പി.വി അൻവർ ഉയർത്തിയ ആരോപണം: സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ CPIM
പി.വി അൻവർ ഉയർത്തിയ ആരോപണത്തിൽ സിപിഐഎമ്മിൽ ഗൗരവമായ ചർച്ച നടക്കും. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം പ്രത്യേകമായി പരിഗണിക്കും. ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയായതിനാൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാനാണ് പാർട്ടിയുടെ തീരുമാനം.
പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ കൂടി ആരംഭിച്ച പശ്ചാത്തലത്തിൽ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കുമെങ്കിലും, സ്വന്തം വകുപ്പിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് ആവുന്നില്ല എന്ന വിമർശനം പാർട്ടിയിൽ ഉണ്ടാകും. ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കണ്ട ശേഷം പി.വി അൻവർ വീണ്ടും നിലപാട് കടുപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയുള്ള പരാതികളിലും സിപിഐഎം ചർച്ച നടത്തും.
പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങൾക്കിടെ സിപിഐ നിർവാഹക സമിതി യോഗം ഇന്ന് ചേരും. ആഭ്യന്തര വകുപ്പിന് എതിരായ ആരോപണങ്ങളിൽ അംഗങ്ങൾ എതിർപ്പ് അറിയിക്കാനാണ് സാധ്യത. അതേസമയം അൻവറിന്റെ ആരോപണങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. നാളെ കെപിസിസി ആഹ്വാനം ചെയ്ത സെക്രട്ടറിയേറ്റ് മാർച്ച് ശക്തി പ്രകടനമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
Story Highlights : Serious discussion will be held in CPIM on PV Anvar allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here