചിന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ഇറങ്ങിയത്. അവിടെനിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ വയനാട്ടിലെത്തിയ അദ്ദേഹം ഉരുള്‍പൊട്ടല്‍ സര്‍വ്വനാശം വിതച്ച മുണ്ടക്കൈ , ചൂരല്‍മല , അട്ടമല , പുഞ്ചിരി മട്ടം പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി സുരേഷ് ഗോപി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ശേഷം കല്‍പ്പറ്റയിലെ പ്രത്യേക ഹെലിപാഡില്‍ വന്നിറങ്ങി.
അവിടെ നിന്നും റോഡ് മാര്‍ഗ്ഗം ദുരന്തബാധിത പ്രദേശങ്ങളില്‍ എത്തിയ നരേന്ദ്രമോദി ബെയിലി പാലത്തിലൂടെ നടന്നു. ഉന്നത ഉദ്യോഗസ്ഥര്‍ ഉരുള്‍പൊട്ടലിന്റെ തീവ്രതയും വിശദവിവരങ്ങളും അദ്ദേഹത്തെ ധരിപ്പിച്ചു. തുടര്‍ന്ന് ദുരിതബാധിതരുള്ള സെന്റ് ജോസഫ് ക്യാമ്പിലും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലും എത്തി. ആശുപത്രിയിലെത്തിയ അദ്ദേഹം ഉരുള്‍പൊട്ടലില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ട അരുണ്‍ ഉള്‍പ്പെടെ ആറുപേരെ കണ്ട് ആശ്വസിപ്പിച്ചു. ശേഷം കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിലും പങ്കെടുത്ത് നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടില്‍ നിന്ന് ഡല്‍ഹിയ്ക്ക് മടങ്ങിയത്.
Story Highlights : suresh gopi reaction after prime minister Modi’s Wayanad visit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here