ഗുജറാത്തിൽ 4 ഫാനും ടിവിയും ഫ്രിഡ്ജും മാത്രമുള്ള വീട്ടില്‍ കറന്റ് ബില്‍ 20 ലക്ഷം

ഗുജറാത്തിലെ നവസാരിയിൽ ഒരു കുടുംബത്തിന് ലഭിച്ചത് 20 ലക്ഷം രൂപയുടെ വൈദ്യുതി ബിൽ. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പെട്രോള്‍ പമ്പ് ജീവനക്കാരിയായ പങ്കിത്‌ബെന്‍ പട്ടേലിനാണ് 2024 ജൂണ്‍ – ജൂലായ് മാസത്തിലെ കറന്റ് ബില്‍ സൗത്ത് ഗുജറാത്ത് പവര്‍ കമ്പനി നല്‍കിയത്. 20,01,902 രൂപയാണ് ബില്ലിലുള്ളത്.
രണ്ടുമാസം കൂടുമ്പോള്‍ 2000 – 2500 രൂപ വരെ ബില്‍ ലഭിച്ചുകൊണ്ടിരുന്ന നാലംഗ കുടുംബത്തിനാണ് അപ്രതീക്ഷിതമായി 20 ലക്ഷത്തിന്റെ ബില്‍ ലഭിച്ചിരിക്കുന്നത്. നാല് ബള്‍ബുകള്‍, നാല് ഫാനുകള്‍, ഒരു ഫ്രിഡ്ജ്, ഒരു ടിവി ഇത്രയും വൈദ്യുത ഉപകരണം മാത്രമാണ് വീട്ടിലുള്ളതെന്ന് പട്ടേല്‍ പറയുന്നു. വീട്ടിലുള്ള മൂന്നു പേരും എല്ലാ ദിവസവും പുറത്ത് ജോലിക്ക് പോകുന്നവരുമാണ്.
എല്ലാ തവണയും കൃത്യമായി ബില്‍ അടയ്ക്കുന്നവരാണ് തങ്ങളെന്നും അവര്‍ പറയുന്നു. സംഭവം ഗുജറാത്ത് ഇലക്ട്രിസിറ്റി ബോര്‍ഡിനെ അറിയിച്ചതിന് പിന്നാലെ ഒരു പരാതി നല്‍കാനാണ് ഇവരോട് നിര്‍ദേശിച്ചത്. പിന്നീട് ഉദ്യോഗസ്ഥന്‍ വിശദമായി പരിശോധിച്ചപ്പോള്‍ മീറ്റര്‍ റീഡിംഗില്‍ വന്ന പിശകാണെന്ന് വ്യക്തമായി. ഒരു മണിക്കൂറിനുള്ളില്‍ ബില്‍ മാറ്റി നല്‍കിയത് വലിയ ആശ്വാസമാണ് കുടുംബത്തിന് നല്‍കിയത്.
Story Highlights : Gujarat family 20 lakh electricity bill for using fridge, TV, 4 fans
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here