‘അമ്മ’ ഓഫീസിന് മുന്നിൽ റീത്ത്; ലോ കോളജ് വിദ്യാർത്ഥികളുടെ പ്രതിഷേധം
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ താരങ്ങൾക്കെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങളിൽ എറണാകുളം ലോ കളജ് വിദ്യാർത്ഥികളുടെ പ്രതിഷേധം. താര സംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വച്ചായിരുന്നു പ്രതിഷേധം. ഹെൽമറ്റ് വെച്ചെത്തിയ നാല് വിദ്യാർത്ഥികളാണ് ബൈക്കുകളിലെത്തി റീത്ത് വെച്ച് പ്രതിഷേധിച്ചത്.
‘അച്ഛനില്ലാത്ത അമ്മയ്ക്ക്’ എന്നാണ് റീത്തിൽ എഴുതിയിരിക്കുന്നത്. ലോ കോളജ് വിദ്യാർത്ഥികളുടെ യൂണിയന്റെ റീത്താണ് പ്രതിഷേധ സൂചകമായി അമ്മയുടെ ഓഫീസിന് മുന്നിൽ വെച്ചിരിക്കുന്നത്. നിലവിലെ പ്രശ്നങ്ങളിൽ അമ്മയുടെ ഓഫീസിന് തീ കത്തുമ്പോൾ പുറത്തേക്ക് ഇറങ്ങിയോടുന്ന അംഗങ്ങളുടെ കാർട്ടൂണും റീത്തിനൊപ്പം വെച്ചിട്ടുണ്ട്.
ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ കഴിഞ്ഞ നാലു ദിവസമായി അമ്മയുടെ ഓഫീസ് അടഞ്ഞുകിടക്കുകയായിരുന്നു ഇതിനിടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. ‘അമ്മ’ സംഘടനയുടെ 17 അംഗ എക്സിക്യൂട്ടീവ് നാളെ കൊച്ചിയിൽ യോഗം ചേരുന്നുണ്ട്. ജനറൽ സെക്രട്ടറിയുടെ ചുമതല താൽക്കാലികമായി ജോയിന്റ് സെക്രട്ടറി ബാബുരാജാണ് നിർവഹിക്കുന്നത്. രേവതി സമ്പത്തിന്റെ ആരോപണത്തിന് പിന്നാലെ സിദ്ദിഖിന് താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു.
Story Highlights : Protest in front of AMMA office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here