Advertisement

‘പരാതികാരിയെ അറിയില്ല: നിയമത്തിൻ്റെ എല്ലാ വഴികളും സ്വീകരിക്കും; അന്വേഷണം നേരിടും’; നിവിൻ പോളി

September 3, 2024
Google News 2 minutes Read

തനിക്കെതിരെ ഉയർ പീഡന ആരോപണം തള്ളി നടൻ നിവിൻ പോളി. പരാതിക്കാരിയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും നിവിൻ പോളി മാധ്യമങ്ങളോട് പറഞ്ഞു. അറിഞ്ഞ് സമയത്ത് തന്നെ നിഷേധിച്ചെന്ന് താരം വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണമാണ് തനിക്കെതിരെ ഉയർന്നതെന്ന് നിവിൻ പോളി പറഞ്ഞു. ഇത്തരം ആരോപണങ്ങൾ നേരിടുന്നത് ആദ്യമാണെന്നും നിയമത്തിൻ്റെ എല്ലാ വഴികളും സ്വീകരിക്കുമെന്നും നിവിൻ പോളി വാർത്താ സമ്മേളനത്തിൽ‌ വ്യക്തമാക്കി.

സിനിമയിൽ ഒരുപാട് ആരോപണങ്ങൾ വരുന്നുണ്ടെന്നും ആരെങ്കിലും പ്രതികരിച്ച് തുടങ്ങേണ്ടത് അനിവാര്യമാണെന്നും നിവിൻ പോളി പറഞ്ഞു. ശാസ്ത്രീയമായ എല്ലാ പഴുതടച്ച അന്വേഷണം നേരിടുമെന്ന് നടൻ വ്യക്തമാക്കി. ഒരു മാസം മുമ്പ് പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചിരുന്നതായി നിവിൻ പറയുന്നു. ഇങ്ങനെ ഒരു പെൺകുട്ടിയെ അറിയില്ലെന്ന് മറുപടി നൽകിയിരുന്നതായും നിവിൻ പോളി വ്യക്തമാക്കി. അന്ന് ആരോപണം ഉന്നയിച്ചപ്പോൾ തന്നെ നിഷേധിച്ചിരുന്നുവെന്ന് നിവി‍ൻ പറഞ്ഞു.

ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് നിവിൻ പോളി പറഞ്ഞു. പ്രതികളിൽ ഒരാളെ അറിയാം. അദ്ദേഹവുമായി അടുത്ത ബന്ധമില്ല, സാമ്പത്തിക സംബന്ധമായ കാര്യങ്ങൾ മാത്രമേ ഉള്ളൂവെന്ന് താരം വ്യക്തമാക്കി. ഒന്നാം പ്രതിയെ പറ്റി വിവരം ഇല്ലെന്നും ഈ സ്ത്രീയുടെ കാര്യങ്ങൾ ഒന്നുമറിയില്ലെന്നും നിവിൻ പറഞ്ഞു. കേസിലെ രണ്ടാം പ്രതിയായ നിർമാതാവ് എകെ സുനിലിനെ ​ദുബായിൽ വെച്ച് കണ്ടിരുന്നു. പിന്നെ കണ്ടിട്ടില്ലെന്ന് നിവിൻ പറയുന്നു.

Read Also: ‘ആരോ​പണം വ്യാജം; സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകും’: നിവിൻ പോളി

ആരോപണം വ്യാജമെന്ന് തെളിയിക്കണം. ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങളെ തടയേണ്ടതുണ്ട്. ആരോപണങ്ങൾ കുടുംബത്തെ ബാധിക്കുന്നു. അതാണ് ഏറ്റവും വലിയ പ്രശ്നം. വ്യാജമായ ആരോപണം ഉന്നയിച്ചതിന് പരാതി നൽകും. ഒറ്റക്ക് പോരാടാനാണ് തീരുമാനമെന്ന് നിവിൻ പോളി വ്യക്തമാക്കി. ഞാനെങ്ങും പോകില്ല ഇവിടെ തന്നെ കാണും. സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ മാധ്യമങ്ങളും മുന്നോട്ടുവരണമെന്ന് നിവിൻ പോളി പറഞ്ഞു.

Story Highlights : Nivin Pauly has denied the allegations of sexual harassment against him

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here